തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം സിനിമയാകുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് വിനയന്‍. ഈശ്വരന്‍ നമ്പൂതിരിയായി വേഷമിടുന്ന രാഘവന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. കോവിഡ് പ്രതിസന്ധി കുറയുകയാണെങ്കിൽ ഡിസംബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിനയൻ വ്യക്തമാക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്‍റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയൻ വ്യക്തമാക്കുന്നു.
വിനയന്റെ കുറിപ്പ്പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയുടെ ഏഴാമതു ക്യാരക്ടര്‍ പോസ്റ്റര്‍ ആണിത്, ആദരണീയനായ നടൻ രാഘവേട്ടൻ അഭിനയിക്കുന്ന ഈശ്വരൻ നമ്പൂതിരിയുടെ കഥാപാത്രത്തെയാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഈശ്വരൻ നമ്പുതിരി തിരുവിതാംകൂർ മഹാരാജാവിന്റെ പ്രധാന ഉപദേശക പ്രമുഖനായിരുന്നു. അസാദ്ധ്യ പണ്ഡിതനും ആരെയും നിയന്ത്രിക്കാൻ തക്ക ആജ്ഞാശക്തിയുമുള്ള ഈശ്വരൻ നമ്പുതിരിയെ കണ്ടാൽ ഒ ചന്തുമേനോന്റെ പ്രസിദ്ധ നോവലായ ഇന്ദുലേഖയിലെ സൂരി നമ്പുതിരിപ്പാടിനെ ഓർമ്മിപ്പിച്ചേക്കാം. പക്ഷേ അതിലുമൊക്കെ ഉപരി ആ കാലഘട്ടത്തിന്റെ അധികാര മേധാവിത്വം പരമാവധി ഉപയോഗിച്ച്.പടത്തലവൻമാരെ പോലും വിരൽ തുമ്പിൽ നിർത്താൻ പോന്ന ചാണക്യനായിരുന്നു ഈശ്വരൻ നമ്പൂതിരി.വലിയ യുദ്ധ തന്ത്രങ്ങൾ മെനയാൻ പോലും ഈശ്വരൻ നമ്പൂതിരിയുടെ ബുദ്ധി കടമെടുക്കുന്ന നാട്ടിൽധീരനായ പോരാളിയും സാഹസികനുമായ ആറാട്ടുപുഴ വേലായുധച്ചേകവർക്ക് കിട്ടിയ പ്രാധാന്യവും അംഗീകാരവും നമ്പുതിരിയ്ക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല.
എഴുപതുകളിലെ മലയാള സിനിമയുടെ നായകൻ രാഘവേട്ടൻ ഈശ്വരൻ നമ്പൂതിരിയെ അവതരിപ്പിക്കുന്നു എന്നതാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും പുതുമയും. ഈ കഥാപാത്രത്തിലൂടെ തന്റെ അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടൻ നമ്മെ കാണിച്ചു തരുന്നുണ്ട്. പത്തൊൻപതാം നുറ്റാണ്ട് പൂർത്തിയാകണമെങ്കിൽ ക്ലൈമാക്സ് ഭാഗം കൂടി ചിത്രീകരിക്കേണ്ടതായിട്ടുണ്ട്. ധാരാളം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് കോവിഡിന്റെ കാഠിന്യം കുറഞ്ഞാലേ അതു നടക്കുകയുള്ളു. എത്രയും വേഗം ചിത്രം പൂർത്തിയാക്കി തീയറ്റർ റിലീസിലൂടെ തന്നെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ ശ്രമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.