ഏഴാം വിവാഹ വാർഷികത്തിൽ ഫഹദിനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ നാസിം. ഇരുവരും ഒന്നിച്ചുള്ള വിദേശയാത്രക്കിടയിൽ നസ്രിയയെ ചുമലിലേറ്റി നടക്കുന്ന ഫഹദിന്റെ വീഡിയോ ആണ് നസ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഒപ്പം രസകരമായ കുറിപ്പും നസ്രിയ നൽകിയിട്ടുണ്ട്. 'ഹാപ്പി ആനിവേഴ്സറി ഷാനു, നീ എന്തൊരു ഭാഗ്യവാൻ എന്നല്ലാതെ എന്തു പറയാൻ.' നസ്രിയയുടെ വാക്കുകൾ.
"നമ്മളൊന്നിച്ചുള്ള യാത്രകളിലെല്ലാം ഞാൻ നടക്കാൻ മടിച്ചപ്പോൾ നീ എന്നെ തോളിലേറ്റി. ഇനിയുമൊരുപാട് സാഹസികതകൾ നമ്മളെ കാത്തിരിപ്പുണ്ട്. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ, അതില്‍ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്." ഇങ്ങനെ നീളുന്നു നസ്രിയയുടെ വാക്കുകൾ.
ആരാധകർക്ക് ഓണാശംസകളും താരം നേർന്നിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധി പേർ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.
ഫ്രണ്ട്ഷിപ്പ് ഡേയ്ക്കും ഫഹദിനൊപ്പമുള്ള ചിത്രമായിരുന്നു നസ്രിയ പങ്കുവെച്ചത്.
2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി.
2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.