• HOME
  • »
  • NEWS
  • »
  • film
  • »
  • 'ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല'; സംവിധായിക അഞ്ജലി മേനോനെ ട്രോളി എൻഎസ് മാധവൻ

'ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല'; സംവിധായിക അഞ്ജലി മേനോനെ ട്രോളി എൻഎസ് മാധവൻ

സിനിമ എഡിറ്റിങ് എങ്ങനെയാണെന്ന് പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്ന അഞ്ജലി മേനോന്‍റെ പരാമര്‍ശത്തെയാണ് അദ്ദേഹം പരിഹസിച്ചത്

  • Share this:
പ്രമുഖ സംവിധായിക അഞ്ജലി മേനോനെ ട്രോളി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. സിനിമ എഡിറ്റിങ് എങ്ങനെയാണെന്ന് പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്ന അഞ്ജലി മേനോന്‍റെ പരാമര്‍ശത്തെയാണ് അദ്ദേഹം പരിഹസിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംവിധായിക ഇക്കാര്യം പറഞ്ഞത്. അഞ്ജലി മേനോന്‍റെ പരാമര്‍ശത്തിനെതിരെ സിനിമപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.

' അഞ്ജലി മേനോന്‍ ഒരു തട്ടുകടയിലെത്തി ദോശ ഓര്‍ഡര്‍ ചെയ്ത് കഴിച്ച ശേഷം ദോശ മോശമാണെന്ന് പറഞ്ഞു. തട്ടുകടക്കാരന്‍ : മാഡം ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല' എന്നായിരുന്നു എന്‍.എസ് മാധവന്‍റെ പരിഹാസം.





'സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ എനിക്കു ചിരി വരാറുണ്ട്. അത് പറയുന്നവർ എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. സിനിമയുടെ പേസ് എന്താകണം എന്ന് ഡയറക്ടർ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഒരു ബന്ധവും ഇല്ലാത്ത സിനിമകൾ താരതമ്യം ചെയ്തിട്ട് ചിലർ സംസാരിക്കുന്നതു കാണാം. സിനിമയുടെ കഥ എങ്ങനെയാണ് പറയുന്നതെന്നും ആ സിനിമ എന്താണെന്നും അറിഞ്ഞിരിക്കണം.

ക്രിട്ടിക് റിവ്യൂ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അത് വളരെ പ്രധാനവുമാണ്. ഫിലിം ക്രിട്ടിസിസം ഞങ്ങൾക്കൊക്കെ പഠിക്കാൻ ഒരു സബ്ജക്ട് തന്നെ ആയിരുന്നു. പക്ഷേ ആ മീഡിയത്തെപ്പറ്റി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. റിവ്യൂ ചെയ്യുന്നവർ സിനിമ എന്തെന്ന് മനസ്സിലാക്കിയിട്ടു ചെയ്യുകയാണെങ്കിൽ അത് ഗുണം ചെയ്യും' എന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്.



അടുത്തിടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും മുന്‍പ് നടന്‍ മോഹന്‍ലാലും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സൈബര്‍ ഇടങ്ങളില്‍ നടന്നത്.

"കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമര്‍ശിക്കാം പക്ഷേ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫില്‍ തന്നെ ആളുകള്‍ മൈക്കുമായിട്ട് കേറി വരുകയാണ്. ആ സമയത്ത് തന്നെ നമ്മുടെ സിനിമക്ക് അവര്‍ റിവ്യൂ കൊടുക്കുകയാണ്.

Also Read-'പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ; കൊറിയയിൽ ആരും സിനിമയെ വിമർശിക്കാറില്ല': റോഷൻ ആൻഡ്രൂസ്

വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം അവര്‍ക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്. ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ''. എന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

'ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ' എന്നായിരുന്നു മോഹന്‍ലാലിന്‍റെ പരാമര്‍ശം.
Published by:Arun krishna
First published: