• HOME
  • »
  • NEWS
  • »
  • film
  • »
  • Prithviraj Sukumaran | 'ആദ്യമായാണ് രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയ്ക്ക് ക്ഷണിക്കുന്നത്'; നഗരസഭാ വേദിയില്‍ പൃഥ്വിരാജ്

Prithviraj Sukumaran | 'ആദ്യമായാണ് രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയ്ക്ക് ക്ഷണിക്കുന്നത്'; നഗരസഭാ വേദിയില്‍ പൃഥ്വിരാജ്

കേരളത്തിലെ ഏറ്റവും വലിയ കാല്‍നടമേല്‍പ്പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പൃഥ്വിരാജ് മുഖ്യാതിഥിയായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം നഗരസഭയുടെ പരിപാടിയില്‍ നിറഞ്ഞ കൈയ്യടി നേടി നടന്‍ പൃഥ്വിരാജ്.  നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ കാല്‍നടമേല്‍പ്പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പൃഥ്വിരാജ് മുഖ്യാതിഥിയായിരുന്നു. മേല്‍പ്പാലത്തിന് അനുബന്ധമായി നിര്‍മിച്ച 'അഭിമാനം അനന്തപുരി' സെല്‍ഫി പോയിന്‍റിന്‍റെ ഉദ്ഘാടനവും താരം നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു.

    വന്‍ ജനക്കൂട്ടം പങ്കെടുത്ത കിഴക്കേക്കോട്ടയിലെ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം എത്തിയപ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. ഒരുപാട് കാലത്തിന് ശേഷമാണ് തിരുവനന്തപുരത്ത് തന്‍റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതെന്നും യാദൃച്ഛികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു.

    'എല്ലാവരും,  ജനിച്ച നാട്ടിൽ പോകുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടിൽ വരുമ്പോഴുള്ള സന്തോഷം എന്ന്. ഇതിൽ യഥാർത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിംഗ്. ഞങ്ങളൊക്കെ ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ പൊലീസ് നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സത്യത്തിൽ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്'.- പൃഥ്വിരാജ് പറഞ്ഞു.



    പരിപാടിയുടെ അധ്യക്ഷയായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ 'രാജുവേട്ടന്‍' എന്ന് വിളിച്ചാണ് വേദിയിലേക്ക് ക്ഷണിച്ചത്.  'ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു' എന്ന് പൃഥ്വിരാജും മറുപടി നല്‍കി.



    ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണ് തിരുവനന്തപുരം. അവരുടെ സ്മരണയിൽ ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കിയ ഈ ഐഡിയേഷൻ ടീമിനെ അഭിനന്ദനം അറിയിക്കുന്നതായി താരം പറഞ്ഞു.  ഞാൻ ജനിച്ച നാട്ടിൽ ഇത്തരമൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ വരുന്നതിൽ സന്തോഷമുണ്ടെന്നും. ഇത്തരം പദ്ധതികൾ ആര്യക്കും ആര്യയുടെ ടീമിനും നടത്താൻ സാധിക്കട്ടെയെന്നും പൃഥ്വിരാജ്  ആശംസിച്ചു.

    ഫെഫ്കയ്ക്ക് വേണ്ടി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കാപ്പ' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം തലസ്ഥാന നഗരിയില്‍ എത്തിയത്. ജി.ആര്‍ ഇന്ദുഗോപന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ 'കൊട്ട മധു' എന്ന ഗുണ്ടാ നേതാവിന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
    Published by:Arun krishna
    First published: