• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'മലർകളെ' പാടാൻ സ്മ്യൂളിൽ കയറി, തിരിച്ചിറങ്ങിയത് 'വെള്ളൈ പൂവേ' പാടി

24 മണിക്കൂറിനുള്ളിൽ അഞ്ചുലക്ഷം കാഴ്ചക്കാരുമായി ഒരു ഹ്രസ്വചിത്രം, 'ഹായ് ഹലോ കാതൽ'

Joys Joy | news18
Updated: October 3, 2019, 11:35 AM IST
'മലർകളെ' പാടാൻ സ്മ്യൂളിൽ കയറി, തിരിച്ചിറങ്ങിയത് 'വെള്ളൈ പൂവേ' പാടി
സർജാനോയ്ക്കും ഗൌരിക്കുമൊപ്പം വിനായക്
 • News18
 • Last Updated: October 3, 2019, 11:35 AM IST IST
 • Share this:
"വെള്ളൈ പൂവേ, വെള്ളൈ പൂവേ കാതൽ വന്തതാ..." കേൾക്കുമ്പോൾ പെട്ടെന്ന് തൊണ്ണൂറുകളിലെ സൂപ്പർഹിറ്റ് തമിഴ് മെലഡിയാണോ ഇതെന്ന് തോന്നും. എന്നാലല്ല, 'ഹായ് ഹലോ കാതൽ' എന്ന ഷോർട് ഫിലിമിലെ ഗാനമാണ്. ഷോർട് ഫിലിമിൽ പാട്ടോ എന്ന് ചോദിച്ച് മൂക്കത്ത് വിരൽ വെക്കാൻ വരട്ടെ. ഈ ഒരൊറ്റ പാട്ടിൽ 26 മിനിറ്റും 22 സെക്കൻഡും ഒരു സ്വർണനൂലിലെന്ന പോലെ കോർത്തെടുത്താണ് അണിയറപ്രവർത്തകർ കാഴ്ചക്കാർക്ക് മുമ്പിൽ വെയ്ക്കുന്നത്.

വിനായക് ശശികുമാറെന്ന ഗാനരചയിതാവ് മലയാളികൾക്ക് സുപരിചിതനാണ്. 'തനിയെ മിഴികൾ' മുതൽ 'ആരാധികേ' വരെ മലയാളി നെഞ്ചേറ്റിയ നിരവധി ഗാനങ്ങളുടെ രചയിതാവാണ് വിനായക്. എന്നാൽ, പാട്ടെഴുത്തിൽ മാത്രമല്ല സംവിധാനത്തിലുമുണ്ട് വിനായകിന് നല്ല പിടി. ആദ്യ സംവിധാനസംരംഭമായ മ്യൂസിക്കൽ ഷോർട് ഫിലിം 'ഹായ് ഹലോ കാതൽ' അത് അടിവരയിട്ട് വ്യക്തമാക്കുന്നു. ചെന്നൈ ലൊയോള കോളേജിന്‍റെ മണ്ണിൽ വെച്ച് പരിചയപ്പെട്ട കൂട്ടുകാരൻ വിഷ്ണു ശ്യാം വിനായകിന്‍റെ മനസിലുള്ളത് സംഗീതത്തിലേക്ക് പകർന്നതോടെ ഇമ്പമേറിയ ഒന്നായി മാറി 'ഹായ് ഹലോ കാതൽ'.

ഒക്ടോബർ ഒന്നാം തിയതി വൈകുന്നേരം ആറുമണിക്കാണ് ഷോർട് ഫിലിം യുട്യൂബിൽ റിലീസ് ചെയ്തത്. എന്നാൽ, റിലീസ് ചെയ്ത് 24 മണിക്കൂർ കഴിയുമ്പോഴേക്കും 'ഹായ് ഹലോ കാതൽ' കണ്ടവർ അഞ്ചുലക്ഷത്തിനു മുകളിലാണ്. 2000ത്തിനു മുകളിൽ ആളുകളാണ് യുട്യൂബിൽ കമന്‍റ് രേഖപ്പെടുത്തിയത്. വരികളും കഥയും സംവിധാനവും വിനായക് മനോഹരമാക്കിയപ്പോൾ സംഗീതം വിഷ്ണുവിന്‍റെ കൈകളിൽ ഭദ്രമായിരുന്നു.വെള്ളൈ പൂവേ...വെള്ളൈ പൂവേ... പാട്ടു പിറന്ന വഴി

വിനായക് ശശികുമാർ: മലർകളെ എന്ന എ.ആർ റഹ്മാൻ പാട്ട് പാടാൻ ഒരിക്കൽ സ്മ്യൂളിൽ കയറി. അന്ന് തോന്നിയ ഐഡിയയാണ് ഇത്. ഷോർട് ഫിലിമിലും ആദ്യം മലർകളെ എന്ന ഗാനമായിരുന്നു തീരുമാനിച്ചത്. വിഷ്ണുവിനോട് അത് പറയുകയും ചെയ്തു. എന്നാൽ, വിഷ്ണുവാണ് പുതിയൊരു പാട്ട് വെച്ച് ചെയ്യാമെന്ന സജഷൻ മുന്നോട്ടു വെച്ചത്. അങ്ങനെയാണ് തൊണ്ണൂറുകളിലോ രണ്ടായിരത്തിലോ ഇറങ്ങിയതെന്ന് തോന്നുന്ന വിധത്തിലുള്ള ഒരു തമിഴ് മെലഡി സോംഗ് എന്ന ആശയത്തിലേക്ക് എത്തുന്നത്. ആ ഒരു ഫീലിൽ പുതിയ ഒരു പാട്ട് ചെയ്യാൻ വിഷ്ണുവിനോട് പറയുകയായിരുന്നു.സർജനോയും ഗൌരിയും

വിനായക് ശശികുമാർ: ജൂൺ സിനിമയിൽ ഞാനും വർക് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് സർജാനോയുമായുള്ള പരിചയം. ഗൌരിയെ നേരത്തെ പരിചയമുണ്ടായിരുന്നില്ല. കഥ പറഞ്ഞപ്പോൾ ചെയ്യാമെന്ന് പറയുകയായിരുന്നു. നന്നായി പെർഫോം ചെയ്യുന്ന രണ്ടു പേരായിരുന്നു അവർ. അതുകൊണ്ടു തന്നെ എനിക്കധികം മെനക്കെടേണ്ടി വന്നിട്ടില്ല. കൊച്ചി കാക്കനാട്, എളമക്കര ഭാഗങ്ങളിൽ ആയിരുന്നു ഷൂട്ട്.

അണിയറയിലെ സൌഹൃദം

വിനായക് ശശികുമാർ: അണിയറയിലെ എല്ലാവരും സുഹൃത്തുക്കളാണ്. ബൽറാം അയ്യർ, ശ്രുതി ശശിധരൻ എന്നിവരാണ് പാടിയത്. വിദ്യാസാഗർ സാറിന്‍റെയും എ ആർ റഹ്മാൻ സാറിന്‍റെയും ഒരുപാട് പാട്ടുകൾ പാടിയിട്ടുള്ള ആളാണ് ബൽറാം സാർ. ഒരു ഷോർട് ഫിലിമിനു വേണ്ടി ആദ്യമായിട്ടാണ് അദ്ദേഹം പാടുന്നത്. സുഹൃത്ത് കൃഷ്ണദത്ത് ആയിരുന്നു ക്യാമറ ചെയ്തത്. ഫിലിം ഇൻഡസ്ട്രിയിൽ വലിയ അനുഭവസമ്പത്തൊന്നും ഇല്ലാത്ത എന്നാൽ, സിനിമയിൽ കയറണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ പോർട്ട്ഫോളിയോ ആയി ഇത് മാറണമെന്ന് ആഗ്രഹിച്ച് ചെയ്തതാണ്.സംഗീതസംവിധായകൻ വിദ്യാസാഗറിനൊപ്പം വിഷ്ണു

ആദ്യമായിട്ട് ചെയ്ത പാട്ട്

വിഷ്ണു ശ്യാം: പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിൽ വലിയ സന്തോഷമുണ്ട്. ഈ പാട്ടൊന്ന് കേൾക്കൂ എന്ന് പറഞ്ഞ് ആർക്കും അയച്ചു കൊടുക്കേണ്ട അവസ്ഥ വന്നില്ല. പാട്ടു കേട്ടവർ ഇങ്ങോട്ട് വിളിക്കുകയും മെസേജ് അയയ്ക്കുകയുമാണ്. ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്.
അതിൽ വലിയ സന്തോഷമുണ്ട്.

ഗുരുനാഥൻ ശിഷ്യന്‍റെ പാട്ട് കേട്ടോ

വിഷ്ണു ശ്യാം: ഇല്ല, വിദ്യാസാഗർ സാറിനെ ഇതുവരെ കേൾപ്പിച്ചില്ല. സാറ് ചെന്നൈയിലാണ്. വിനായകും കൂടി ചെന്നൈയിൽ വരുന്ന സമയത്ത് സാറിനെ ഒരുമിച്ച് ചെന്ന് കണ്ട് പാട്ട് കേൾപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

പുതിയ പടങ്ങൾ

വിഷ്ണു ശ്യാം: പുറത്തു പറയാൻ വിധത്തിൽ ഒന്നുമായിട്ടില്ല. നോൺസെൻസ് സിനിമയുടെ ബാക്ക് ഗ്രൌണ്ട് സ്കോറാണ് സിനിമയിൽ ഇതിനുമുമ്പ് ചെയ്ത മ്യൂസിക്. അതിനു ശേഷം പാട്ടായി വന്നത് ഇത് മാത്രമാണ്.

വെള്ളൈപൂവേ പിറന്നത്

വിഷ്ണു ശ്യാം: ആദ്യം ഒരു പാട്ട് മ്യൂസിക് ചെയ്തിരുന്നു, അത് വിനായകന് ഇഷ്ടപ്പെട്ടില്ല. അതിനു ശേഷമാണ് വെള്ളൈ പൂവേ ചെയ്തത്. പാട്ട് കേൾക്കുമ്പോൾ തന്നെ ഈ പാട്ട് നേരത്തെയുള്ള ഒരു പാട്ടായി തോന്നണമെന്ന് പറഞ്ഞിരുന്നു. തൊണ്ണൂറുകളിലെ ഒരു ഫീൽ വരണമെന്നും കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഇഷ്ടപ്പെടണമെന്നും പറഞ്ഞിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ഈ പാട്ട് ഓക്കേയായത്.

വിഷ്ണു സംഗീതം നൽകി വിനായക് എഴുതി ഇതുവരെ പൂർത്തിയായത് നൂറിലധികം പാട്ടുകളാണ്. എന്നാൽ, ഇതിൽ ഒരു പാട്ടു പോലും ഇതുവരെ റിലീസ് ചെയ്തില്ല. ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞപ്പോൾ വിനായക് കൂട്ടുകാരനോട് ആവശ്യപ്പെട്ടതും ഒരു പുതിയ പാട്ടായിരുന്നു. അതിന്‍റെ ചെറിയ സമ്മർദ്ദം ഉണ്ടായിരുന്നെന്ന് വിഷ്ണു ചെറുചിരിയോടെ സമ്മതിച്ചു. കാരണം, ഇതിനു മുമ്പ് ചെയ്തു തീർത്ത നൂറു പാട്ടുകളും സന്തോഷത്തിനു വേണ്ടി മാത്രം ചെയ്തതായിരുന്നു. എന്നാൽ, ഈ പാട്ടുകൾ എന്തായാലും ഒരിക്കൽ റിലീസ് ചെയ്യുമെന്നും വിഷ്ണു പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