തിരുവനന്തപുരം: തിയേറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും നിറഞ്ഞ സദസ്സും വെള്ളിവെളിച്ചവും ഇനി എന്ന് എന്ന ചോദ്യം ബാക്കി. അനുമതി ലഭിച്ച ശേഷവും
പ്രതിസന്ധികളും തർക്കങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. പക്ഷെ തിയേറ്ററിനുള്ളിലല്ലെങ്കിലും ബിഗ് സ്ക്രീനിൽ സിനിമ കാണാൻ ഇതാ അവസരമൊരുങ്ങുന്നു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് ജനുവരി 10 ഞായറാഴ്ച മുതൽ പ്രദർശനം ആരംഭിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 200 പേർക്കാണ് ചലച്ചിത്ര വികസന കോർപ്പറേഷൻ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
തീയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന വേളയിൽ കൂടിയാണ് പ്രേക്ഷകർക്ക് ബിഗ് സ്ക്രീനിൽ സിനിമ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഈ പ്രദർശനത്തിന്റെ പ്രത്യേകത. എല്ലാ ദിവസവും വൈകിട്ട് ആറരക്കാണ് പ്രദർശനം. രണ്ടു മാസത്തേക്കാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
3D ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനാണ് ഒരാഴ്ചത്തേക്ക് പ്രദർശിപ്പിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് മലയാള, ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളും പ്രദർശിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 200 പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇതിനുള്ള ക്രമീകരണങ്ങൾ ഓഡിറ്റോറിയത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.
വഴുതക്കാട് കലാഭവൻ തിയേറ്ററിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഞായറാഴ്ചകളിൽ
ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിൽ നിന്നും ടിക്കറ്റ് ലഭ്യമാകും.100 രൂപയാണ് ടിക്കറ്റ് നിരക്ക്. ത്രീഡി കണ്ണടയ്ക്കായി 20 രൂപയാണ് നൽകേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.