• HOME
  • »
  • NEWS
  • »
  • film
  • »
  • 'പുളിയിലക്കരയോലും പുടവ ചുറ്റി'യ സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു

'പുളിയിലക്കരയോലും പുടവ ചുറ്റി'യ സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു

ജാതകം, ആർദ്രം തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിരുന്നു

  • Last Updated :
  • Share this:
    ചലച്ചിത്ര സംഗീതസംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ 5:15 ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗർ സൗപർണികയിൽ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരൻ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ ജയമണി. മക്കൾ ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ Adv. സുധീഷ്, മീര. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്. സംസ്‍കാരം  ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

    ജാതകം (1989)എന്ന സിനിമയിലെ 'പുളിയിലക്കരയോലും പുടവ ചുറ്റി' എന്ന ഗാനവും സ്വാമി അയ്യപ്പൻ സീരിയലിന്റ അവതരണഗാനവും പ്രശസ്തമാണ്.

    ചെറുപ്പകാലം മുതൽ സംഗീതം അഭ്യസിക്കുകയും സ്ഥിരമായി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന സോമശേഖരൻ, ഗായകനാകുക എന്ന ആഗ്രഹത്തിൽ 1982 ൽ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. ഗായകനാവാനായി മദ്രാസിൽ പോയി ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹം മടങ്ങിയെത്തി പ്രൊഫഷണൽ നാടകങ്ങളിൽ സംഗീതം നൽകാനും പാടാനും തുടങ്ങി.

    ആകാശവാണിയിൽ നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്. വെളിയം ചന്ദ്രൻ സംവിധാനം ചെയ്ത 'ഉർവശി' എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണു സംഗീത സംവിധായകനാകാനുള്ള അവസമുണ്ടായത്. കോന്നിയൂർ ഭാസ് രചിച്ച് യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്. രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണൻ എഴുതി, എസ് ജാനകിയും സോമശേഖരനും ചേർന്നു പാടി.

    നീണ്ട ഇടവേളക്ക് ശേഷം ജാതകം എന്ന ചിത്രത്തിനു സംഗീതം നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനായിരുന്ന അദ്ദേഹം, ഒമാനിൽ പോകാനുള്ള അവസരം ലഭിച്ചപ്പോൾ അവിടേക്കു പോയി. അത് സംഗീത ജീവിതത്തിൽ നീണ്ട ഇടവേളകൾ സൃഷ്ടിച്ചു. അവധിക്കെത്തിയ സമയങ്ങളിലാണ് ജാതകം, ആർദ്രം തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയത്.

    കിരീടം എന്ന ചിത്രത്തിന് സംഗീതം ചെയ്യാൻ ആദ്യം നിശ്ചയിച്ചത് സോമശേഖരനെ ആയിരുന്നു. എന്നാൽ ഗൾഫിലെ ജോലിയും അവധിയും പ്രശ്നമായപ്പോൾ ആ അവസരം നഷ്ടപ്പെട്ടു. ഗൾഫിലെ ജോലി പിന്നീടങ്ങോട്ടുള്ള പല അവസരങ്ങളും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി.

    ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശേഷം മിനി സ്ക്രീൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 50 ഓളം സീരിയലുകൾക്ക് സംഗീതം നൽകി. ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40 ഓളം ആൽബങ്ങളും അദ്ദേഹം ചെയ്തു. നീണ്ട ഒരു ഇടവേളക്കു ശേഷം 'അയാൾ' എന്ന ചിത്രത്തിനു സംഗീതം നൽകി രണ്ടാമതൊരു തിരിച്ചു വരവു കൂടെ നടത്തി. ഈ അഭയതീരം, മി.പവനായി 99.99, ബ്രഹ്മാസ്ത്രം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. ഭാര്യ: ജയമണി, മക്കൾ: ജയശേഖർ, ജയശ്രീ, ജയദേവ്. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്.
    Published by:user_57
    First published: