• HOME
 • »
 • NEWS
 • »
 • film
 • »
 • Jean-Luc Godard | സിനിമയിൽ നവമാർഗം തെളിച്ചയാൾ; ഗൊദാർദിനേക്കുറിച്ച് ഒൻപത് കാര്യങ്ങൾ

Jean-Luc Godard | സിനിമയിൽ നവമാർഗം തെളിച്ചയാൾ; ഗൊദാർദിനേക്കുറിച്ച് ഒൻപത് കാര്യങ്ങൾ

നടപ്പുശീലങ്ങളിൽ നിന്നും മാറി പുതു സിനിമാ വഴികൾ തുറന്ന അദ്ദേഹം ഒരു പുതിയ ചലച്ചിത്ര ശൈലിക്കു തന്നെ തുടക്കം കുറിച്ചയാൾ കൂടിയാണ്

 • Last Updated :
 • Share this:
  വിഖ്യാത സംവിധായകൻ ഴാങ് ലുക് ഗൊദാർദ് (Jean-Luc Godard) അന്തരിച്ചു. ലോക സിനിമയിൽ തന്നെ വഴിത്തിരിവായ ഫ്രഞ്ച് നവതരംഗത്തിനു തുടക്കം കുറിച്ചയാളാണ് അദ്ദേഹം. 'ബ്രത്‌ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ ലോകപ്രശസ്തമാണ്. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നടപ്പുശീലങ്ങളിൽ നിന്നും മാറി പുതു സിനിമാ വഴികൾ തുറന്ന അദ്ദേഹം ഒരു പുതിയ ചലച്ചിത്ര ശൈലിക്കു തന്നെ തുടക്കം കുറിച്ചയാൾ കൂടിയാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില സംഭാവനകളെക്കുറിച്ച് വിശദമായി അറിയാം.

  1. ചെറിയ ബജറ്റിലൊരുക്കിയ സിനിമ

  ''നിങ്ങൾക്ക് ഒരു സിനിമ നിർമ്മിക്കാൻ വേണ്ടത്, ഒരു പെൺകുട്ടിയും തോക്കും മാത്രമാണ്'' എന്ന് ഗൊദാർഡ് ഒരിക്കൽ എഴുതിയിരുന്നു. 1960-ൽ തന്റെ ആദ്യ സിനിമയായ ബ്രത്ത്‍ലസിലൂടെ അദ്ദേഹം അത് തെളിയിച്ചു. ചെറിയ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം വലിയ സാമ്പത്തിക ലാഭം നേടി. അറുപതു വർഷങ്ങൾക്കിപ്പുറവും ഈ ചിത്രം ഒരു ക്ലാസിക് ആയി അം​ഗീകരിക്കപ്പെടുന്നു.

  ഒരു പോലീസുകാരനെ വെടിവെച്ചുകൊന്ന ശേഷം ഒളിച്ചോടിയ മിഷേൽ എന്ന കുറ്റവാളിയുമായെ പരിചയപ്പെട്ട പെട്രീഷ്യ എന്ന പെൺകുട്ടിയെക്കുറിച്ചായിരുന്നു സിനിമ. അവൾ അവനെ ഒറ്റിക്കൊടുക്കുകയും പോലീസ് അവനെ തെരുവിൽ വെടിവച്ചു കൊല്ലുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. അദ്ദേഹത്തിന്റെ പല സിനിമകളും പോലെ, ബ്രത്ത്‍ലസിലും പല കാര്യങ്ങളും പരീക്ഷിച്ചിരുന്നു.

  2. ജംപ് കട്ടുകള്‍

  ജംപ് കട്ട് എന്നറിയപ്പെടുന്ന എഡിറ്റിംഗ് ടെക്നിക്ക് കൂടുതലായി ഉപയോ​ഗപ്പെടുത്തിയ സിനിമയായിരുന്നു ബ്രത്ത്‍ലസ്. അതുവരെ കണ്ടു പരിചയിച്ച രീതി ആയിരുന്നില്ല അത്. ഇന്നും ചലച്ചിത്ര വിദ്യാർത്ഥികൾ പലരും ഇത് പഠന വിഷയമാക്കാറുണ്ട്.

  3. തിരക്കഥ എഴുതിയത് ലൊക്കേഷനിൽ വെച്ച്

  ബ്രത്ത്‌ലെസിന്റെ ലൊക്കേഷനിൽ വെച്ച് ചിത്രീകരണത്തിനിടെയാണ് ഗൊദാർദ് തിരക്കഥയെഴുതിയിരുന്നത്. ചിത്രീകരണത്തിനിടെ, അഭിനേതാക്കൾക്ക് ഡയലോ​ഗുകൾ പറ‍ഞ്ഞു കൊടുത്തു. ഹാൻഡ്‌ഹെൽഡ് ക്യാമറകൾ ഉപയോഗിച്ചിയിരുന്നു ഷൂട്ടിങ്ങ്.

  Also Read:-Jean-Luc Godard | ഫ്രഞ്ച് ന്യൂവേവ് സിനിമകളുടെ അമരക്കാരന്‍ ഗൊദാർദ് അന്തരിച്ചു

  മുൻകൂട്ടിയ തയ്യാറാക്കിയ തിരക്കഥ, ധാരാളം ജീവനക്കാർ, സ്‌റ്റോറിബോർഡ്, വലിയ സ്റ്റുഡിയോ തുടങ്ങി കാര്യങ്ങളെയൊക്കെ ആശ്രയിച്ചിരുന്ന സിനിമാ‌ മേഖലക്ക് അതൊരു പുതിയ മാറ്റമായിരുന്നു. ഈ രീതികളൊക്കെ തന്റെ പിന്നീടുള്ള പല സിനിമകളിലും ​ഗൊദാർദ് ഉപയോ​ഗപ്പെടുത്തിടിയിട്ടുണ്ട്.

  4. സിനിമയെ അകമഴിഞ്ഞ് സ്നേഹിച്ചയാൾ

  ഗൊദാർദ് പലർക്കും ഒരു ഐക്കൺ ആയിരിക്കാം. സിനിമയോടുള്ള ആഴത്തിലുള്ള അറിവും സ്നേഹവുമാണ് ഈ പരീക്ഷണങ്ങൾക്കെല്ലാം അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

  സംവിധായകനാകുന്നതിന് മുൻപ് സിനിമ മാത്രം സ്വപ്നം കണ്ടു നടന്നിരുന്ന ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. ചിലപ്പോൾ താനും സുഹ‍ത്തുക്കളും ഒരേ സിനിമ ഒരു ദിവസം നിരവധി തവണ കാണാറുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സിനിമകൾ ഒരു റഫറൻസായി ഉപയോഗപ്പെടുത്താറുണ്ട്.

  5. എന്നും നവീകരിച്ച് കൊണ്ടേയിരുന്നു

  ബ്രീത‍്‍ലെസ് എന്ന ഒരൊറ്റ സിനിമ തന്നെ ഗൊദാ‍ർദിനെ ലോക സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പര്യാപ്തമായിരുന്നു. എന്നാൽ അസാമാന്യ പ്രതിഭാശാലിയായ അദ്ദേഹത്തിൻെറ കരിയ‍ർ സംഭവബഹുലമായിരുന്നു. ഡോക്യുമെന്ററികൾ, ടിവി സീരീസ്, 40-ലധികം ഫീച്ചർ ഫിലിമുകൾ എന്നിവയുൾപ്പെടെ അദ്ദേഹത്തിൻെറ നൂറോളം വർക്കുകളാണ് ഐഎംഡിബി ഡോക്യുമെൻറ് ചെയ്തിട്ടുള്ളത്. 1960കളിലാണ് അദ്ദേഹത്തിൻെറ ഏറ്റവും മികച്ച ചിത്രങ്ങൾ പുറത്ത് വന്നത്. അവയെല്ലാം ആളുകൾ നിരന്തരം കാണുകയും ചർച്ച ചെയ്യുകയും ചെയ്ത സിനിമകളാണ്.

  1961ൽ പുറത്തിറങ്ങിയ ‘എ വുമൺ ഈസ് എ വുമൺ’ മുതൽ 1965ൽ ഇറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമായ ‘ആൽഫവില്ലെ’യിലൂടെ 1967ൽ പുറത്തിറങ്ങിയ ബ്ലാക്ക് കോമഡി ചിത്രമായ ‘വീക്കെൻഡ്’ വരെ അത് തുടർന്നു. വീക്കെൻഡിന് ശേഷം അദ്ദേഹം മാർക്‌സിസ്റ്റ് പ്രമേയമുള്ള സിനിമകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കിയിട്ടുണ്ട്. 1972ൽ പുറത്തിറങ്ങിയ ‘ഓൾ ഈസ് വെൽ’ അവയിൽ ഉൾപ്പെടുന്നു. 2014ൽ തൻെറ 80ാം വയസ്സിൽ ഒരു ത്രീഡി ചിത്രം വരെ അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.

  6. കാഴ്ചക്കാരെ സിനിമകളിലൂടെ ചിന്തിപ്പിച്ചു

  കാഴ്ചക്കാരെ ഗൊദാർദ് എന്നും തന്നിലേക്ക് അടുപ്പിച്ച് കൊണ്ടേയിരുന്നു. കൊമേഴ്സ്യലായി വൻ ലാഭം കൊയ്ത സിനിമകൾ അദ്ദേഹത്തിൻെറതായി പുറത്ത് വന്നിട്ടുണ്ട്. അതേസമയം നിരൂപക പ്രശംസയും അവയ്ക്ക് ലഭിച്ചു. സിനിമയോടുള്ള ഭ്രമം പോലെത്തന്നെ നല്ല വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ഗൊദാർദിൻെറ പല ചിത്രങ്ങളിലും അഗാധമായ വായനയുടെ റഫറൻസ് കാണാം. ജർമൻ നാടകകൃത്തും സംവിധായകനുമായ ബെർത്തോൾഡ് ബ്രെഹ്തും ഗൊദാർദിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. തൻെറ കാഴ്ചക്കാരെ എപ്പോഴും ചിന്തിപ്പിച്ച് കൊണ്ടേയിരുന്ന ബ്രെഹ്തിൻെറ രീതി സിനിമയിൽ ഗൊദാർദ് പിന്തുടർന്നിട്ടുണ്ട്.

  7. കല ജീവിതമാക്കിയ ചലച്ചിത്രകാരൻ
  ഗൊദാർദിൻെറ പല സിനിമകളിലെയും നായകൻ അദ്ദേഹത്തിൻെറ തന്നെ പ്രതിപുരുഷനാണ്. 1963ൽ പുറത്തിറങ്ങിയ ‘ലെ മെപ്രിസ്’ എന്ന ചിത്രം അതിന് ഉദാഹരമാണ്. സർഗ്ഗാത്മകതയും വാണിജ്യവൽക്കരണവും തമ്മിലുള്ള സംഘ‍ർഷത്തെ ഒരു നാടകകൃത്തിൻെറ കാഴ്ചപ്പാടിലൂടെ ഈ സിനിമ അവതരിപ്പിക്കുന്നു. ഗൊദാ‍ർദിൻെറ പങ്കാളിയായ അന്ന കരീനയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ മറ്റൊരു രീതിയിൽ ഈ സിനിമ പറയുന്നുണ്ട്. സ്വന്തം ജീവിതം തന്നെ നേരിട്ട് സിനിമയിൽ പകർത്തുന്ന ചിത്രങ്ങളും പിന്നീട് അദ്ദേഹമെടുത്തു. ‘JLG/JLG - സെൽഫ് പോ‍ർട്രെയിറ്റ് ഇൻ ഡിസംബ‍ർ’ എന്ന ചിത്രം ഗൊദാർദിൻെറ ആത്മകഥാപരമായ വ‍ർക്കാണ്.

  8. ഗൊദാർദിൻെറ വ്യത്യസ്ത മുഖം
  വ്യക്തിപരമായും തൊഴിൽപരമായും അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരാൾ ആയിരുന്നില്ല ഗൊദാർദ്. ആദ്യം അന്ന കരീനയെയും പിന്നീട് ആൻ വിയാസെംസ്‌കിയെയും അദ്ദേഹം വിവാഹം ചെയ്തു. രണ്ട് ബന്ധങ്ങളിലും നിരവധി തർക്കങ്ങളുണ്ടായിരുന്നു. അത് അദ്ദേഹത്തിൻെറ ചലച്ചിത്ര ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. 'Sympathy for the Devil' എന്ന തൻെറ ഡോക്യുമെൻററിയിൽ മാറ്റം വരുത്തിയതിന് 1968ൽ ഗൊദാ‍ർദ് നി‍ർമ്മാതാവ് ഇയാൻ ക്വാരിയറിൻെറ മുഖത്തടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സമകാലികനായ ന്യൂ വേവ് സംവിധായകൻ ഫ്രാങ്കോയിസ് ട്രൂഫോയുമായി ഗൊദാർദ് എക്കാലത്തും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അതേസമയം തന്നെ സിനിമാലോകത്തും പുറത്തും ആഴത്തിലുള്ള വ്യക്തിബന്ധം സൂക്ഷിക്കുന്ന ആളുമായിരുന്നു ഗൊദാർദ്.

  9. തലമുറകൾക്ക് പ്രചോദനം
  ലോകത്ത് പലതരം ന്യൂ വേവ് സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഗൊദാർദ് സ്വാധീനിച്ച പോലെ കാഴ്ചക്കാരെ പിടിച്ചിരുത്തിയവർ കുറവാണ്. രാഷ്ട്രീയ സിനിമകളായാലും പരീക്ഷണങ്ങളായാലും വ്യക്തിപരമായ സിനിമകളായാലും ഗൊദാർദിയൻ സിനിമകൾക്ക് ലോകമെങ്ങും വലിയ സ്വീകാര്യതയാണുള്ളത്. പ്രതിഭാശാലിയായ യുഎസ് സംവിധായകൻ ക്വിൻറൺ ടാരൻറീനോ, ഇറ്റാലിയൻ സംവിധായകൻ ബെർണാഡോ ബെർട്ടോലൂച്ചി എന്നിവരെയെല്ലാം ഗൊദാ‍ർദ് സ്വാധീനിച്ചിട്ടുണ്ട്. ഇറാനിയൻ സംവിധായകൻ അബ്ബാസ് കിയരോസ്തമിയുടെ ചിത്രങ്ങളിലും ഗൊദാ‍ർദിൻെറ സ്വാധീനം കാണാം.
  Published by:Arun krishna
  First published: