വേറിട്ട ഒരു അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കന്നഡ ചിത്രമാണ് കാന്താര. ഇതിനോടകം തന്നെ നിരവധി റെക്കോർഡുകളാണ് ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ത്തത്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇന്ത്യയിലെങ്ങും തരംഗമായി മാറി. ഇപ്പോഴിതാ ബാഹുബലി, RRR, തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
“വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും” ഫിലിം കമ്പാനിയനുമായി സംസാരിച്ച ശേഷം എസ്എസ് രാജമൗലി പറഞ്ഞു.
“പ്രേക്ഷകർ എന്ന നിലയിൽ ഇത് ആവേശകരമായ കാര്യമാണ്, പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയിൽ, നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്.” – രാജമൌലി പറഞ്ഞു. കന്താര കന്നഡയിൽ സെപ്റ്റംബർ 30-നും ഹിന്ദിയിൽ ഒക്ടോബർ 14-നുമാണ് റിലീസ് ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
കാന്താരയുടെ പ്രധാന ആകര്‍ഷണം ഭൂത കോല എന്ന് വിളിക്കപ്പെടുന്ന കർണ്ണാടകയിലെ പരമ്പരാഗത നൃത്തമാണ്. റിഷബ്, കിഷോര്‍, അച്യുത് കുമാര്‍, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെത്തിച്ചത്. ഹിന്ദി പതിപ്പ് ആഴ്ചകള്‍ കൊണ്ട് തന്നെ നിരവധി ബോളിവുഡ് റിലീസുകളെ കടത്തി വെട്ടി. 400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. ഇപ്പോള്‍ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.