• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva | 'കടുവ'യുടെ ഗര്‍ജനം ഇനി ആമസോണ്‍ പ്രൈമില്‍; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Kaduva | 'കടുവ'യുടെ ഗര്‍ജനം ഇനി ആമസോണ്‍ പ്രൈമില്‍; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമയുടെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്

കടുവ

കടുവ

  • Share this:
    തിയേറ്ററുകളില്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ പൃഥ്വിരാജ് - ഷാജി കൈലാസ് ചിത്രം കടുവയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാള സിനിമയില്‍ നിരവധി ആക്ഷന്‍ സിനിമകള്‍ ഒരുക്കിയ ഷാജി കൈലാസ് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കടുവ തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

    90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ആക്ഷന്‍ ഡ്രാമയായ കടുവ പറയുന്നത്. സംയുക്ത മേനോന്‍ നായിയാകുന്ന ചിത്രത്തില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

    ''കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം. കുറച്ചുകാലമായി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്, ''നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്‌നേഹം ലഭിക്കുന്നുണ്ട്, പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമ്പോള്‍ കടുവയ്ക്ക് അതേ സ്‌നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

    ''എന്റെ കരിയറില്‍ അതുല്യമായ വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ സിനിമയിലെ ജോസഫിന്റെ കഥാപാത്രം അതിന് ഉദാഹരണമാണ്. ഈ സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ലഭിക്കുന്ന സ്‌നേഹം കാണുമ്പോള്‍ സന്തോഷമുണ്ട്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള കൂടുതല്‍ പ്രേക്ഷകര്‍ക്ക് കടുവയെ കാണാനാകും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ''ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയ് പറഞ്ഞു.

    ആകര്‍ഷകവും രസകരവുമായ ആക്ഷന്‍ ഡ്രാമയുടെ എല്ലാ ചേരുവകളും കടുവയിലുണ്ട്, അതിന്റെ തീവ്രത കൂട്ടുന്ന വിധം പൃഥ്വിരാജും വിവേകും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്,'' സംവിധായകനായ ഷാജി കൈലാസ് പറഞ്ഞു. ''ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പ്രൈം വീഡിയോയിലൂടെ കടുവ ആസ്വദിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. '' അദ്ദേഹം തുടര്‍ന്നു.

    ലൂസിഫറിന് ശേഷം ബോളിവുഡ് താരം വിവേക് ഒബ്റോയ് വീണ്ടും മലയാളത്തില്‍ അഭിനിയിച്ച ചിത്രമായിരുന്നു കടുവ. ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ സംഭാഷണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ വിഷയത്തില്‍ പരസ്യമായി മാപ്പുപറയുകയും വിവാദ സംഭാഷണം സിനിമയില്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

     Also Read- കടുവ സിനിമയുടെ ഒടിടി റിലീസ് തടയണം; കുറുവച്ചന്റെ പുതിയ പരാതി

    സിനിമയുടെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും കാണിച്ച് നേരത്തെ ഇദ്ദേഹം കോടതിയെ സമീപിച്ചിരുന്നു.



    സെന്‍സര്‍ ബോഡിന്റെ നിര്‍ദ്ദേശപ്രകാരം കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്ന പേര് കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദ്ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളില്‍ കുറുവച്ചന്‍ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് കുറുവച്ചന്‍ പറയുന്നത്. ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് കുറുവച്ചന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

    പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംയുക്ത മോനോന്‍, അലന്‍സിയര്‍, ബൈജു, അര്‍ജുന്‍ അശോകന്‍, ഇന്നസെന്‍റ്, സീമ, പ്രിയങ്ക, ജനാര്‍ദ്ദനന്‍, എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

    കല: മോഹൻദാസ്, VFX : കോക്കനട്ട് ബഞ്ച്, സംഗീതം: ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., വേഷം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, സംഘട്ടനം: കനൽ കണ്ണൻ, മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മനോജ് എൻ., സ്റ്റിൽസ്: സിനത്ത് സേവിയർ, പബ്ലിസിറ്റി ഡിസൈനുകൾ: ആനന്ദ് രാജേന്ദ്രൻ, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, മാർക്കറ്റിംഗ്: പൊഫാക്ഷിയോ.
    Published by:Arun krishna
    First published: