Covid19 | ആരോഗ്യപ്രവർത്തകരോട് നന്ദി പറഞ്ഞും കോവിഡ് 19 രോഗികളെ ആശ്വസിപ്പിച്ചും നിവിൻ പോളി; യൂത്ത് കോൺഗ്രസിന്‍റെ On Call

Covid19 | യൂത്ത് കെയർ പരിപാടികളോട് ഐക്യദാർഢ്യം അറിയിച്ച നിവിൻ, സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, സമൂഹത്തിലേക്ക് അസുഖം പകരാതിരിക്കാൻ ക്വാറന്‍റൈനിൽ കഴിയുന്നവരാണ് റിയൽ ഹീറോസ് എന്നും അഭിപ്രായപ്പെട്ടു.

News18 Malayalam | news18-malayalam
Updated: March 30, 2020, 7:59 PM IST
Covid19 | ആരോഗ്യപ്രവർത്തകരോട് നന്ദി പറഞ്ഞും കോവിഡ് 19 രോഗികളെ ആശ്വസിപ്പിച്ചും നിവിൻ പോളി; യൂത്ത് കോൺഗ്രസിന്‍റെ On Call
nivin pauly on call
  • Share this:
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസിന്റെ സേവന ക്യാംപെയിനായ യൂത്ത് കെയറിന്റെ ഭാഗമായി On Call എന്ന പരിപാടിയിൽ ചലച്ചിത്രതാരം നിവിൻ പോളി ആദ്യ അതിഥിയായി എത്തി. കോവിഡ് ബാധിതരും ഐസലേഷൻ വാർഡുകളിൽ കഴിയുന്നവരും ക്വാറന്റൈൻ ചെയ്യപ്പെട്ടവരും അടക്കം കടുത്ത മാനസിക സമർദ്ദത്തിൽ കഴിയുന്ന ആളുകൾക്കും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമായി വിവിധ മേഖലകളിലെ പ്രശസ്തരുടെ അപ്രതീക്ഷിത ഫോൺ കോൾ എത്തുന്ന പരിപാടിയാണ് ഓൺ കോൾ.

കേരളത്തിൽ ഏറ്റവും അധികം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോ ഗണേഷിനോടാണ് ആദ്യം സംസാരിച്ചത്. രോഗികളെക്കാൾ സമ്മർദ്ദത്തിൽ രോഗത്തോട് പോരാടുകയും, ഈ വൈറസിനെ പൂർണമായി തുരത്തുന്നത് വരെ കുടുംബത്തിൽ നിന്നും അകന്ന് കഴിയണ്ടി വരികയും ചെയ്യുന്ന മുഴുവൻ ഡോക്ടർമാരുടെയും പ്രതിനിധിയായാണ് ഗണേഷ് സംസാരിച്ചത്. നിവിനോട് സംസാരിക്കുമ്പോൾ ഡോക്ടർക്ക് അഭ്യർത്ഥിക്കാനുണ്ടായിരുന്നത് തങ്ങൾ ഈ ത്യാഗം സഹിക്കുന്നതും കഷ്ടപ്പാടനുഭവിക്കുന്നതും നാടിനെ ഈ വിപത്തിൽ നിന്ന് കരകയറ്റാനാണ്. അതിനാൽ പൊതുജനങ്ങൾ പരിപൂർണ്ണമായ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കുകയും ചെയ്യണമെന്നാണ്. നാടിന്റെ യഥാർത്ഥ കാവൽക്കാർ നിങ്ങളാണെന്ന് പറഞ്ഞു നിവിൻ നന്ദി പറഞ്ഞപ്പോൾ ഡോക്ടറുടെ മറുപടി "ഇത് എന്റെ മിടുക്കല്ല ഞങ്ങൾ ഒരു ടീമാണ്" എന്നായിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ ഒന്നാമത്തെ ദിവസം തൊട്ട് കഠിനാധ്വാന ചെയ്യുന്ന മുഴുവൻ ഡോക്ടർമാർക്കും നിവിൻ നന്ദി പറഞ്ഞു.

രണ്ടാമത്തെ കോൾ അവിടുത്തെ തന്നെ സ്റ്റാഫ്‌ നഴ്സ് ദിവ്യക്ക് ആയിരുന്നു. നിവിൻ പോളി ആണ് ലൈനിൽ എന്നറിഞ്ഞപ്പോൾ ആദ്യം ദിവ്യ വിശ്വസിച്ചില്ല. നിവിനാണ് എന്ന് ബോധ്യമായപ്പോൾ കേരളത്തിൽ ലക്ഷക്കണക്കിന് നഴ്സുമാരുള്ളപ്പോൾ എന്നെ എന്തിനു വിളിക്കുന്നു എന്ന അമ്പരപ്പ് ആയി. പതുക്കെ ആ അമ്പരപ്പിൽ നിന്ന് മോചിതയായപ്പോൾ തൊഴിൽ സാഹചര്യങ്ങളെ പറ്റി വാചാലയായി. കോൾ ലൗഡ് സ്പീക്കറിലിട്ട് തന്റെ കൂടെയുള്ള നഴ്സ്മാരെ പ്രിയ താരത്തിന്റെ വാക്കുകൾ കേൾപ്പിക്കാനും ദിവ്യ മറന്നില്ല. അവരോടെല്ലാമായിട്ട് നിവിൻ പറഞ്ഞത് നിങ്ങൾ ജീവൻ പണയപ്പെടുത്തി മറ്റുള്ളവർക്കായി ചെയ്യുന്നന്ന ഈ മഹത് സേവനത്തിന് വാക്കുകൾ കൊണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരുമെന്നാണ്. കേരളത്തിലെ മാലാഖമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നിവിൻ ആ സംഭാഷണം അവസാനിപ്പിക്കുമ്പോൾ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും കുടുംബത്തോടായി പറയാനുണ്ടായിരുന്നത് "നിങ്ങളുടെ കുടുംബാംഗം പ്രതിസന്ധിയുടെ കാലത്ത് ചെയ്തു കൊണ്ടിരിക്കുന്ന അങ്ങേയറ്റം സാഹസം നിറഞ്ഞ സേവനങ്ങൾക്ക് ഈ നാട് തന്നെ നിങ്ങളെ വണങ്ങുന്നു " എന്നാണ്.
You may also like:'ലണ്ടനിൽ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ സന്ദേശം'; ക്ഷമ ചോദിച്ച് അൽഫോൻസ് കണ്ണന്താനം [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]

