പൊങ്കലിന് തിയേറ്ററുകളെ ഇളക്കി മറിക്കാനെത്തുന്ന വിജയ് ചിത്രം വാരിസിനായി തമിഴ് താരം സിമ്പു ആലപിച്ച പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘ തീ ഇത് ദളപതി.. പേര് കേട്ടാല്‍ വിസിലടി’ എന്ന് തുടങ്ങുന്ന ഗാനമാണ് ടീ സിരിസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വിവേകിന്റെ വരികള്‍ക്ക് തമനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴിലെ പ്രമുഖ ഡാന്‍സ് കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്റ്ററാണ് പാട്ടിന്റെ നൃത്ത ചുവടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസിലെ വിജയ് ആലപിച്ച രഞ്ജിതമേ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റാണ് ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം. പൂജാ ഹെഗ്ഡെ നായികയെത്തിയ ബീസ്റ്റ് പ്രതീക്ഷിച്ച പ്രേക്ഷക പ്രശംസ നേടാനാകാത്തതില്‍ ആരാധകരും നിരാശരായിരുന്നു. തെലുങ്കില്‍ മഹേഷ് ബാബുവിനെ നായകനാക്കി മഹര്‍ഷി എന്ന ഹിറ്റ് ചിത്രം ഒരുക്കിയ വംശി പൈഡിപ്പള്ളിയാണ് വാരിശ് സംവിധാനം ചെയ്യുന്നത്. പൊങ്കലിന് അജിത്ത് ചിത്രം തുനിവിനൊപ്പമാകും വാരിശും റിലീസ് ചെയ്യുക.
കമല്‍ഹാസന്റെ വിക്രം നേടിയ ഗംഭീര വിജയത്തിന് ശേഷം സംവിധായകന് ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാകും വിജയ് ഇനി അഭിനയിക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.