തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നടന് മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോഹൻലാൽ തന്നെ രംഗത്തെത്തി. പ്രിയദർശൻ ചിത്രം കുഞ്ഞാലി മരക്കാരിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലുള്ള താരം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. 'രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്ക്കാന് ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്ക് വരാന്‍ താത്പര്യമില്ല'- മോഹൻലാൽ പറഞ്ഞു.
മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തിരുവനന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എം എല്‍ എയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍ രംഗത്ത് വന്നത്. കഴിഞ്ഞ സെപ്തംബറില്‍ ജന്മാഷ്ടമി നാളില്‍ തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി പ്രാധാന്യത്തോടെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.