ഷെയിന്‍ നിഗം നായകനായി അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ 'വെയില്' (Veyil) എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) നല്കിയ അഭിമുഖം (interview) സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തില്‍ പങ്കെടുത്തതെന്ന രീതിയില്‍ നിരവധി ട്രോളുകളും പ്രചരിച്ചു. എന്നാല്‍ കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തില്‍ ഷൈന്‍ ക്ഷീണിതനായിരുന്നതിനു കാരണമെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി (Muneer Muhammadunni).
തല്ലുമാല, ഫെയര്‍ ആന്‍ഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലില്‍ എത്തിയതിന് പിന്നാലെ തന്നെ വെയില് സിനിമയുടെ പ്രൊമോഷന് വേണ്ടി ഷൈന്‍ അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് താരം അവശനായതെന്നും മുനീര്‍ പറയുന്നു.
മുനീര്‍ മുഹമ്മദുണ്ണിയുടെ വാക്കുകള്‍:
ട്രോളുകള്‍, ഷൈനിന്റെ ഇന്റര്‍വ്യു - സത്യം എന്താണ് ? തല്ലുമാല, ഫെയര്‍ ആന്‍ഡ് ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈന്‍ ടോം ചാക്കോയുടെ കാലിന് പരിക്ക് പറ്റി. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സെഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് 'വെയില്' സിനിമയ്ക്കു വേണ്ടി ഇന്റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അവിടെ ഒരു അഭിമുഖത്തിനു പകരം 16 അഭിമുഖങ്ങള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സെഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയായിരുന്നു. പിന്നാലെ മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് അഭിമുഖത്തില്‍ പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഷൈന്‍ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.