• HOME
 • »
 • NEWS
 • »
 • film
 • »
 • PC VISHNUNADH S FACEBOOK POST ABOUT ACTOR MAMMOOTTY

'പൊതുപ്രവര്‍ത്തകരായ ഞങ്ങളെയെല്ലാം സൂക്ഷ്മമായി അദ്ദേഹം ശ്രദ്ധിച്ചുവരുന്നുണ്ട്'; മമ്മൂട്ടിയേക്കുറിച്ച് പി.സി.വിഷ്ണുനാഥ്

പുതിയ കാലത്തെ ഉള്‍ക്കൊള്ളാനും മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വയം നവീകരിക്കാനും എന്നും ശ്രദ്ധിച്ച കലാകാരനാണ് അദ്ദേഹമെന്ന് വിഷ്ണുനാഥ് പറയുന്നു

മമ്മൂട്ടി, പി സി വിഷ്ണുനാഥ്

മമ്മൂട്ടി, പി സി വിഷ്ണുനാഥ്

 • Share this:
  ചലച്ചിത്ര മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുമായുള്ള അനുഭവങ്ങള്‍ പലരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി സി വിഷ്ണുനാഥ്. പുതിയ കാലത്തെ ഉള്‍ക്കൊള്ളാനും മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വയം നവീകരിക്കാനും എന്നും ശ്രദ്ധിച്ച കലാകാരനാണ് അദ്ദേഹമെന്ന് വിഷ്ണുനാഥ് പറയുന്നു.

  മലയാള സിനിമയുടെ വികാസ ചരിത്രത്തില്‍ മാത്രമല്ല കേരളത്തിന്റെ ചരിത്രപഥത്തിലെയും മൂല്യവത്തായ സുവര്‍ണരേഖയാണ് മമ്മൂട്ടിയെന്ന് വിഷ്ണുനാഥ് പറയുന്നു. അംബേദ്കര്‍ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ലൊക്കേഷനിലുണ്ടായ അനുഭവം അണിയറ പങ്കുവെച്ചിരുന്നു. ഇക്കാര്യം കുറിപ്പില്‍ പറയുന്നതിങ്ങിനെ 'അംബേദ്ക്കര്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ലൊക്കേഷനില്‍ ഉണ്ടായ രസകരമായ അനുഭവം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ദളിത് വിഭാഗത്തില്‍പ്പെട്ട സഹോദരങ്ങള്‍ അണിനിരന്ന അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നിരവധിപേര്‍ അംബേദ്ക്കറായി വേഷപ്പകര്‍ച്ച നടത്തിയ മമ്മൂട്ടിയുടെ കാല്‍ക്കല്‍ വന്നു വീണു! കേരളത്തില്‍ അങ്ങനൊരു രംഗം സങ്കല്പിക്കാന്‍ പ്രയാസമാകും'.

  പി സി വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

  കഴിഞ്ഞ ദിവസം തന്റെ ചലച്ചിത്ര ജീവിതത്തില്‍ അമ്പതിന്റെ നിറവിലെത്തിയ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയെക്കുറിച്ചുള്ള നിരവധി അഭിപ്രായ പ്രകടനങ്ങള്‍ കാണുവാനിടയായി. ചെറുപ്പം മുതല്‍ മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയെ പിന്തുടരുന്ന ഒരു ആസ്വാദകനെന്ന നിലയില്‍ ചിലത് കുറിക്കണമെന്ന് തോന്നി.

  അംബേദ്ക്കര്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ലൊക്കേഷനില്‍ ഉണ്ടായ രസകരമായ അനുഭവം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ദളിത് വിഭാഗത്തില്‍പ്പെട്ട സഹോദരങ്ങള്‍ അണിനിരന്ന അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നിരവധിപേര്‍ അംബേദ്ക്കറായി വേഷപ്പകര്‍ച്ച നടത്തിയ മമ്മൂട്ടിയുടെ കാല്‍ക്കല്‍ വന്നു വീണു! കേരളത്തില്‍ അങ്ങനൊരു രംഗം സങ്കല്പിക്കാന്‍ പ്രയാസമാകും; പക്ഷെ, അംബേദ്ക്കറെന്ന വിമോചന പോരാളിയായി മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനത ആ രൂപത്തില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തുകയായിരുന്നു.

  ഇത്തരത്തില്‍ കഥാപാത്രങ്ങളുടെ പൂര്‍ണതയാണ് മമ്മൂട്ടിയെന്ന മഹാനടനെ വ്യത്യസ്തനാക്കുന്നത്. ചെയ്തു തീര്‍ത്ത, ചായമണിഞ്ഞ സിംഹഭാഗം ചിത്രങ്ങളിലും മമ്മൂട്ടിയെന്ന നടനെയല്ല, കഥാപാത്രത്തെയാണ് കാണുവാന്‍ സാധിക്കുക. പഴശ്ശിരാജയും ചന്തുവും വൈക്കം മുഹമ്മദ് ബഷീറും പൊന്തന്‍മാടയും മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ഡാനിയും വാറുണ്ണിയും ഉള്‍പ്പെടെ മമ്മൂട്ടിക്ക് മാത്രം വഴങ്ങുന്ന എത്രയെത്ര ഭാവവിസ്മയങ്ങളാണ് നമ്മുടെ വെള്ളിത്തിരയില്‍ വസന്തം തീര്‍ത്തത്.
  ന്യൂഡല്‍ഹിയിലെ ജി കെയും തനിയാവര്‍ത്തനത്തിലെ ബാലഗോപാലനും അമരത്തിലെ അച്ചൂട്ടിയും ഭൂതക്കണ്ണാടിയിലെ വിദ്യാധരനും വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരും പാഥേയത്തിലെ ചന്ദ്രദാസും നയം വ്യക്തമാക്കുന്നതിലെ സുകുമാരനും ഉള്‍പ്പെടെ മനസ്സിന്റെ അഭ്രപാളിയില്‍ എത്രയെത്ര മുഖങ്ങള്‍ മിന്നിമറിയുന്നു.

  സേതുരാമയ്യരും ഹിറ്റ്ലര്‍ മാധവന്‍കുട്ടിയും കുട്ടേട്ടനും ക്യാപ്റ്റന്‍ തോമസും അറക്കല്‍ മാധവനുണ്ണിയും നന്ദഗോപാല മാരാറും ദാദാ മുഹമ്മദ് സാഹിബും ബല്‍റാമും ബെല്ലാരി രാജയും കറുത്ത പക്ഷികളിലെ മുരുകനും കയ്യൊപ്പിലെ ബാലചന്ദ്രനും ബിലാല്‍ ജോണ്‍ കുരിശിങ്കലും ഒരേകടലിലെ എസ് ആര്‍ നാഥനും മേജര്‍ ശിവറാമും കുട്ടിസ്രാങ്കും പ്രാഞ്ചിയേട്ടനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സും കുഞ്ഞനന്തനും ധര്‍ഥീപുത്രയിലെ കപില്‍ദേവ് സിങും ബാല്യകാല സഖിയിലെ മജീദും മുന്നറിയിപ്പിലെ സി കെ രാഘവനും ഉണ്ടയിലെ എസ് ഐ മണികണ്ഠനും മുതല്‍ വിവിധ തലങ്ങളിലുള്ള കഥാപാത്രങ്ങളുടെ എണ്ണപ്പെരുപ്പമാണ് മനസ്സില്‍. ചിലത് പരാമര്‍ശിച്ചുവെന്നുമാത്രം.

  കുടുംബനാഥനായ മമ്മൂട്ടിയെയും ചരിത്ര കഥാപാത്രമാവുന്ന മമ്മൂട്ടിയെയുമാണ് കൂടുതല്‍ ആസ്വദിച്ചതെന്ന് തോന്നുന്നു. മകന്റെ കാലഘട്ടത്തിലും ഒട്ടും ചുവട് പിഴക്കാതെ മലയാള സിനിമയില്‍ ഒന്നാം നിര താരമായി തിളങ്ങി നില്‍ക്കുന്നത് ആ മനുഷ്യന്റെ ആത്മാര്‍പ്പണത്തിനുള്ള പ്രതിഫലവും പ്രതിഫലനവുമാണ്.

  പുതിയ കാലത്തെ ഉള്‍ക്കൊള്ളാനും മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വയം നവീകരിക്കാനും എന്നും ശ്രദ്ധിച്ച കലാകാരനാണ് അദ്ദേഹം; പുതിയ പുസ്തകങ്ങള്‍, സാങ്കേതിക വിദ്യയിലെ നൂതന ആവിഷ്‌കാരങ്ങള്‍ എല്ലാം അദ്ദേഹം തേടിപ്പിടിച്ച് സ്വന്തമാക്കും.

  പൊതുപ്രവര്‍ത്തകരായ ഞങ്ങളെയെല്ലാം സൂക്ഷ്മമായി അദ്ദേഹം ശ്രദ്ധിച്ചുവരുന്നുണ്ട്; സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആ നിരീക്ഷണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. രാഷ്ട്രീയ ചലനങ്ങളെ, സാമൂഹ്യമാറ്റങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന, അറിയുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കാരണഭൂതനായ, ഹൃദയം തുറന്ന് സംവദിക്കുന്ന ഒരു വലിയ മനുഷ്യനാണ് തന്റെ കര്‍മ്മകാണ്ഡത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്നതെന്നത് ഏറെ സന്തോഷം പകരുന്നു.

  മമ്മുക്കാ, അങ്ങ് മലയാള സിനിമയുടെ വികാസ ചരിത്രത്തില്‍ മാത്രമല്ല, കേരളത്തിന്റെ ചരിത്രപഥത്തിലെയും മൂല്യവത്തായ സുവര്‍ണരേഖയാണ്. ഇനിയുമേറെ വേഷപ്പകര്‍ച്ചകളിലൂടെ വരും തലമുറകളെക്കൂടി വിസ്മയിപ്പിക്കാന്‍ അങ്ങേയ്ക്ക് സാധിക്കട്ടെ.
  Published by:Jayesh Krishnan
  First published:
  )}