ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം ‘കാന്താരയിലെ’ (Kantara) വരാഹ രൂപം (Varaha Roopam) കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോഴിക്കോട് ടൗൺ പോലീസ് നടൻ പൃഥ്വിരാജിന്റെ (actor Prithviraj Sukumaran) മൊഴിയെടുക്കും. കോപ്പിയടി ആരോപണം ഉന്നയിച്ച് ‘തൈക്കുടം ബ്രിഡ്ജ്’ (Thaikkudam Bridge) എന്ന മ്യൂസിക് ബാൻഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൃഥ്വിരാജിനെ വിളിച്ചുവരുത്തുക. അദ്ദേഹത്തിന്റെ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം കൈകാര്യം ചെയ്തത്.
‘കാന്താര’യിലെ വരാഹരൂപം ഗാനം കോപ്പിയല്ലെന്നും ഒറിജിനൽ കോമ്പോസിഷനാണെന്നും സംവിധായകൻ ഋഷഭ് ഷെട്ടി പറഞ്ഞു. സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജ് നൽകിയ പരാതിയിൽ ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് കിരഗന്തൂരിനൊപ്പം തുടർച്ചയായ രണ്ടാം ദിവസവും അദ്ദേഹം കോഴിക്കോട് എത്തിയിരുന്നു.
പകർപ്പവകാശ ലംഘനമൊന്നുമില്ലെന്നും വരാഹരൂപം തന്റെ സൃഷ്ടിയാണെന്നും റിഷഭ് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് സ്വാഭാവികമായ നടപടിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസിപി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിഷഭിന്റെ മൊഴിയെടുത്തു. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായതായി പോലീസ് അറിയിച്ചു.
‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തിയ കാന്താര എന്ന സിനിമയുടെ പ്രദർശനം നിരോധിച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ പകർപ്പവകാശ ലംഘന കേസിൽ കാന്താരയുടെ നിർമ്മാതാവിനും സംവിധായകനുമെതിരായ അന്വേഷണം തുടരാൻ സുപ്രീം കോടതി അനുമതി നൽകി. ടൗൺ എസ്.ഐ. സുഭാഷ് ചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്.
പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച ‘കാന്താര’ എന്ന കന്നഡ ചിത്രം രാജ്യത്തുടനീളം വൻ വിജയമായിരുന്നു.
ഹോംബാലെ ഫിലിംസ്, ഋഷഭ് ഷെട്ടി, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ടൗൺ എസ്ഐ പറഞ്ഞു. അന്വേഷണത്തിന്റെ തുടർനടപടികൾക്കായി ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്‌റ്റേഷനിൽ ഹാജരാകാനും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ഗാനം കോപ്പിയടിച്ചെന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് ആദ്യം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുകയാണുണ്ടായത്. ഗാനം കോപ്പിയടിച്ചെന്നാരോപിച്ച് തങ്ങളുടെ വേദന പ്രകടിപ്പിക്കുകയും സിനിമാ സംഘത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള തങ്ങളുടെ അടുത്ത നടപടി പ്രഖ്യാപിക്കുകയും ചെയ്തു. പാട്ടിന്റെ ഓഡിയോ പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണെന്നും അതിനാൽ ജുഡീഷ്യറിയിൽ നിന്ന് നീതി തേടുകയാണെന്നും മ്യൂസിക് ബാൻഡ് പറയുന്നു.
Summary: Prithviraj Sukumaran to be summoned by police in Varaha Roopam copyright infringement case pertaining to the movie Kantara
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.