കൊച്ചി: വി കെ പ്രകാശ് (VK Prakash) സംവിധാനം ചെയ്ത് നവ്യ നായർ (Navya Nair) പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ (Oruthee) സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവ്യയുടെ ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. ഇതിനിടെയാണ് സിനിമ കണ്ടശേഷം സംഗീത സംവിധായകൻ രതീഷ് വേഗ തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലേഡി സൂപ്പർസ്റ്റാർ എന്ന് ശരിക്കും വിളിക്കാൻ തോന്നുന്ന അഭിനയ മുഹൂർത്തങ്ങളാണ് നവ്യ ചിത്രത്തിൽ കോറിയിടുന്നതെന്നാണ് രതീഷ് വേഗ (Ratheesh Vega) അഭിപ്രായപ്പെടുന്നത്.
രതീഷ് വേഗയുടെ കുറിപ്പ് ഇങ്ങനെ- ഒരുത്തീ എന്ന ചിത്രം കണ്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയറക്ടർ എന്റെ പ്രിയ ഗുരുനാഥൻ കൂടിയായ വികെപി സാറിന്റെ ചിത്രം എന്നത് തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ആദ്യഘടകം. സാധാരണകാരുടെ ജീവിതത്തിലെ നേർക്കാഴ്ചയാണ് ഒരുത്തി. നന്ദനത്തിലെ ബാലാമണിയിൽ നിന്നും ഒരുത്തിയിലെ രാധാമണിയിലേക്ക് എത്തുന്ന നവ്യ. ഒരിക്കലും നവ്യയെ ചിത്രത്തിൽ കണ്ടില്ല; നമ്മുടെ ഇടയിൽ കാണുന്ന ജീവിതപ്രാരാബ്ധങ്ങളാൽ നെട്ടോട്ടമോടുന്ന രാധാമണിയായി നവ്യ ജീവിക്കുന്ന അനുഭവം.
രാധാമണിയുടെ ആത്മസംഘർഷങ്ങളിലൂടെ നമ്മളും യാത്രചെയ്യുന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന് ശരിക്കും വിളിക്കാൻ തോന്നുന്ന അഭിനയ മുഹൂർത്തം കോറിയിടുന്നു നവ്യ.
പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കിൽ വികെപി സർ അത് കൺസീവ് ചെയ്യുന്നതിൽ അൾട്ടിമേറ്റ് ആണ് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്. ഇവിടെ ഒരുത്തിയുടെ കൂടെ നമ്മുടെ മനസ്സിനെയും യാത്ര ചെയ്യിക്കുന്നുണ്ട് വികെപി.
എടുത്തു പറയേണ്ട മറ്റൊരു കാര്യം വിനായകന്റെ പോലീസ് വേഷം. ഇപ്പോഴും വേണ്ടപോലെ ഉപയോഗിക്കപ്പെടാത്ത ചട്ടക്കൂടുകൾക്ക് ഉള്ളിൽ മാത്രം നിർത്തിപോന്ന കലാകാരൻ ആണ് വിനായകൻ എന്ന് ഒരുത്തി കണ്ടപ്പോൾ തോന്നി. പക്വതയുള്ള സത്യസന്ധനായ പോലീസ് കഥാപാത്രം എത്രമാത്രം അച്ചടക്കത്തോടെ ആണ് വിനായകൻ ചെയ്തിരിക്കുന്നത്. അങ്ങനെ ഒരു Challenge എടുത്തതിന് VKP സാറിന് ആണ് ആദ്യ കൈയ്യടി. വിനായകൻ ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ തിളങ്ങട്ടെ. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കള്ളിമുണ്ട് കഥാപാത്രങ്ങൾക്ക് അപ്പുറം ഇനിയും എത്രയോ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേത്തിന് കഴിയും.
ശിക്കാറിനുശേഷം സുരേഷ് ബാബു ചേട്ടന്റെ ഹൃദയം തൊടുന്ന തിരക്കഥയും സംഭാഷണവും. ഒരുത്തി സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.