'പരിശുദ്ധമായ പ്രണയം പൂർണമായ ആത്മസമർപ്പണമാണ്' ഷാജി എൻ കരുണിന്‍റെ 'ഓള്' പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്. ഹൃദയത്തിൽ എവിടെയാണ് പ്രണയം ഒളിപ്പിച്ചിരിക്കുന്നതെന്ന് 'ഓള്' ചോദിക്കുമ്പോൾ ഉത്തരം കണ്ടെത്താൻ കഴിയാതെ പോകുന്ന വാസു. ഫാന്‍റസിയും ഫിക്ഷനും ഇടകലർന്ന പ്രണയകഥ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ഒരു തുരുത്തിൽ തുടങ്ങി മുംബൈ എന്ന മഹാനഗരത്തിലേക്കും അവിടെ നിന്ന് ബുദ്ധ മൊണാസ്ട്രിയിലേക്കും വരെ പടർന്ന് വീണ്ടും അതേ തുരുത്തിലേക്ക് തന്നെ തിരികെയെത്തുന്നു 'ഓള്'. മായയും തുരുത്തിലെ ഐതിഹ്യങ്ങളും യഥാർത്ഥ ജീവിതവും അതിനിടയിൽ ഫാന്‍റസിയും കലർന്നൊരു സിനിമ. വാസുവിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങൾക്കൊപ്പം പണ്ട് ഈ തുരുത്ത് ബുദ്ധമതത്തിന്‍റെ കേന്ദ്രമായിരുന്നെന്ന വാദവും കഥയ്ക്കൊപ്പം കൊണ്ടുപോകുന്നു.
ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടയിൽപ്പെട്ടു പോയ 'മായ'യും അവളെ പ്രണയിക്കുന്ന വാസുവും ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. എന്നാൽ, ഹൃദയത്തിൽ എവിടെയാണ് പ്രണയം ഒളിപ്പിച്ചിരിക്കുന്നതെന്ന മായയുടെ ചോദ്യത്തിന് വാസുവിന് ഉത്തരം നൽകാൻ കഴിയുന്നില്ല. ചിത്രകാരനായ വാസുവിന്‍റെ ഏറ്റവും വലിയ പരാതി തനിക്ക് ഒരു നല്ല മോഡലിനെ ലഭിക്കുന്നില്ല എന്നുള്ളതാണ്. രാജാ രവിവർമയെ പോലെ ചിത്രം വരയ്ക്കണമെങ്കിൽ മനോഹരമായ മോഡലുകൾ കൺമുമ്പിൽ വേണമെന്ന് വിശ്വസിക്കുന്ന വാസു. തുരുത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് വാങ്ങുന്നതിനു വേണ്ടി വാസു രചിക്കുന്ന മിക്ക പെയിന്‍റിങ്ങുകളും പകർത്തലാണ്. അത് ഒരു വിദേശിയായ വിനോദസഞ്ചാരി തുറന്നുപറയുകയും ചെയ്യുന്നു.
സ്വന്തമായി ചിത്രം രചിക്കാൻ ആലോചനയുമായി നടക്കുന്ന വാസുവിന്‍റെ ജീവിതത്തിലേക്ക് ജീവിതത്തിനും മരണത്തിനും ഇടയിൽപ്പെട്ടു പോയ മായയുടെ സാന്നിധ്യം എത്തുന്നു. മരിച്ചുപോയ തന്‍റെ പ്രണയനായകൻ റൂമിയെയാണ് മായ വാസുവിൽ കണ്ടെത്താൻ ശ്രമിക്കുന്നത്. മായയുമായുള്ള വർത്തമാനത്തിനിടയിൽ ചിത്രം വരയ്ക്കാൻ തന്നെ സഹായിക്കാമോയെന്ന് വാസു ചോദിക്കുന്നു. വാസുവിന്‍റെ വിരൽത്തുമ്പിലേക്ക് മായ എത്തുന്നതോടെ ചിത്രകാരനായ വാസുവിന്‍റെ ജീവിതം മാറി മറിയുകയാണ്. പൗർണമി രാത്രികളിൽ തോണിയുമായി കായലിൽ മായയുടെ സാന്നിധ്യം തേടിയെത്തുന്ന വാസു പക്ഷേ, മുംബൈയിലെ തിരക്കിനിടയിൽ ഒരിക്കൽ അത് വിട്ടുപോകുന്നതോടെ വാസു എന്ന ചിത്രകാരന്‍റെ ജീവിതം കൂടുതൽ കലുഷിതമാകുകയാണ്. പത്ത് പൂർണചന്ദ്ര ദിനങ്ങൾക്കുള്ളിലാണ് സിനിമ നടക്കുന്നത്.
