• HOME
 • »
 • NEWS
 • »
 • film
 • »
 • Churuli| ചുരുളി ക്ലീനെന്ന് പൊലീസ്; സിനിമയിലെ ഭാഷ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് സമിതി റിപ്പോർട്ട്

Churuli| ചുരുളി ക്ലീനെന്ന് പൊലീസ്; സിനിമയിലെ ഭാഷ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് സമിതി റിപ്പോർട്ട്

നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുകയോ ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യാത്തതു കൊണ്ടും ചുരുളി എന്ന സിനിമയ്‌ക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികള്‍ ഒന്നും എടുക്കേണ്ടതില്ല എന്ന് കമ്മിറ്റി നിർദേശിച്ചു.

ചുരുളി

ചുരുളി

 • Last Updated :
 • Share this:
  തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരി (lijo jose pellissery) സംവിധാനം ചെയ്ത ‘ചുരുളി’ സിനിമ (Churuli Movie) ഒടിടി പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് പൊലീസ് സമിതി (Police Committee) റിപ്പോർട്ട്. ചുരുളി എന്ന ചിത്രവും അതിലെ ഭാഷയും സംഭാഷണങ്ങളും ആ ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് യോജിച്ചതും ഒരു കലാസൃഷ്ടിക്ക് ഉതകുന്നതും കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍പെടുന്നതാണെന്നും ‌സമിതി റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുകയോ ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യാത്തതു കൊണ്ടും ചുരുളി എന്ന സിനിമയ്‌ക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികള്‍ ഒന്നും എടുക്കേണ്ടതില്ല എന്ന് കമ്മിറ്റി നിർദേശിച്ചു.

  സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാൻ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് ഡിജിപി അനിൽകാന്ത് ചുമതലപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണിത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, ഡിസിപി എ. നസീം, ലീഗൽ അഡ്വൈസർ കെ ആര്‍ സുചിത്ര, ഡി. എസ്. അതുല്യ (വിവർത്തക) എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന നടത്തിയത്.

  റിപ്പോർട്ടിൽ നിന്ന്-

  ചുരുളി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍, നാട്ടില്‍ പലവിധ കുറ്റകൃത്യങ്ങള്‍ നടത്തി നിയമത്തില്‍ നിന്ന് രക്ഷപെട്ട് ഒളിച്ചു താമസിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ ജീവിതമാണ് ചുരുളി സിനിമയിലെ പ്രമേയം. മനുഷ്യന് കടന്നു ചെല്ലാന്‍ പ്രയാസമുള്ള കൊടുങ്കാട്ടിലാണ് ചുരുളി എന്ന സാങ്കല്‍പ്പിക ഗ്രാമം. ഒരു അനധികൃത ചാരായ നിര്‍മാണ കേന്ദ്രവും പരിസരവുമാണ് സിനിമയില്‍ അരങ്ങേറുന്നത്. ചുരുളിയിലെ കഥാപാത്രങ്ങള്‍ എല്ലാ ദിവസവും നിലനില്‍പ്പിനായി പോരാട്ടം നടത്തുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രകൃതിയില്‍ നിന്നും മറ്റു പലവിധ സ്രോതസ്സുകളില്‍ നിന്നും ആപത്തു സംഭവിച്ചേക്കാവുന്ന രീതിയിലാണ് ജീവിക്കുന്നത് എന്നാണ് സിനിമയില്‍ പ്രതി പാദിച്ചിട്ടുള്ളത്.

  ഇത്തരം ദുഷ്ക്കരമായി ജീവിക്കുന്ന കഥാപാത്രങ്ങള്‍, പ്രേക്ഷകരില്‍ വിശ്വാസ്യത ഉളവാക്കണമെങ്കില്‍ ആ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ അതിന് അനുസരിച്ചതായിരിക്കണം. അത് എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കലാകാരനാണ്. അതിനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ സഭ്യമായ ഭാഷ മാത്രമെ ഉപയോഗിക്കുവാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിക്കാന്‍
  സാധിക്കുകയില്ല.

  കഥാപാത്രങ്ങളുടെ ഭാഷയും ശൈലിയും കഥാപാത്രങ്ങളുടെ സൃഷ്ടിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കഥാപാത്രസൃഷ്ടിക്കും വിശ്വസ്തതക്കും ഭാഷ ഒരു അവിഭാജ്യഘടകമാണ്. അതുകൊണ്ടു തന്നെ
  ഭാഷാപ്രയോഗങ്ങളെ കഥാപാത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിശകലനം നടത്തുവാന്‍ സാധ്യമല്ല. ഇത്ത രത്തിലുള്ള പദപ്രയോഗങ്ങള്‍ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് അവിഭാജ്യഘടകമാണോ എന്നതാണ് ഇവിടെ ഉത്ഭവിക്കുന്ന ചോദ്യം.

  Also Read- Dhanush Aishwaryaa Rajanikanth | ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു; അവസാനിക്കുന്നത് 18 വര്‍ഷത്തെ ദാമ്പത്യം

  ചുരുളി എന്ന സിനിമയുടെ കഥയും സാഹചര്യവും കഥാപാത്രങ്ങളും പരിശോധിക്കുമ്പോള്‍ സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ കഥാപാത്രസൃഷ്ടിക്ക് അനിവാര്യമാണെന്ന് കാണാം. ചുരുളി എന്ന സിനിമയും അതിലെ കഥയും  കഥാപാത്രങ്ങളും നിലവിലുള്ള നിയമങ്ങളെയോ ചട്ടങ്ങളെയോ ലംഘിക്കുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം.
  Sec 294 IPC പ്രകാരം ഒരു ഭാഷയോ പ്രയോഗമോ ചേഷ്ടകളോ “Obscenity” എന്ന കുറ്റകൃത്യമാകണമെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് അഥവാ ഒരു പൊതു ഇടത്തു വച്ച് നടക്കുന്നതായിരിക്കണം. പ്രായ/ ലിംഗ/ സാമ്പത്തിക/ സാമൂഹികമായ യാതൊരു തടസ്സങ്ങളും കൂടാതെ ആര്‍ക്കും കയറി ചെല്ലാവുന്നതും ഇറങ്ങി ചെല്ലാവുന്നതും ആയതാണ് പൊതു ഇടം/പൊതു സ്ഥലം എന്ന് നിയമം നിര്‍വ്വചിക്കുന്നു.

  OTT പ്ലാറ്റ്‌ഫോം ഒരു പൊതു ഇടമല്ല. OTT പ്ലാറ്റ്‌ഫോം ആര്‍ക്കും എപ്പോഴും ആക്സസ് ചെയ്യാവുന്ന ഒരിടവുമല്ല. OTT ഒരു സബ്സ്ക്രിബ്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഇന്റർനെറ്റ് കണക്ഷന്റെ സഹായത്തോടെ ഒരു സ്മാർട്ട് ടിവി അല്ലെങ്കില്‍ ഒരു സ്മാർട്ട് ഫോണില്‍ മാത്രമേ OTT പ്ലാറ്റ്‌ഫോമില്‍ ആക്സസ് ചെയ്യുവാന്‍ സാധിക്കുകയുള്ളു.

  സബ്സ്ക്രിബ്ഷൻ ചെയ്താല്‍ മാത്രമെ OTTയിലേക്ക് പ്രവേശനമുള്ളു. ചുരുളി എന്ന സിനിമ സോണിലിവ് എന്ന OTT പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചതുകൊണ്ട് ആയത് പൊതു ഇടത്തില്‍ അല്ല പ്രദര്‍ശിപ്പിച്ചത്. അതിനാൽ Sec 294 IPC പ്രകാരം “Obscenity” എന്ന കുറ്റം ചുരുളി എന്ന സിനിമയില്‍ ചെയ്തതായി കണക്കിലെടുക്കാൻ കഴിയില്ല.

  Also Read- Dhanush - Aishwaryaa Rajnikanth | 'ദൈവഹിതം'; ധനുഷുമായുള്ള ബന്ധത്തെ ഒരിക്കൽ ഐശ്വര്യ വിശേഷിപ്പിച്ചത് ഇങ്ങനെ; താരദമ്പതികൾ വേർപിരിയുന്നു

  സിനിമാ സെന്‍സറിംഗ് നിഷ്‌കര്‍ഷിക്കുന്ന Cinematographic Act OTT പ്ലാറ്റ്‌ഫോമിന് നാളിതുവരെ ബാധകമാക്കിയിട്ടില്ല. OTT പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നത് (Intermediary Guidelines and Digital Media Ethics Code) Rules, 2021 എന്ന ചട്ടങ്ങളിലെ Rule 3 ലും Rule 4 ലുമാണ്. ഈ ചട്ടങ്ങള്‍ പ്രകാരം OTT പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ അതിന്റെ ഉള്ളടക്കം അനുസരിച്ചുള്ള ക്ലാസിഫിക്കേഷൻ നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ചുരുളി എന്ന സിനിമ OTT പ്ലാറ്റ്‌ഫോമില്‍ സിനിമ തുടങ്ങുന്നതിനു മുമ്പ് തന്നെ “A” (18+) (restricted to Adults) എന്ന് വ്യക്തമായി പ്രദര്‍ശി പ്പിച്ചിട്ടുണ്ട്. മാത്രവുമല്ല “Strong Language, Violence, Threat visuals” എന്നീ വാക്കുകള്‍ മുന്നറിയിപ്പായി വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

  ഇക്കാര്യങ്ങള്‍ Rule 3 ലും Rule 4 ലും നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. മേല്‍ പറഞ്ഞ റൂൾസാണ് ബാധകമായിട്ടുള്ളത്. അതില്‍ പറഞ്ഞിട്ടുള്ള എല്ലാ ചട്ടങ്ങളും OTT പ്ലാറ്റ്‌ഫോം പാലിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തിക്ക് ഈ classificationൽ പരാതിയുണ്ടെങ്കില്‍ മേല്‍ പറഞ്ഞ റൂളിലെ പാർട്ട് 3ലെ Grievance Redressal Mechanism വഴി പരാതിപ്പെടാവുന്നതാണ്. ഈ സംവിധാനം സ്വയം നിയന്ത്രണം എന്ന തത്വം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്ന് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പോലീസില്‍ പരാതിപ്പെടുവാനോ പോലീസ് നടപടികളോ ഉള്‍പ്പെടുന്നില്ല.

  ചുരുളി എന്ന സിനിമയില്‍ രാജ്യത്തിന്റെ ഭദ്രത, അഖണ്ഡത, മറ്റു രാജ്യങ്ങളുമായിട്ടുള്ള സൗഹൃദ ബന്ധങ്ങള്‍, മതപരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക, മതപരമായ സമാധാനം തകര്‍ക്കുന്നതോ ആയിട്ടുള്ള സംഭാഷണങ്ങളോ സീനുകളോ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ചുരുളി എന്ന സിനിമയില്‍ കാണുവാന്‍ കഴിയില്ല.

  ഇന്ത്യന്‍ ഭരണഘടന ആർട്ടിക്കിൾ 19 ആവിഷ്‌കാരസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. രാജ്യത്തിന്റെ നിയമ വ്യവസ്ഥ പ്രതിപാദിക്കുന്ന കുറ്റകൃത്യങ്ങള്‍ ഒന്നും ചെയ്യാത്തിടത്തോളം കല പൂര്‍ണ്ണമായി കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.

  മേല്‍ പറഞ്ഞ കാരണങ്ങള്‍ വിശദമായി പരിശോധിച്ചതില്‍ ചുരുളി എന്ന ചിത്രവും അതിലെ ഭാഷയും സംഭാഷണങ്ങളും ആ ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് യോജിച്ചതും ഒരു കലാസൃഷ്ടിക്ക് ഉതകുന്നതും കലാകാരന്റെ ആവിഷ്‌കാര സ്വാ തന്ത്ര്യത്തില്‍പെടുന്നതാണെന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.

  നിലവിലുള്ള നിയമ ങ്ങള്‍ ലംഘിക്കുകയോ ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യാത്തതു കൊണ്ടും ചുരുളി എന്ന സിനിമയ്‌ക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികള്‍ ഒന്നും എടുക്കേണ്ടതില്ല എന്ന് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു
  Published by:Rajesh V
  First published: