നടൻ ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടെയും മകൾ പ്രാർഥന ഇന്ദ്രജിത്ത് ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ്. മോഹൻലാൽ എന്ന സിനിമയിലെ ‘ഞാൻ ജനിച്ചന്ന് കേട്ടോരു പേര്’ എന്ന ഗാനം ആലപിച്ചാണ് പ്രാർഥന മലയാളത്തിലെത്തിയത്. പിന്നാലെ ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങളിലും പ്രാർഥന ആലപിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രാർഥന.
സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ ഗോവിന്ദ വസന്ത ഒരുക്കിയ ഗാനമാണ് പ്രാർഥന ആലപിച്ചത്. ‘രേ ബാവ്‌രേ’ എന്ന ഗാനം പ്രാർഥനയും ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
പ്രാർഥനയുടെ ആദ്യ ഹിന്ദി ഗാനത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയിലൂടെയാണ് പൃഥ്വി അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. 'എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, തായിഷ്കിന്റെ മുഴുവൻ ടീമിനും ആശംസകൾ. നിങ്ങൾക്കായി ഇതാ ഒരു ഗാനം...പ്രാർഥന ഇന്ദ്രജിത്തിന്റെ രേ ബാവ് രേ'- പാട്ട് പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
ഇന്ദ്രജിത്തും മകളുടെ പാട്ട് പങ്കുവെച്ചിട്ടുണ്ട്. പ്രാര്‍ഥനയുടെ ഹിന്ദി അരങ്ങേറ്റം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. അതേസമയം പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊച്ചിയിൽ സെൽഫ് ഐസൊലേഷനിലാണ് പൃഥ്വി. ഇതിനിടെയാണ് പൃഥ്വി പ്രാർഥനയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Indrajith Sukumaran, Poornima Indrajith, Prarthana Indrajith