ക്ലബ് ഹൗസിൽ തന്റെ പേരും ശബ്ദവും ഉപയോഗിച്ച മിമിക്രി കലാകാരനോട് ക്ഷമിച്ച് നടൻ പൃഥ്വിരാജ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് നായർ എന്ന കലാകാരന്റെ സന്ദേശവും അതിനൊപ്പം തനിക്ക് പറയാനുള്ളതും പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.
സൂരജ് എന്ന മിമിക്രി കലാകാരനാണ് പൃഥ്വിരാജിന്റെ പേരും ശബ്ദവും ക്ലബ് ഹൗസിൽ അനുകരിച്ചത്. സൂരജ് ഉദ്ദേശിച്ചത് നിരുപദ്രവകരമായ തമാശയായിരുന്നുവെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ അതുണ്ടാക്കിയ ഗുരുതരമായ പ്രത്യാഘാതകങ്ങൾ സൂരജ് ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകുമെന്ന് കരുതുന്നുവെന്നും താരം.
ക്ലബ് ഹൗസിൽ 2500 കൂടുതൽ പേർ സൂരജിന്റെ അനുകരണം കേട്ടിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും അത് താനാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകും. സിനിമാ മേഖലയിൽ നിന്നും പുറത്തു നിന്നുമുള്ള നിരവധി സന്ദേശങ്ങളാണ് ഇതുസംബന്ധിച്ച് തനിക്ക് വന്നത്. ഇതേ തുടർന്നാണ് അത് ഉടനടി നിർത്തേണ്ടത് തനിക്ക് അത്യാവശ്യമായി തീർന്നത്.
സൂരജ് തന്റെ തെറ്റ് സമ്മതിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മിമിക്രി മനോഹരമായ കലയാണെന്നും മലയാള സിനിമയിലെ നിരവധി പ്രമുഖർ മിമിക്രിയിലൂടെയാണ് ചുവടുവെച്ചതെന്നും സൂരജിനോട് താരം ഓർമിപ്പിക്കുന്നു.
വലിയ സ്വപ്നങ്ങൾ കാണൂ, അതിനായി കഠിനാധ്വാനം ചെയ്യൂവെന്നും അറിവ് നേടുന്നത് ഒരിക്കലും അവസാനിപ്പിക്കാതിരിക്കൂവെന്നുമാണ് സൂരജിനോട് പൃഥ്വിരാജ് പറയുന്നത്. അനുകരണകലയിൽ സൂരജിന് വിജയങ്ങൾ ആശംസിക്കാനും താരം മറന്നില്ല.
സൂരജിന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ക്ലബ് ഹൗസിൽ ഇല്ലെന്ന് ഒരിക്കൽ കൂടി പറഞ്ഞാണ് പൃഥ്വി കുറിപ്പ് അവസാനിപ്പിക്കുന്നത്.
You may also like:Prithviraj Sukumaran | ക്ലബ്ഹൗസിൽ 'പൃഥ്വിരാജ് സുകുമാരന്റെ' ചർച്ച; പങ്കെടുത്തത് ആയിരത്തിലധികം പേർ, വ്യാജ അക്കൗണ്ടിനെതിരെ രോഷാകുലരായി മെമ്പർമാരും
സൂരജിന്റെ സന്ദേശവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പേരിൽ ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയെന്ന് ഇതിൽ സൂരജ് സമ്മതിക്കുന്നുണ്ട്. എന്നാൽ അക്കൗണ്ട് സ്റ്റാർട്ട് ചെയ്തതിന് ശേഷമാണ് പേരും യൂസർ ഐഡിയും മാറ്റാൻ പറ്റില്ലെന്ന് അറിഞ്ഞത്. പൃഥ്വിരാജിന്റെ സിനിമകളിലെ ഡയലോഗുകൾ അനുകരിച്ച് ക്ലബ് ഹൗസ് റൂമിലെ പലരേയും രസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സൂരജ് പറയുന്നു.
താരത്തിന്റെ പേര് ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യത്തിലും താൻ പങ്കുചേർന്നിട്ടില്ല. ക്ലബ് ഹൗസ് റൂമിൽ രാജുവേട്ടൻ ലൈവായി വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നായിരുന്നു മോഡറേറ്റർമാർ ഉദ്ദേശിച്ചത്. എന്നാൽ അതിലേക്ക് ഇത്രയധികം ആളുകൾ വരുമെന്നോ വലിയ പ്രശ്നമാകുമെന്നോ കരുതിയില്ല.
ആരേയും പറ്റിക്കാനും പൃഥ്വിരാജിന്റെ പേരിൽ എന്തെങ്കിലും നേടിയെടുക്കാനുമായിരുന്നില്ല ഇത് ചെയ്തത്. തന്റെ പ്രവർത്തിയുടെ ഗൗരവം മനസ്സിലാക്കിയതിനാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നും സൂരജ് അറിയിച്ചിട്ടുണ്ട്. ചാറ്റിൽ പങ്കെടുത്ത വേദനിക്കപ്പെട്ട പൃഥ്വിരാജിന്റെ എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു.
നേരത്തേ, ഫാൻസ് ഗ്രൂപ്പിലെ സജീവ അംഗമായിരുന്നു താൻ. എന്നാൽ, ഇന്ന് ആരാധകർ തന്നെ തെറിവിളിക്കുകയാണെന്നും പൃഥ്വിരാജിന് അയച്ച സന്ദേശത്തിൽ സൂരജ് പറയുന്നുണ്ട്.
ക്ലബ്ബ് ഹൗസിൽ തന്റെ പേരും ശബ്ദവും അനുകരിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിനെതിരെ പൃഥ്വി നേരത്തേ രംഗത്തു വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.