• HOME
  • »
  • NEWS
  • »
  • film
  • »
  • ഈ ചിത്രത്തിലുള്ള ആരും ചില്ലറക്കാരല്ല; ഒരുപാട് കഥകള്‍ പറയാനുണ്ട് ഈ ചിത്രത്തിന്

ഈ ചിത്രത്തിലുള്ള ആരും ചില്ലറക്കാരല്ല; ഒരുപാട് കഥകള്‍ പറയാനുണ്ട് ഈ ചിത്രത്തിന്

ഒരു പാട്ടിന്‍റെ പിറവിയ്ക്ക് പിന്നില്‍ ഒത്തുകൂടിയ ഇവരെല്ലാം സംഗീതലോകത്തെ പ്രതിഭാശാലികളായി പില്‍ക്കാലത്ത് മാറി

  • Share this:
എസ്.ബിനുരാജ്

ഈ ചിത്രത്തിലുള്ള ആരും ചില്ലറക്കാരല്ല എന്നതാണ് രസം. ഒരുപാട് കഥകള്‍ ഈ ചിത്രത്തിന് പറയാനുണ്ട്.ചിത്രത്തില്‍ സലില്‍ ചൗധരിക്കൊപ്പം ഇരിക്കുന്നത് കോടീശ്വര റാവു എന്ന സൗണ്ട് എഞ്ചിനിയറാണ്. ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ തന്നെ ഈ രംഗത്തെ മുടിചൂടാമന്നന്‍ ആയിരുന്നു അദ്ദേഹം. പ്രമുഖ റെക്കോഡിംഗ് സ്റ്റുഡിയോ ആയ വിജയവാഹിനിയിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നെ ഭരണിയിലും പ്രവര്‍ത്തിച്ചുവെങ്കിലും ജെമിനി ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടം.

ഒരു കാലത്ത് ജെമിനി കോടീശ്വര റാവു എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. വിരമിച്ചതും ജെമിനിയില്‍ നിന്നായിരുന്നു. പക്ഷേ അവസാന കാലത്ത് അദ്ദേഹത്തിന് കേഴ്വിക്ക് തകരാറുണ്ടായിരുന്നു എന്ന് കേട്ടിട്ടണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജോലിയെ അത് ഒട്ടും ബാധിച്ചില്ല എന്നതാണ് രസം. കണ്‍സോളിലെ ശബ്ദലേഖന യന്ത്രങ്ങളിലെ സൂചിയുടെ ചലനങ്ങള്‍ നോക്കി അദ്ദേഹം ശബ്ദത്തിന്റെ കയറ്റിറക്കങ്ങളെ പിടിച്ചെടുത്തു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം വിദേശരാജ്യങ്ങളില്‍ പോലും പോയി അദ്ദേഹം ശബ്ദശാസ്ത്രം (Acoustics) സംബന്ധിച്ച് ക്ലാസുകളെടുത്തു.

കോടീശ്വര റാവുവിന് പിന്നില്‍ നില്‍ക്കുന്നത് ഗായകനായ കെ പി ഉദയഭാനു. ചെമ്മീനിലെ പുത്തന്‍ വലക്കാരെ എന്ന സംഘഗാനം ഉദയഭാനുവും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തൊട്ടടുത്ത് വയലാര്‍, പിന്നെ ചെമ്മീനിന്റെ സംവിധായകന്‍ രാമു കാര്യാട്ട്. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും സലില്‍ ദായെ തന്നെ ചെമ്മീനിന്റെ സംഗീത സംവിധായകനായി കൊണ്ടു വന്നത് രാമു കാര്യാട്ട് ആണ്. അടുത്ത് നില്‍ക്കുന്നത് യേശുദാസ്. അന്ന് അദ്ദേഹത്തിന് വെറും 22 വയസാണ് പ്രായം!

യേശുദാസിന് അടുത്ത് നില്‍ക്കുന്ന കണ്ണട വച്ച ഉയരമുള്ള മനുഷ്യന്‍ കനു ഘോഷാണ്. സലില്‍ ദായുടെ അസിസ്റ്റന്റ്. ദീര്‍ഘകാലം മ്യൂസിക്ക് അസിസ്റ്റന്റ് ആയി ജോലി നോക്കിയെങ്കിലും ഒരു സ്വതന്ത്ര സംഗീത സംവിധായകന്‍ എന്ന നിലയില്‍ കാര്യമായ മേല്‍വിലാസം ഉണ്ടാക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യന്‍. പക്ഷേ മലയാളത്തില്‍ ഒരു പടത്തില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു. 1970ല്‍ ഇറങ്ങിയ നാഴികക്കല്ല് എന്ന പടത്തിന് വേണ്ടി ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് കനു ഘോഷ് ഈണമിട്ടു. ഇതില്‍ ജയചന്ദ്രന്‍ പാടിയ "നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം" എന്ന കാമ്പസ് ഗാനം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.നില്‍ക്കുന്നവരില്‍ വലത്തു നിന്ന് രണ്ടാമത്തെയാള്‍ ആര്‍ കെ ശേഖറാണ്. ഒട്ടേറെ മലയാള ഗാനങ്ങളെ അനശ്വരമാക്കിയ ശേഖര്‍ ഒന്നാം തരം മ്യൂസിക്ക് കണ്ടക്ടറായിരുന്നു. രാജഗോപാല ഭാഗവതര്‍ എന്ന ഹരികഥാ കലാകാരന്റെ മകനായി ജനിച്ച ശേഖറിന്റെ മുഴുവന്‍ പേര് രാജഗോപാല കുലശേഖരന്‍ എന്നാണ്. എം ബി ശ്രീനിവാസന്റെ സഹായി ആയി പിന്നണി ഗാനരംഗത്തേക്ക് വന്നു. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം കെ അര്‍ജ്ജുനന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് പിന്നില്‍ ശേഖര്‍ എന്ന അതുല്യ മ്യൂസിക്ക് കണ്ടക്ടറുടെ മികവ് കൂടിയുണ്ട്. സ്റ്റുഡിയോയില്‍ നിന്നും സ്റ്റുഡിയോയിലേക്ക് പറന്നു നടന്ന ശേഖറിന് കൃത്യമായി ഭക്ഷണം കഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. ഉദരരോഗം ബാധിച്ച് മരിക്കുമ്പോള്‍ കുട്ടികള്‍ തീരെ ചെറുതായിരുന്നു. ശേഖറുടെ ഒരു മകനെ ഇന്ന് ലോകം മുഴുവന്‍ അറിയും.

വലത്തേയറ്റത്ത് നില്‍ക്കുന്നത് വയലിനില്‍ വിസ്മയം തീര്‍ത്ത ലക്ഷ്മിനാരായണന്‍ വൈദ്യനാഥന്‍ എന്ന എല്‍ വൈദ്യനാഥന്‍. പ്രസിദ്ധമായ മാല്‍ഗുഡി ഡേയ്സ് പരമ്പരയിലെ താനാരേ താനാ...എന്ന് തുടങ്ങുന്ന ടൈറ്റില്‍ സോങ്ങ് സൃഷ്ടിച്ചത് ഈ വീണാ വിദ്വാനാണ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ വി ലക്ഷ്മിനാരായണന്‍ ആലപ്പുഴയിലാണ് ജനിച്ചത്. പിന്നീട് ഇവര്‍ മധുരയിലേക്ക് കുടിയേറി. കര്‍ണാടക സംഗീതത്തില്‍ വിശേഷിച്ച് വയലിനില്‍ അനുപമമായ രീതിയില്‍ കഴിവ് തെളിയിച്ച ആളായിരുന്നു അദ്ദേഹം.

1991ല്‍ വേനല്‍ക്കിനാവുകള്‍ എന്ന മലയാള ചിത്രത്തില്‍ ഒ എന്‍ വി യുടെ വരികള്‍ക്ക് വൈദ്യനാഥന്‍ ഈണമിട്ടു. അതേ വര്‍ഷം യേശുദാസ് അദ്ദേഹത്തെ കൊണ്ട് തരംഗിണിയുടെ അയ്യപ്പ ഭക്തിഗാന ആല്‍ബവും കമ്പോസ് ചെയ്യിച്ചു. അതില്‍ അന്ന് 12 വയസ് മാത്രം പ്രായമുള്ള വിജയ് യേശുദാസ് "പാദബലം തരണം.." എന്ന ഗാനവും പാടി.

1962ല്‍ ഈ സ്റ്റുഡിയോയില്‍ ഒരറ്റത്ത് നിന്ന 22 കാരന്‍ ഗായകന്‍ ഓര്‍ത്തു കാണുമോ അങ്ങേയറ്റത്ത് നില്‍ക്കുന്ന വയലിനിസ്റ്റ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം തന്റെ മകനെ അയാള്‍ കമ്പോസ് ചെയ്ത പാട്ട് പാടിക്കുമെന്ന്? വിധിയുടെ ഓരോ നിശ്ചയങ്ങള്‍!

ചിത്രത്തില്‍ മറ്റൊരാള്‍ കൂടിയുണ്ട്. അത് അദ്ദേഹം തന്നെയാണോ എന്നുറപ്പ് ഇല്ലാത്തത് കൊണ്ട് ഞാന്‍ എഴുതേണ്ട എന്ന് കരുതിയതാണ്. അത് ചെമ്മീനിന്റെ നിര്‍മ്മാതാവ് ഇസ്മയില്‍ ബാബു സേട്ട് എന്ന കണ്മണി ബാബുവാണ്. ആര്‍ കെ ശേഖറിന്റെ തോളില്‍ കൈയിട്ട് നില്‍ക്കുന്നത് ബാബു സേട്ട് ആണോ? ഉറപ്പില്ല.

രാമു കാര്യാട്ട് പടം പിടിക്കാനുള്ള പണത്തിന് വേണ്ടി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അങ്ങനെയാണ് ബാബു സേട്ട് രംഗത്ത് എത്തുന്നത്. എട്ട് ലക്ഷം രൂപ മുടക്കിയ പടം 40 ലക്ഷം വാരി! അതു വച്ച് ബാബു എറണാകുളം കവിത തിയേറ്റര്‍ പണിതു. ഗുജറാത്തിലെ കച്ചില്‍ നിന്നും കൊച്ചിയിലേക്ക് കുടിയേറിയ കച്ചി മേമണ്‍ സമുദായാംഗമായിരുന്നു ബാബു.

ഇത് ചെമ്മീനിലെ ഏത് പാട്ടിന്റെ റെക്കോഡിംഗ് ആണെന്ന് വ്യക്തമല്ല. എന്തായാലും മാനസ മൈനേ അല്ല. കാരണം ചിത്രത്തില്‍ മന്നാഡേ ഇല്ല. മാനസ മൈനേയുടെ ഈണം സലില്‍ ദാ 1979ല്‍ ശ്രികന്ദര്‍ വില്‍ എന്ന ബംഗാളി ചിത്രത്തില്‍ ഒരു യുഗ്മഗാനത്തിന് ഉപയോഗിച്ചു. പാടിയത് യേശുദാസും സബിതാ ചൗധരിയും.

വെറുതെ ഒന്ന് ഓര്‍ത്തു നോക്കു...ഒരു പാട്ടിന് പിന്നില്‍ എത്രയെത്ര ജീവിതങ്ങള്‍!
Published by:Arun krishna
First published: