മോഹൻലാൽ ബോക്സിങ് പ്രമേയമായ ചിത്രത്തിൽ നായകനാവുമെന്ന വാർത്ത വന്നതോട് കൂടി താരത്തിന്റെ വ്യത്യസ്ത ഫിറ്റ്നസ്, വർക്ക്ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. സുഹൃത്ത് സമീർ ഹംസ പോസ്റ്റ് ചെയ്ത വീഡിയോയിൽ സ്കിപ്പിംഗ് റോപ്പുമായി അനായാസേന പരിശീലിക്കുന്ന മോഹൻലാലിനെയാണ് കാണാൻ കഴിയുക. നീണ്ട താടിയും തലയിൽക്കെട്ടുമായി വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ലാലേട്ടന്റെ 61-ാം പിറന്നാൾ. ഈ പ്രായത്തിലും മോഹൻലാൽ ഫിട്നെസ്സിനു നൽകുന്ന പ്രാധാന്യം വിളിച്ചോതുക കൂടിയാണ് ഈ വീഡിയോ. ഇടതടവില്ലാതെ മോഹൻലാൽ എത്രതവണ സ്കിപ്പിംഗ് ചെയ്യുന്നു എന്നതാണ് പലരെയും അതിശയിപ്പിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തന്റെ ജന്മദിനത്തിന് ചെന്നൈയിലെ വീട്ടിൽ സമയം ചിലവഴിക്കുകയായിരുന്നു മോഹൻലാൽ. കഴിഞ്ഞ വർഷത്തിന് മുൻപ് വരെ ഫാൻസ് തലത്തിൽ മോഹൻലാലിൻറെ ജന്മദിനം ആഘോഷമാക്കിയിരുന്നു.
ബോക്സിങ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. ഇരുവരുടെയും പുതിയ ചിത്രം 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം' കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ്. ദേശീയ തലത്തിൽ മൂന്ന് പുരസ്കാരങ്ങൾ നേടിയ ചിത്രമാണിത്. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ചിത്രത്തിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവർ നായികാവേഷം ചെയ്യും.
മോഹൻലാൽ ഗുസ്തിയിൽ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ലാൽ. ജീവിതത്തിൽ ഗുസ്തി ചാമ്പ്യയനായ മോഹൻലാൽ സിനിമയിലും ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1985ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'ജീവന്റെ ജീവൻ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായിരുന്നു അത്. കൂടാതെ ചില ചിത്രങ്ങളിൽ മോഹൻലാലിൻറെ ഹോബിയായി ബോക്സിംഗ് കടന്നു വന്നിട്ടുണ്ട്. 'സുഖമോ ദേവി' എന്ന സിനിമ ഒരുദാഹരണം.
പ്രിയദർശൻ-മോഹൻലാൽ സ്പോർട്സ് ചിത്രം 2022 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.
മോഹൻലാലിനെ സംബന്ധിച്ചിടത്തോളം, വളരെ തിരക്കേറിയ ഒരു ഷെഡ്യൂളാണ് ഇപ്പോൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'ബറോസ്' എന്ന ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത 2019 ലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ അതിനു ശേഷം ആരംഭിക്കും.
ഏറ്റവും ഒടുവിലായി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' എന്ന സിനിമ മോഹൻലാൽ പൂർത്തീകരിച്ചിരുന്നു.
Summary: In a new video of Mohanlal, he is seen trying jump rope with ease. The actor is prepping for his new movie themed around boxing. Mohanlal has celebrated his 61st birthday just recentlyഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.