വാസുവായി ഷെയിൻ നിഗം തിളങ്ങുമ്പോൾ മായ എന്ന 'ഓള്' ആയി എത്തുന്നത് എസ്തർ അനിൽ ആണ്. ദൃശ്യത്തിലെ കുസൃതിക്കുടുക്കയിൽ നിന്ന് അതീവ വ്യത്യസ്തമായ വേഷത്തിലാണ് എസ്തർ എത്തുന്നത്. മായയും വാസുവും ചേർന്ന് കാഴ്ചക്കാരെ കൊണ്ടുപോകുന്നതും റിയാലിറ്റിയോട് ചേർന്നു നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഫാന്‍റസിയുടെ മറ്റൊരു ലോകത്തേക്കാണ്. അതേസമയം, സമൂഹത്തിൽ നിലനിൽക്കുന്ന ബലാത്സംഗവും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള പ്രശ്നങ്ങളിലേക്കും 'ഓള്' വിരൽ ചൂണ്ടുന്നു. വാർധക്യത്തിലെ അവശതകളെ മറന്ന് ക്യാമറയ്ക്ക് മുന്നിൽ അതിഗംഭീര പ്രകടനം നടത്തിയ നടി കാഞ്ചന, വാസുവിന്‍റെ പെങ്ങളായി എത്തിയ കനി കുസൃതി എന്നിവരുടെ പ്രകടനങ്ങളും സിനിമയിൽ മികച്ചുനിന്നു.
മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാനപുരസ്കാരം ഏഴുതവണ നേടിയ എം.ജെ രാധാകൃഷ്ണന് ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് 'ഓള്'. കാഴ്ചക്കാരനെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന വിധത്തിലാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പൗർണമിരാത്രികളെ അത്രയേറെ മനോഹരമായി വൈഡ് ഫ്രെയിമിൽ നമ്മുടെ മുമ്പിലേക്ക് എത്തിക്കുന്നു. രാത്രിയുടെ നിശ്ശബ്ദതയെയും തീവ്രതയെയും ക്യാമറയിൽ അതിമനോഹരമായി ചാലിച്ച് പ്രേക്ഷകരെ ചിത്രത്തിനൊപ്പം കൊണ്ടുപോകുന്ന ദൃശ്യഭംഗി. ഫാന്‍റസിയും ഫിക്ഷനും ഇഴചേർന്നുകിടക്കുന്ന സിനിമ അതിനേക്കാൾ മനോഹരമാകുന്നത് എം.ജെ രാധാകൃഷ്ണൻ എന്ന പ്രതിഭയുടെ ഫ്രെയിമുകൾ കൂടി ചേരുമ്പോഴാണ്. അദ്ദേഹം അവസാനമായി ക്യാമറ ചലിപ്പിച്ച സിനിമ കൂടിയാണ് 'ഓള്'.
'ഫ്രാൻസിസ് ഇട്ടിക്കോര'യും 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യും വായനക്കാർക്ക് സമ്മാനിച്ച എഴുത്തുകാരൻ ടി.ഡി രാമകൃഷ്നാണ് ചിത്രത്തിന്‍റെ രചന. ഫാന്‍റസിയെ റിയലിസ്റ്റിക് ചുറ്റുപാടുമായി കോർത്തിണക്കി അത്രയേറെ സൂക്ഷ്മതയോടെയാണ് തിരക്കഥ. സിനിമയിൽ കലർന്നുനിൽക്കുന്നതാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതവും ബോബന്‍റെ കലാസംവിധാനവും. സിനിമ കഴിഞ്ഞും മായയും ഓളുടെ ലോകവും നമ്മുടെ മനസിൽ നിൽക്കുന്നതും അതുകൊണ്ടു തന്നെയാണ്.
മനസിൽ പ്രണയവും ഫാന്‍റസിക്കൊപ്പം സഞ്ചരിക്കാനുള്ള മനസുമുണ്ടെങ്കിൽ ഒരു മാജിക്കൽ റിയലിസ്റ്റ് ലോകം തന്നെയാണ് 'ഓള്'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film review, Shaji N. Karun