പ്രതിഫലം ചോദിച്ചപ്പോൾ WCCയുടെ പ്രധാന പ്രവർത്തകയായ സംവിധായിക പ്രൊജക്റ്റിൽ നിന്നും മാറ്റിയെന്ന ആരോപണവുമായി കോസ്റ്യൂം ഡിസൈനർ സ്റ്റെഫി സേവിയർ രംഗത്തെത്തിയിരുന്നു.
വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തെന്നും, ഒടുവിൽ റെമ്യൂണറേഷന്റെ കാര്യം വന്നപ്പോൾ തന്നെ പുറത്താക്കുകയും ചെയ്തെന്നാണ് സ്റ്റെഫിയുടെ ആരോപണം.
എന്നാൽ ആരെങ്കിലും പ്രതികരിക്കുമ്പോൾ 'നിങ്ങൾ ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്നയാളെന്ന്' ഡയലോഗ് പറയുകയാണോ വേണ്ടത് എന്ന് നിർമാതാവ് ഷിബു ജി. സുശീലൻ. സ്റ്റെഫിയുടെ ആരോപണം വന്ന ശേഷം സ്ത്രീകളുടെ തുല്യതക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നെന്ന പേരിൽ ആരംഭിച്ച സംഘടനയായ വിമെൻ ഇൻ സിനിമ കളക്ട്ടീവ് (WCC) എന്ത് നടപടി സ്വീകരിച്ചു എന്ന് ഇദ്ദേഹം ചോദിക്കുന്നു.
വിശദമായ ഫേസ്ബുക് പോസ്റ്റ് ചുവടെ:
കോസ്റ്യൂം ഡിസൈനർ സ്റ്റെഫിക്ക് ആ നായിക/മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്പോൾ WCCയിൽ ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും, അത് ശരിയല്ല. പേര് തുറന്നു പറയാൻ ധൈര്യം കാണിക്കണം.
അവസരം തന്നത് ഇവിടെയുള്ള നിർമ്മാതാക്കളും സംവിധായകരുമാണ്. അതുകൊണ്ടു പേര് പറയാൻ മടി കാണിക്കേണ്ട കാര്യമില്ല. ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവർത്തകയോട് ഇങ്ങനെയാണോ ചെയ്യുന്നത്?
ഇതാണോ വനിതാ സ്നേഹം? ഇതിനുള്ള 'ഒരിടം' ആണോ WCC?
ഡയലോഗ് പറഞ്ഞിട്ടോ ബാനർ പൊക്കി പിടിച്ചു ഡാൻസ് കളിച്ചിട്ടോ കാര്യമില്ല. കൂടെ നിർത്താനുള്ള മനസ്സാണ് വേണ്ടത്. അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരിയല്ല.
സ്റ്റെഫിയെ സിനിമയിൽ വർക്ക് ചെയ്യാൻ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏൽപ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തുകൊടുത്തു.
എന്നാൽ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വർക്ക് ചെയ്യാൻ അവരുടെ അസിസ്റ്റന്റിനെ വിളിക്കുക. അത് വളരെ മോശമായി പോയി. നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്ട് ചെയ്യാൻ വിളിച്ചാൽ നിങ്ങൾ പ്രതികരിക്കില്ലേ?
ഇക്കാര്യങ്ങളിൽ സ്റ്റെഫി പ്രതികരിച്ചപ്പോൾ
'സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്നയാളാണ്' എന്ന ഡയലോഗ് പറയുകയാണോ ചെയ്യേണ്ടത്. ഇതൊക്കെ WCC യിലെ ഒരംഗം പറയുന്നത് ശരിയാണോ?
സിനിമയിൽ സ്ത്രീകൾക്ക് നേരെ വിവേചനം ഉണ്ടെന്ന് പറഞ്ഞ് വന്ന സ്ത്രീസംഘടനയായ WCCയിലുള്ള ഒരു സംവിധായിക ഇങ്ങനെയാണോ സഹപ്രവർത്തകയോട് പെരുമാറുന്നത്.
സ്റ്റെഫിയോട് WCCയിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടിയാണ് വനിത സംഘടന എടുത്തത് ?
ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാൻ WCC എന്ന സംഘടന തയാറാകുമോ? പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂളിൽ നിന്ന് മാറ്റി നിർത്തിയിട്ട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കിയതിൽ സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാൻ സാധിക്കുന്നത്.
സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവിൽ
കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയ വ്യക്തിയാണ്. 2015ല്‍ സിനിമാ ജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്‌ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതിൽ ഫെഫ്കയൂണിയന് അഭിമാനിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Geetu Mohandas, Geetu Mohandas Moothon, Stephy Xavior, Wcc, Women in cinema collective