1971ല്‍ സിനിമയില്‍ വന്നുവെങ്കിലും 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്' മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ട എന്നതാണ് മറുവാദം. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.
തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്ക് സിനിമയിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയിൽ നായകനായി അരങ്ങേറ്റം നടത്തിയത് ധർതിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയിൽ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കർ (2000) എന്ന ഇന്ത്യൻ-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.
മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടിയിട്ടുണ്ട്. 1998 ൽ, ഇന്ത്യൻ സർക്കാർ ഇൻഡ്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2010 ൽ കോഴിക്കോട് സർവകലാശാലയും കേരള സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി.