ന്യൂഡൽഹി: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി (Bappi Lahiri) അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ ക്രിട്ടി കെയർ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.
ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാഹിരിയെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച്ചയോടെ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ക്രിട്ടി കെയർ ആശുപത്രി ഡയറക്ടർ ഡോ. ദീപക് നാംജോഷിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (obstructive sleep apnea)യെ തുടർന്നാണ് മരണമെന്നും ഡോക്ടർ അറിയിച്ചു.
എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയിൽ ഡിസ്കോ ഗാനങ്ങൾ ജനകീയമാക്കിയ വ്യക്തിയാണ് ബപ്പി ലാഹിരി. ബിഗ് ബോസ് സീസൺ 15 ൽ സൽമാൻ ഖാനൊപ്പമാണ് ലാഹിരി അവസാനമായി വേദി പങ്കിട്ടത്.
Also Read-
Sandhya Mukherjee | പ്രശസ്തി ബംഗാളി ഗായിക സന്ധ്യ മുഖർജി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ ഗായിക
1952 നവംബർ 27നാണ് ബപ്പി ലാഹിരിയുടെ ജനനം. അലോകേഷ് ലാഹിരി എന്നാണ് യഥാർത്ത പേര്. ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്റെ ഉപയോഗം അദ്ദേഹം ജനപ്രിയമാക്കുകയും സ്വന്തം രചനകളിൽ ചിലത് ആലപിക്കുകയും ചെയ്തു.
അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അദ്ദേഹം വലിയ ബോക്സോഫീസ് വിജയങ്ങൾ നേടിയിട്ടുണ്ട്. വാർദത്ത്, ഡിസ്കോ ഡാൻസർ, നമക് ഹലാൽ, ഷറാബി. ഡാൻസ് ഡാൻസ്, കമാൻഡോ, സാഹേബ്, ഗാംഗ് ലീഡർ, സൈലാബ് തുടങ്ങിയ ചലച്ചിത്ര സൗണ്ട് ട്രാക്കുകളിലൂടെ 1980-കളിലും 1990-കളിലും അദ്ദേഹം ജനപ്രിയനായിരുന്നു.
2014-ൽ ലാഹിരി ബി.ജെ.പിയിൽ ചേർന്നു. 2014-ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ശ്രീരാംപൂരിൽ (ലോക്സഭാ മണ്ഡലം) ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.