ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ ഉയിരും ഉലകവും എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കുഞ്ഞുങ്ങൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ജൂണിൽ വിവാഹിതരായ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്.
ചിത്രത്തിൽ, നയൻതാര ഒരു മകനെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ വിഘ്നേഷ് രണ്ടാമത്തെ കുട്ടിയെ എടുത്തിരിക്കുന്നത് കാണാം. ചിത്രം പങ്കുവെച്ച് സംവിധായകൻ കൂടിയാ വിഘ്നേഷ് ശിവൻ ഇങ്ങനെ എഴുതി, “ഉയിർ, ഉലകം, നയൻ, വിക്കി & കുടുംബം നിങ്ങൾക്ക് ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്നേഹം! നിങ്ങൾ എപ്പോഴും സ്വപ്നം കണ്ട ഒരു ജീവിതം നയിക്കാൻ എല്ലാവർക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ.”
അടുത്തിടെ ഒരു അഭിമുഖത്തിൽ, തന്റെ ഇരട്ടക്കുട്ടികളെക്കുറിച്ചും അവരുടെ കുഞ്ഞുങ്ങളുടെ ജനനത്തിനു ശേഷമുള്ള അവരുടെ ജീവിതത്തെക്കുറിച്ചും വിഘ്നേഷ് പറഞ്ഞത് താൻ ഒരു അച്ഛനാണെന്നത് ഇപ്പോഴും തനിക്ക് ഇപ്പോഴും പൂർണമായും ഉൾക്കൊള്ളാനായിട്ടില്ലെന്നാണ്.
“ഞാൻ ഇപ്പോൾ ഒരു അച്ഛനാണ് എന്നത് ഇപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും ഉൾക്കൊള്ളാനായിട്ടില്ല. ഞാൻ അവരോടൊപ്പം നല്ല സന്തോഷം അനുഭവിച്ചറിയുന്നു, ഇപ്പോൾ അവരോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുന്നു,” ചലച്ചിത്ര നിർമ്മാതാവ് കൂടിയായ വിഘ്നേഷ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
“എനിക്ക് അനുഭവിക്കാൻ കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അപാരമായ അനുഗ്രഹങ്ങൾ ആണ്, അതുകൊണ്ടാണ് ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്നത്. എന്റെ ജീവിതത്തിൽ എനിക്കുള്ളതും എന്റെ ജീവിതത്തിൽ സംഭവിക്കുന്നതുമായ എല്ലാത്തിനും ഞാൻ ശരിക്കും അനുഗ്രഹീതനായി തോന്നുന്നു”- ഇന്ത്യാ ടുഡേ അഭിമുഖത്തിൽ വിഘ്നേഷ് പറയുന്നു.
2015 ൽ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് നയൻതാരയും വിഘ്നേഷ് ശിവനും പരസ്പരം പ്രണയത്തിലായത്. ഈ വർഷം ജൂണിൽ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി, നാല് മാസത്തിന് ശേഷം ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിക്കുകയും ചെയ്തു. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.