തിരുവനന്തപുരം ∙ കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടർന്ന് സ്ഥിതി ഗുരുതരമായിരുന്നു. തിങ്കളാഴ്ച രാത്രി 12.20 നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളമായി പൂവച്ചൽ ഗാനങ്ങൾ മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്.മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയ ഖാദർ പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.
1948 ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരം കാട്ടാക്കടയ്കടുത്ത് പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് ആലമുക്ക് ഇടവഴി തലയ്ക്കൽ വീട്ടിൽ അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി.
സ്കൂളിലെ കയ്യെഴുത്തുമാസികയിൽ കവിതയെഴുതിയാണ് തുടക്കം. പിന്നീട് കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നകാലത്ത് കവിത എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ൽ ചലച്ചിത്രഗാനരചയിതാവായി. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ഒരു കുടക്കീഴിൽ, കാറ്റു വിതച്ചവൻ, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ സൂപ്പർ ഹിറ്റായി .എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ, അടക്കമുള്ള മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ ,ശരറാന്തൽ തിരിതാഴും (കായലും കയറും) മൗനമേ നിറയും മൗനമേ (തകര), സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള), രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി), ‘മഴവില്ലിൻ അജ്‌ഞാതവാസം കഴിഞ്ഞു, നീയെന്റെ പ്രാർഥനകേട്ടു’ (കാറ്റുവിതച്ചവൻ), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ), കിളിയേ കിളിയേ (ആ രാത്രി), പൂമാനമേ ഒരു രാഗമേഘം താ (നിറക്കൂട്ട്), കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ (താളവട്ടം), മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ (ദശരഥം) തുടങ്ങിയവയാണ് പൂവച്ചലിന്റെ ഹിറ്റുകളിൽ ചിലത്. നാടകകങ്ങൾക്കു വേണ്ടി പൂവച്ചലൊരുക്കിയ പാട്ടുകൾക്ക് ബാബുരാജ്, കണ്ണൂർ രാജൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ഈണമിട്ടു.
ആകാശവാണിയിൽ അദ്ദേഹം എഴുതിയ ലളിതഗാനങ്ങൾ നിത്യഹരിതമായി. ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ, രാമായണക്കിളി ശാരികപ്പൈങ്കിളി, നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി, പാടാത്ത പാട്ടിന്‍ മധുരം എന്റെ മാനസമിന്നു നുകര്‍ന്നു, തുടങ്ങിയ പാട്ടുകൾ എത്രയോ മലയാളികൾ ഏറ്റുപാടി. തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ആമിന. മക്കൾ: തുഷാര, പ്രസൂന
Poet and Lyricist Poovachal Khader passes away
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam cinema, Poet