• HOME
  • »
  • NEWS
  • »
  • film
  • »
  • 'എല്ലാം മക്കൾ പറയുന്നതല്ലേ, ആരോടും പരിഭവമില്ല'; വിവാദം കാര്യമാക്കുന്നില്ലെന്ന് നഞ്ചിയമ്മ

'എല്ലാം മക്കൾ പറയുന്നതല്ലേ, ആരോടും പരിഭവമില്ല'; വിവാദം കാര്യമാക്കുന്നില്ലെന്ന് നഞ്ചിയമ്മ

'എന്‍റെ മനസ് വൃത്തിയാണ്. എല്ലാം മക്കൾ പറയുന്നതല്ലേ. അവര് പറയട്ടെ. എല്ലാ മക്കളും എനിക്ക് വേണം. എനിക്കെതിരെ പറയുന്നവരും പറയാത്തവരുമെല്ലാം വേണം'

  • Share this:
    പാലക്കാട്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നഞ്ചിയമ്മ. 'എല്ലാ മക്കൾ പറയുന്നതല്ലേ, പറയുന്നവർ പറയട്ടെ, ആരോടും പരിഭവമില്ല'- നഞ്ചിയമ്മ പറഞ്ഞു. വിവാദം കാര്യമാക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

    'അത് എനിക്ക് സന്തോഷമാണ്. അവര് പറഞ്ഞത് പറഞ്ഞ് പോട്ടെ, മക്കൾ പറയും. അതിന് ഇപ്പോ നമ്മൾ എന്ത് ചെയ്യാൻ. എന്‍റെ മനസ് വൃത്തിയാണ്. എല്ലാം മക്കൾ പറയുന്നതല്ലേ. അവര് പറയട്ടെ. എല്ലാ മക്കളും എനിക്ക് വേണം. എനിക്കെതിരെ പറയുന്നവരും പറയാത്തവരുമെല്ലാം വേണം. ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല. അതാണ് എന്‍റെ സന്തോഷം. ഇതെല്ലാം എന്‍റെ മക്കൾ പറയുന്നതുപോലെയേ കണ്ടിട്ടുള്ളു. അത് ഞാൻ ഏറ്റെടുക്കുന്നു'- നഞ്ചിയമ്മ പറഞ്ഞു.


    'നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല'; ലിനുവിന് മറുപടിയുമായി അൽഫോൺസ് ജോസഫ്

    ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിനെതിരെ സംഗീതജ്ഞൻ ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലിനുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്.

    സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ലെന്നായിരുന്നു അല്‍ഫോൺസ് ജോസഫിന്‌റെ മറുപടി. ലിനുവിന്റെ ഫേസ്ബുക്ക് വീഡിയോയിൽ കമന്റായിട്ടായിരുന്നു അൽഫോൺസിന്റെ പ്രതികരണം.

    Also Read-'പിച്ച് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്'; വിമര്‍ശനവുമായി ലിനു ലാൽ എന്ന സംഗീതജ്ഞൻ

    'ഞാൻ നഞ്ചിയമ്മയ്ക്ക് മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയെ പിന്തുണക്കുകയാണ്. സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. ഞാൻ ഉദ്ദേശിച്ചത് വർഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും എന്താണ് നൽകിയത് എന്നതാണ് പ്രധാനം' അൽ‌ഫോൺസ് പറഞ്ഞു.

    സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്ന് എന്നായിരുന്നു ലിനുവിന്റെ ചോദ്യം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

    പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്ന് ലിനു ചോദിക്കുന്നു. പുതിയൊരു പാട്ട് കംമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പാടിപ്പിക്കാമെന്നവച്ചാൽ അത് സാധിക്കില്ലെന്നും ഒരാഴ്ചയോ ഒരു മാസമോ പഠിച്ചിട്ടുവരാൻ പറഞ്ഞാൽ സാധാരണ ഒരു ഗാനം പാടാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഫേസ്ബുക്ക് വീഡിയോയിൽ ലിനു പറയുന്നു.

    മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ലിനു പറയുന്നു. അതേസമയം ലിനുവിന്‍റെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികൂലിച്ചും അനുകൂലിച്ചും മറുപടികളെത്തുന്നുണ്ട്.
    Published by:Anuraj GR
    First published: