ഒരുത്തീ (Oruthee) സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ (Vinayakan) നടത്തിയ പരാമർശത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ക്ഷമ ചോദിച്ച് നടി നവ്യ നായർ (Navya Nair). വിനായകന്റെ പരാമർശം വിവാദമായതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ തങ്ങളുടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിനായകനൊപ്പം സദസ്സിൽ നവ്യ നായരും സംവിധായകന്‍ വി കെ. പ്രകാശും ഒപ്പമുണ്ടായിരുന്നിട്ടും സംഭവത്തിൽ നിശബ്ദത പാലിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം തൃപ്പൂണിത്തറയിൽ സിനിമ കാണാൻ എത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു നവ്യയുടെ പ്രതികരണം.
വിനായകന്റെ പരാമർശം തെറ്റായിപ്പോയെന്ന് പറഞ്ഞ നവ്യ, അതിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും എന്നാൽ അന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും സിനിമയിൽ വിനായകനൊപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. അന്നവിടെ ഒരു പുരുഷൻ നടത്തിയ പരാമർശത്തിൽ സ്ത്രീയാണ് ക്രൂശിക്കപ്പെപ്പെട്ടുകൊണ്ടിരിക്കുന്നത് നവ്യ കൂട്ടിച്ചേർത്തു.
'അന്നവിടെ ഒരുപാട് പുരുഷന്മാർ ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും വിശിദീകരണം ചോദിക്കുന്നത് എന്നോടാണ്. വിനായകൻ പറഞ്ഞത് തെറ്റാണ്. അന്ന് മൈക്ക് വാങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അന്ന് നടന്ന മുഴുവൻ സംഭവത്തിലും മാപ്പ് ചോദിക്കുന്നു.' - നവ്യ പറഞ്ഞു.
'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' - എന്നായിരുന്നു വിനായകൻ പറഞ്ഞത്.
സംഭവം വലിയ വിവാദമായതോടെ കഴിഞ്ഞ ദിവസ൦ ഫേസ്‌ബുക്കിലൂടെ വിനായകൻ ക്ഷമാപണം നടത്തിയിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.