കാസർഗോട്ടെ തന്നെ പ്രായം കുറഞ്ഞ കോവിഡ് രോഗിയായി ഐസൊലേഷനിൽ കഴിയുന്ന പത്താം ക്ലാസ്സുകാരിയെയാണ് നിവിൻ പിന്നീട് വിളിച്ചത്. "പ്രേമം" സിനിമയിലെ ജോർജ്ജിന്റെ ആരാധികയായ അവൾക്ക് പ്രിയ താരത്തിന്റെ ശബ്ദം നല്കിയ ആശ്വാസം ചെറുതല്ല. അപ്പോൾ തന്നെ ഈ സന്തോഷം കൂട്ടുകാരെ അറിയിക്കാനുള്ള ധൃതിയിൽ ആയിരുന്നു അവൾ. അസുഖവിവരങ്ങൾ അന്വേഷിക്കുന്നതിന് ഒപ്പം തന്നെ അസുഖം ഭേദമായി കഴിഞ്ഞാൽ കാസർഗോഡ് വരുമ്പോൾ കുറച്ചു നേരം ഒപ്പം ചിലവഴിക്കാം എന്ന് കൂടി ഉറപ്പ് കൊടുത്തിട്ടാണ് നിവിൻ കോൾ അവസാനിപ്പിച്ചത്.

കാസർഗോട്ടെ ഒരു കുടുംബത്തിൽ തന്നെ മൂന്നു പേർക്ക് രോഗം പിടിപ്പെട്ടതിൽ ഒരാൾ, തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന വണ്ടൂർ സ്വദേശി, സൗദി അറേബ്യയിൽ നഴ്സായി ജോലിക്കിടയിൽ നാട്ടിൽ ലീവിനു വന്ന് ക്വാറന്റീനിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനി തുടങ്ങി നിരവധി പേർക്ക് ആശ്വാസമായി നിവിന്റെ വാക്കുകൾ മാറി.

ഇറ്റലിയിൽ നിന്ന് രോഗം പിടിപെട്ട് നാട്ടിലെത്തിയ ധനേഷിനോട് സംസാരിക്കുമ്പോൾ ഇറ്റലിയിൽ ഇത്രയധികം രോഗം വ്യാപിക്കാനുള്ള കാരണം ആരാഞ്ഞു. സർക്കാർ നിർദേശാനുസരണം ദുബായിൽ പോയി മടങ്ങിയെത്തിയതാണ് കൊല്ലത്തെ ഹയർ സെക്കൻഡറി അധ്യാപകൻ. വീടിന്‍റെ ഔട്ട് ഹൗസിൽ ക്വാറന്‍റൈനിൽ കഴിയുമ്പോൾ അദ്ദേഹത്തിന് ആശ്വാസമായി നിവിന്റെ കോൾ. പാലക്കാട് കോട്ടോപാടം സ്വദേശിക്ക് നിവിന്‍റെ കോൾ "തനിച്ചല്ല" എന്ന ആത്മവിശ്വാസമേകി. PHU-ലെ ഡോക്ടറായ ദിയയ്ക്ക് നിവിനോട് പറയാനുണ്ടായിരുന്നത് ക്വാറൻ്റൈനിൽ കഴിയണമെന്ന നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ കുറിച്ചായിരുന്നു. സോഷ്യൽ ഡിസ്റ്റന്സിംഗിൻ്റെ പ്രാധാന്യം തുടർച്ചയായി നിവിനെ പോലെയുള്ളവർ ഓർമ്മപ്പെടുത്തണമെന്ന് ഡോക്ടറുടെ നിർദ്ദേശം നിവിനും ഉൾക്കൊണ്ടു.

ഏറ്റവും ഒടുവിലെ കോൾ പത്തനംതിട്ട സ്വദേശിയായ സോജു ജോഷ്വാ എന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു. സോജു സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ആവശ്യങ്ങൾക്കായി ഒമാനിൽ പോയി വന്ന ശേഷം ക്വാറന്‍റൈനിൽ കഴിയുമ്പോഴാണ് കോൾ എത്തിയത്. സിനിമ വിശേഷം പറയുന്നതിനിടയിൽ ഇടപെട്ടു കൊണ്ട് സോജുവും നിവിനും ഒന്നിക്കുന്ന ഒരു സിനിമയുണ്ടാകട്ടെയെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ ആശംസിച്ചു.

യൂത്ത് കെയർ പരിപാടികളോട് ഐക്യദാർഢ്യം അറിയിച്ച നിവിൻ, സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, സമൂഹത്തിലേക്ക് അസുഖം പകരാതിരിക്കാൻ ക്വാറന്‍റൈനിൽ കഴിയുന്നവരാണ് റിയൽ ഹീറോസ് എന്നും അഭിപ്രായപ്പെട്ടു.

ഓൺകോളിൽ അടുത്ത അതിഥി പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ ആണ്. ചൊവ്വാഴ്ച മഞ്ജു വാര്യർ ഓൺകോളിൽ പങ്കെടുക്കും.
First published: March 30, 2020, 7:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading