• HOME
  • »
  • NEWS
  • »
  • film
  • »
  • 'KSFDC സിനിമയുടെ റിലീസ് വൈകിപ്പിക്കുന്നു'; 'ഡിവോഴ്സ്' സിനിമയുടെ സംവിധായിക

'KSFDC സിനിമയുടെ റിലീസ് വൈകിപ്പിക്കുന്നു'; 'ഡിവോഴ്സ്' സിനിമയുടെ സംവിധായിക

നിഷിദ്ധോ എന്ന ചിത്രത്തിന് മുൻപ് തന്നെ തന്റെ ചിത്രം പൂർത്തിയായിരുന്നുവെന്ന് സംവിധായിക

  • Share this:
കേരള സംസ്ഥാന ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷന്റെ (KSFDC) ‘വനിതാ സംവിധായകരുടെ സിനിമ’ എന്ന പദ്ധതിക്കെതിരെ വിമർശനം. പദ്ധതിയുടെ ഭാഗമായി സിനിമ സംവിധാനം ചെയ്ത ചലച്ചിത്ര സംവിധായിക തന്നെയാണ് ഇപ്പോൾ വിമർശവനുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ സംവിധാനം ചെയ്ത സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കുന്നത് കെഎസ്എഫ്ഡിസി മനപൂർവം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. സംവിധായിക മിനി ഐജിയാണ് കെഎസ്എഫ്ഡിസിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വനിതാ സംവിധായകരുടെ സിനിമാ പദ്ധതിയുടെ കീഴിൽ 'ഡിവോഴ്സ്' എന്ന സിനിമയാണ് മിനി സംവിധാനം ചെയ്തത്.

നിഷിദ്ധോ എന്ന ചിത്രത്തിന് മുൻപ് തന്നെ തന്റെ ചിത്രം പൂർത്തിയായിരുന്നു. എന്നാലിപ്പോൾ നിഷിദ്ധോ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ആദ്യം ചെയ്ത സിനിമ നിഷിദ്ധോയാണ് എന്നാണ് ഇപ്പോൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. തന്റെ ചിത്രം റിലീസ് ചെയ്യാൻ കെഎസ്എഫ്ഡിസി പല തീയ്യതികളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീയ്യതികളെല്ലാം മാറ്റുകയായിരുന്നുവെന്ന് മിനി ഐജി പറഞ്ഞു.
Also Read- അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി നായകനോ വില്ലനോ?

തന്റെ സിനിമയാണ് ആദ്യം പൂർത്തിയാക്കുകയും സെൻസർ ചെയ്യുകയും ചെയ്തത്. എന്നാലിപ്പോൾ വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്ത് സിനിമയെ അവഗണിക്കുകയാണെന്നാണ് മിനിയുടെ ആരോപണം.

2019ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്ര സംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കൊണ്ട് കെഎസ്എഫ്ഡിസി പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആദ്യം സംവിധായികമാരിൽ നിന്ന് തിരക്കഥകൾ അയക്കാനായി ആവശ്യപ്പെട്ടു. 60ഓളം തിരക്കഥകളിൽ നിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് സിനിമകളാണ് നിർമ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെഎസ്എഫ്ഡിസി സഹായം നൽകിയത്.

Also Read- 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബര്‍ 11 മുതല്‍

എന്നാൽ, മിനി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ എൻ മായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സിനിമകളോടും അതിന്റെ സംവിധായികമാരോടും കോർപ്പറേഷൻ ഒരു വിധത്തിലും പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ആവശ്യത്തിന് തീയറ്ററുകൾ ലഭ്യമാവാത്തത് കൊണ്ടു മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്തത്. പദ്ധതിയിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം നിഷിദ്ധോയാണ്. അത് വളരെ നന്നായി തന്നെ ചിത്രീകരണവും മറ്റ് ജോലികളും പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അതിന് പല കോണുകളിൽ നിന്നും പ്രശംസയും ലഭിച്ചിട്ടുണ്ട്. തങ്ങൾ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിഷിദ്ധോ ആദ്യം റിലീസ് ചെയ്യാനായി തീരുമാനിച്ചത്. ഇക്കാര്യം സംസാരിച്ചപ്പോൾ മിനിക്ക് അത് ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതായിരുന്നു. മിനിയുടെ ചിത്രം തീർച്ചയായും റിലീസ് ചെയ്യുക തന്നെ ചെയ്യും. എന്നാൽ നിർമ്മാതാക്കൾ എന്ന നിലയിൽ രണ്ട് സിനിമകളും ഒരുമിച്ച് റിലീസ് ചെയ്യാൻ KSFDCക്ക് ചില പരിമിതികളുണ്ടെന്നും എൻ മായ പറഞ്ഞു.

നാല് സിനിമകൾ കൂടി റിലീസിന് തയ്യാറെടുക്കുകയാണെന്നും അവർ പറഞ്ഞു. ഓരോ സിനിമകളായി റിലീസ് ചെയ്യുമെന്നും ഇപ്പോഴത്തെ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.
Published by:Naseeba TC
First published: