• HOME
  • »
  • NEWS
  • »
  • film
  • »
  • Adipurush | 'രാമായണത്തിൽ നിന്ന് ഒരു ശതമാനം പോലും വ്യതിചലിച്ചിട്ടില്ല'; പ്രതികരണവുമായി ആദിപുരുഷ് അണിയറ പ്രവർത്തകർ

Adipurush | 'രാമായണത്തിൽ നിന്ന് ഒരു ശതമാനം പോലും വ്യതിചലിച്ചിട്ടില്ല'; പ്രതികരണവുമായി ആദിപുരുഷ് അണിയറ പ്രവർത്തകർ

ചിത്രത്തിന്റെ ടീസര്‍ അയോധ്യയില്‍ വെച്ചാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ട്രോളുകളുടെ പെരുമഴ തന്നെയാണ് ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

  • Share this:
രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷിന്റെ (Adipurush) ടീസർ ഒക്ടോബർ 2 ന് പുറത്തിറക്കിയത് മുതൽ വിവാദങ്ങൾ ആരംഭിച്ചു. ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ടീസര്‍ അയോധ്യയില്‍ വെച്ചാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ട്രോളുകളുടെ പെരുമഴ തന്നെയാണ് ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. 1.46 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ കത്തിക്കയറുകയാണ്. അതിനിടെ ആദിപുരുഷ് സിനിമയുടെ 3 ഡി ടീസറും പുറത്തിറക്കി. ഹൈദരാബാദിലെ എഎംബി സിനിമാസിലാണ് ടീസര്‍ പ്രദര്‍ശിപ്പിച്ചത്.

എന്നാൽ ചിത്രം നേരിടുന്ന വിമർശനങ്ങൾക്ക് ഒടുവിൽ ഉത്തരവുമായി രംഗത്തെത്തിയിക്കുകയാണ് സിനിമയുടെ സംവിധായകൻ ഓം റൗട്ടും സംഭാഷണ രചയിതാവ് മനോജ് മുൻതാഷിറും. "സത്യസന്ധമായി പറഞ്ഞാൽ വളരെ നല്ല പ്രതികരണമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ മിശ്രിതമായ പ്രതികരണമാണ് ലഭിച്ചത്. സിനിമയെക്കുറിച്ച് നല്ലത് പറയുന്നവരും അല്ലാത്തവരും ഉണ്ട്. ഓരോരുത്തർക്കും പല അഭിപ്രായങ്ങളാണുള്ളത് ”റൗട്ട് വ്യക്തമാക്കി.

അതേസമയം ശ്രീരാമനോടുള്ള സ്നേഹം കൊണ്ടാണ് ആദിപുരുഷിന് സംഭാഷണം എഴുതാൻ താൻ മുൻതാഷിറിനെ സമീപിച്ചതെന്നും സംവിധായകൻ പറഞ്ഞു. “ഏറ്റവും മഹത്തായ ഇന്ത്യൻ സാഹിത്യമായ രാമായണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണവും പഠനവും സാഹിത്യത്തെക്കുറിച്ചുള്ള അറിവും വളരെ മികച്ചതാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം,”ദേശീയ അവാർഡ് ജേതാവ് കൂടിയായ റൗത്ത് കൂട്ടിച്ചേർത്തു. സിനിമയുടെ ഒരു ശതമാനം പോലും രാമായണത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും അണിയറ പ്രവർത്തകർ ഉറപ്പു പറഞ്ഞു.

ചിത്രത്തിൽ ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സെയ്ഫ് അലി ഖാൻ ആണ് രാവണനായി വേഷമിടുന്നത്. താടിയും മുടിയുമുള്ള രാവണന്റെ ‘ഇസ്ലാമിക’ രൂപത്തെക്കുറിച്ചുള്ള വിവാദങ്ങളാണ് ചിത്രത്തിലെ മറ്റൊരു വിഷയം. "അയാൾ രാക്ഷസനാണ്. എക്കാലത്തെയും വലിയ വില്ലനാണ്. പത്ത് തലയുള്ള രാക്ഷസൻ. ഈക്കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾ സിനിമ കാണേണ്ടതുണ്ട്." എന്നായിരുന്നു ഈ വിഷയത്തിൽ സംവിധായകന്റെ പ്രതികരണം.

Also read : ടീസറിന് ലഭിച്ച നെഗറ്റീവ് കമന്റുകളിൽ അതിശയമില്ലെന്ന് ആദിപുരുഷ് സംവിധായകൻ ഓം റൗട്ട്

കൂടാതെ തങ്ങളെ സംബന്ധിച്ചിടത്തോളം സിനിമ ഒരു ദൗത്യവും അഭിനിവേശവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്നത്തെ തലമുറയുടെ രാക്ഷസ ഭാവമാണഅ ഞാൻ സ്ക്രീനിലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിച്ചത്. വരും തലമുറയ്ക്ക് വേണ്ടിയാണ് ഞങ്ങൾ ഈ സിനിമ നിർമ്മിക്കുന്നത്. നമ്മുടെ മഹത്തായ വിശുദ്ധ ഗ്രന്ഥമായ രാമായണത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഈ സിനിമയുടെ പിന്നിലെ ലക്ഷ്യം. അടുത്ത തലമുറയ്‌ക്ക് മാത്രമല്ല, ഈ ലോകം മുഴുവൻ അത് കാണണം”

രാവണൻ ഒരു കഥാപാത്രമെന്ന നിലയിൽ ഭയപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അദ്ദേഹത്തെ ഭീകര രാക്ഷസൻ ആക്കുന്നതിന് വേണ്ടി പ്രത്യേക വിഷ്വൽ ഉണ്ട്. അത്തരത്തിൽ ഒരു പ്രത്യേക ചിത്രമാണ് നമ്മുടെ മനസ്സിൽ വരുന്നത്. അത് ഞങ്ങൾ ഭാവനയിലൂടെ പകർത്താൻ ശ്രമിച്ചു. എന്നാൽ ഖിൽജികളുമായോ നാദിർഷാമാരുമായോ ചെങ്കിസ് ഖാൻമാരുമായോ ബാബർമാരുമായോ ഇതിന് യാതൊരു ബന്ധവുമില്ല., ”റൗട്ട് പറഞ്ഞു.

അതേസമയം ഓരോ കാലഘട്ടത്തിനും അതിന്റേതായ വില്ലന്മാരും നായകന്മാരും ഉണ്ടെന്നും രാമായണം വ്യത്യസ്ത തലമുറകൾ വ്യത്യസ്ത രീതിയിലാണ് മനസ്സിലാക്കുന്നതെന്നും റൌട്ട് കൂട്ടിച്ചേർത്തു. രാമായണം വ്യത്യസ്ത തലമുറകൾ വ്യത്യസ്ത രീതിയിലാണ് മനസ്സിലാക്കുന്നതെന്നും റൌട്ട് പറഞ്ഞു. “നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങൾ വ്യത്യസ്തമായ രാമായണമായിരിക്കും മനസ്സിലാക്കിയിരിക്കുക. എന്നാൽ പ്രായമാകുന്നതിന് അനുസരിച്ച് ഓരോ തവണ നിങ്ങൾ രാമായണം വായിക്കുമ്പോഴും വ്യത്യസ്ത വശങ്ങൾ മനസ്സിലാക്കുകയും അതിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ ഒരു മനുഷ്യനും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു ഇതിഹാസമാണ് രാമായണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ രാംലീലയുടെ പാരമ്പര്യം നിലനിർത്തിയ രാജ്യമെമ്പാടുമുള്ള കലാകാരന്മാരെയും അദ്ദേഹം പ്രശംസിച്ചു. “ഇത് പതിറ്റാണ്ടുകളായി തുടരുന്ന ഒരു ദൗത്യമാണ്, അത് ശാശ്വതമായി തന്നെ തുടരും. ഞങ്ങൾ ഭാഗ്യവാന്മാർ ആണ്, ഓടിക്കൊണ്ടിരിക്കുന്ന ഈ ബസിൽ കയറാൻ ഞങ്ങൾക്ക് സാധിച്ചു. കുറച്ച് സ്റ്റോപ്പുകൾ കഴിഞ്ഞ് ഞങ്ങളും ഇറങ്ങും. പക്ഷെ ആ ബസ് വീണ്ടും മുന്നോട്ടു പോകും. മറ്റൊരാൾ അതിൽ കയറും. രാമായണം നിങ്ങളുടെ അല്ലെങ്കിൽ എന്റെ ജീവിതകാലത്തെക്കാൾ വളരെ വലിയ ഒന്നാണ്"

“മുമ്പ് ബോളിവുഡ് എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, അതേക്കുറിച്ച് ഞാൻ പറയുന്നില്ല. ഹിന്ദി ചലച്ചിത്ര വ്യവസായം സനാതന ധർമ്മം എന്ന ആശയത്തോട് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. പണ്ടും അത് സംഭവിച്ചിട്ടുണ്ട്. പക്ഷേ തൻഹാജിയെപ്പോലെ നമ്മുടെ ചരിത്രത്തെ മഹത്വവത്കരിക്കുന്ന സിനിമകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അതിനാൽ, നല്ലതും ചീത്തയും സംഭവിക്കുന്നു. തീർച്ചയായും ബോളിവുഡ് പവിത്രമല്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ ആളുകൾ മനഃപൂർവം അങ്ങനെ ചെയ്തിരിക്കാം. എന്നാൽ ഞങ്ങൾ ആരാണ്? മനോജിന് പേന എടുത്ത് രാമന്റെ കഥാപാത്രത്തെ കളങ്കപ്പെടുത്തുന്ന എന്തെങ്കിലും എഴുതാൻ കഴിയുമെന്ന് ഒരാൾക്ക് എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും? എന്നും റൗട്ട് ചോദിച്ചു.

അതേസമയം ഈ വിഷയത്തിൽ പ്രേക്ഷകരോട് തങ്ങളിൽ വിശ്വാസം അർപ്പിക്കാനും ചിത്രം പുറത്തിറങ്ങുമ്പോൾ ആരെയും നിരാശപ്പെടുത്തില്ലെന്നുമാണ് വിവാദങ്ങൾക്കിടയിലും സംവിധായകൻ ഉറപ്പുനൽകുന്നത്. 2023 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കൂടാതെ പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. ഹനുമാനായി ദേവദത്ത നാഗേയും സീതയായി കൃതി സനോണുമാണ് വേഷമിടുന്നത്. രാമായണം പശ്ചാത്തലമാക്കി 500 കോടി ബജറ്റില് നിർമ്മിച്ച ആദിപുരുഷ് ഇതുവരെ നിർമ്മിച്ചതിൽ വച്ച്‌ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് വേണ്ടി 500 കൂടി മുതൽമുടക്കിയോ എന്നതാണ് പല പ്രേക്ഷകരും ഉയർത്തുന്ന സംശയം. കാര്‍ട്ടൂണ്‍ ആണ് ഒരു ബ്രഹ്മാണ്ഡ ടീസര്‍ പ്രതീക്ഷിച്ച പ്രേക്ഷകന് ലഭിച്ചതെന്നാണ് ട്രോളുകളില്‍ പറയുന്നത്. അതിനു പിന്നാലെ ചിത്രം ബി​ഗ് സ്ക്രീനിനു വേണ്ടി ഒരുക്കിയതാണെന്നും മൊബൈല്‍ സ്ക്രീനില്‍ കണ്ടതുകൊണ്ടാണ് അങ്ങനെയെന്നും സംവിധായകൻ ഓം റൗട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ത്രീഡി ടീസര്‍ പുറത്തുവിട്ടത്. എന്നാൽ സിനിമയിലെ വി.എഫ്.എക്സ് ആണ് വിമർശനങ്ങൾക്ക് പ്രധാന കാരണമായത്.
500 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിന്റെ ടീസർ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ഞായറാഴ്ച്ച ടീസർ പുറത്തിറങ്ങിയതോടെ അഭിനന്ദനങ്ങൾക്കു പകരം പരിഹാസവും വിമർശനവുമാണ് ഉയർന്നത്.
Published by:Amal Surendran
First published: