ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിൽ വിമർശനവുമായി ലിനു ലാൽ എന്ന സംഗീതജ്ഞന്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്ന് ലിനു ചോദിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്ന് ലിനു ചോദിക്കുന്നു. പുതിയൊരു പാട്ട് കംമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പാടിപ്പിക്കാമെന്നവച്ചാൽ അത് സാധിക്കില്ലെന്നും ഒരാഴ്ചയോ ഒരു മാസമോ പഠിച്ചിട്ടുവരാൻ പറഞ്ഞാൽ സാധാരണ ഒരു ഗാനം പാടാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഫേസ്ബുക്ക് വീഡിയോയിൽ ലിനു പറയുന്നു.
ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ലിനു പറയുന്നു. അതേസമയം ലിനുവിന്‍റെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തി.
ഗായികമാരായ സിതാര കൃഷ്ണകുമാറും സുജാതയും നഞ്ചിയമ്മയെ അഭിനന്ദിച്ച് രംഗത്ത് വന്നു. ‘ഈ അവാര്‍ഡ് ഒരു തെളിച്ചമാണ്! പാട്ട്…അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത് നെഞ്ചില്‍ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും’ സിതാര ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതില്‍ . അതിയായ സന്തോഷം എന്നാണ് സുജാത ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.