എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് അവാർഡ്. ആർആർആറിന്റെ സംഗീത സംവിധായകൻ എം എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. സംവിധായകൻ രാജമൗലിക്കും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ജൂനിയർ എൻടിആറിനും രാംചരണിനും അദ്ദേഹം നന്ദി പറഞ്ഞു. മികച്ച ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ വിഭാഗത്തിലും ആർആർ മൽസരിച്ചിരുന്നു. എന്നാൽ അർജന്റീന 1985 ആണ് ഈ പുരസ്കാരം സ്വന്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ആർആർആർ ടീമിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. ഇത് വലിയൊരു നേട്ടമാണെന്നും എല്ലാ ഇന്ത്യക്കാരും ഈ നേട്ടത്തിൽ അഭിമാനിക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു. രാജമൗലി അടക്കമുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്. ഗോൾഡൻ ഗ്ലോബിലെ ചരിത്രവിജയത്തിന് ആർആർആർ ടീമിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചനും രംഗത്തെത്തി. ഇത് അർഹിച്ച അംഗീകാരമാണെന്നു പറഞ്ഞ ബച്ചൻ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയതിന് ആർആർആർ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
View this post on Instagram
”നാട്ടു നാട്ടു വിന് ഗോൾഡൻ ഗ്ലോബ് ലഭിച്ച വാർത്ത കേട്ടാണ് ഇന്ന് ഉറക്കമുണർന്നത്. ഇനിയും നിരവധി പുരസ്കാരങ്ങൾ നേടാൻ സാധിക്കട്ടെ. ഇന്ത്യക്ക് ഇത് അഭിമാന നേട്ടമാണ്”, എന്നായിരുന്നു ഷാരൂഖ് ഖാന്റെ ട്വീറ്റ്. പ്രശസ്ത സംഗീത സംവിധായകൻ എ.ആര്.റഹ്മാനും അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
ഈ വാർത്തയറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു എന്നാണ് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ പോസ്റ്റ്. ഈ നേട്ടമറിഞ്ഞ് അഭിമാനവും ആവേശവും തോന്നുന്നു എന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കരീന കപൂറും ആർആർആർ ടീമിന് അഭിനന്ദനം അറിയിച്ചു.
Thanks a lot Modi Ji !
Honored 🙏 https://t.co/w9BNbKWPBq— Ram Charan (@AlwaysRamCharan) January 11, 2023
തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവും ഗോൾഡൻ ഗ്ലോബിലെ ചരിത്ര വിജയത്തിന് ആർആർആർ ടീമിനെ അഭിനന്ദിച്ചു. ഈ വിജയത്തിൽ എല്ലാവർക്കും സന്തോഷം ഉണ്ടെന്നും ലോകം മുഴുവൻ നിങ്ങളുടെ സംഗീതം ആഘോഷമാക്കുന്നത് കണ്ടതിൽ വലിയ അഭിമാനം തോന്നുന്നുവെന്നും സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also read-2023ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവ് കീരവാണി; മലയാളിയുടെ പ്രിയപ്പെട്ട മരഗതമണി
ഗോൾഡൻ ഗ്ലോബ് പുരസ്കാര വാർത്തക്കു പിന്നാലെ ആർആർആറിന്റെ അണിയറപ്രവർത്തകരും പ്രതികരണവുമായി രംഗത്തെത്തി. ”പറയാൻ വാക്കുകളില്ല”, എന്നാണ് കീരവാണിക്കൊപ്പമുള്ള ഇൻസ്റ്റ്ഗ്രാം പോസ്റ്റിൽ സംവിധായകൻ രാജമൗലി കുറിച്ചത്. സംഗീതത്തിന് അതിരുകളില്ലെന്നും ഈ പാട്ട് സൃഷ്ടിച്ച കീരവാണിക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. ഇത് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു പുരസ്കാരം ആണെന്നു പറഞ്ഞ അദ്ദേഹം ‘നാട്ടു നാട്ടു’ ഏറ്റെടുത്ത് ജനപ്രിയമാക്കിയ എല്ലാ ആരാധകർക്കും നന്ദി അറിയിച്ചു. ചിത്രത്തിൽ അഭിനയിച്ച ആലിയ ഭട്ടും ഇൻസ്റ്റഗ്രാമിലൂടെ പുരസ്കാര വാർത്ത പങ്കുവെച്ചു. രാജമൗലിക്കും കീരവാണിക്കും ജൂനിയർ എൻടിആറിനും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് രാംചരൺ സന്തോഷം പങ്കുവെച്ചത്. പുരസ്കാര നേട്ടത്തിൽ കീരവാണിയെ അഭിനന്ദിച്ച് ജൂനിയർ എൻടിആറും രംഗത്തെത്തി. ”എന്റെ കരിയറിൽ ഞാൻ നിരവധി പാട്ടുകൾക്ക് നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ നാട്ടു നാട്ടു എന്നെന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും”, എന്നും അദ്ദേഹം കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.