രാജിനി ചാണ്ടിയുടെ അതേ പ്രായമുള്ള ഒരു സിനിമ നടൻ സ്റ്റൈലിഷ് ലുക്കിൽ വന്നാൽ കയ്യടിച്ചാണ് പ്രേക്ഷകർക്ക് ശീലം. പക്ഷെ അതേ സ്ഥാനത്ത് ഒരു സ്ത്രീയായപ്പോൾ സൈബർ സദാചാര വാദികൾക്ക് പൊറുതിമുട്ടി. ഒരു മുത്തശ്ശി ഗദയിലെ മുത്തശ്ശിയായും, ബിഗ് ബോസ് മത്സരാർഥിയായും മലയാളി പരിചയപ്പെട്ട രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ അവർ ധരിച്ച വസ്ത്രങ്ങളെ സദാചാരത്തിന്റെ അളവുകോല് കൊണ്ടളന്നു. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ, സഭ്യത തൊട്ടുതീണ്ടാതെ തെറിയഭിഷേകം നടത്തി. എല്ലാം കണ്ടതിനും കേട്ടതിനും ശേഷം രാജിനി ചാണ്ടി ന്യൂസ് 18 മലയാളത്തോട് പ്രതികരിക്കുന്നു.
ക്രിസ്മസിന് എനിക്കൊരു ഷൂട്ടുണ്ടായിരുന്നു. അവിടെവച്ച് ആതിര എന്ന കുട്ടിയെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. ഒരു കപ്പിളിന്റെ ന്യൂഡ് ഫോട്ടോഷൂട്ടോക്കെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ആന്റി എങ്ങനെയാ എന്ന് ചോദിച്ചു.
മുംബൈയിൽ ആയിരുന്നത് കൊണ്ടാവണം, വസ്ത്രങ്ങളോട്
എനിക്ക് കോംപ്ലക്സ് ഒന്നുമില്ല. 'ഐ കാൻ വെയർ എനിതിംഗ്, ഐ ഡോണ്ട് കെയർ' എന്ന് പറഞ്ഞു. സ്വിം സ്യൂട്ട് ഇട്ടാണ് നീന്താൻ പോകാറ്. എന്നാൽ ആന്റിയുടെ ഒരു ഫോട്ടോഷൂട്ടായാലോ എന്ന് മോള് ചോദിച്ചു. ആദ്യം അത് കാര്യമായി എടുത്തില്ല. പക്ഷെ ആതിര വീണ്ടും ഫോട്ടോഷൂട്ട് എന്തായി എന്ന് പറഞ്ഞ് വിളിച്ചു.
Also read: എന്തൊരു മേക്കോവർ! മുത്തശ്ശി വേഷം പഴങ്കഥ; അടിപൊളി ലുക്കിൽ രാജിനി ചാണ്ടിഒരാഴ്ചയ്ക്കകം സ്വിംസ്യൂട്ട് അടക്കം കോസ്റ്റ്യൂമുമായി വന്നു. ഞാൻ അതെന്താണെന്നൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ റിയാലിറ്റി ഷോയിൽ പോയി വന്ന ശേഷം ജനം എങ്ങനെ സ്വീകരിക്കും എന്നൊരു ചെറിയ ഭയമുണ്ടായിരുന്നു.
വാക്ക് പാലിക്കൽ, സമയ നിഷ്ഠത ഒക്കെ എനിക്ക് പ്രധാനമാണ്. ഞാൻ ആ മോൾക്ക് വാക്ക് കൊടുത്താണ്. അവൾ അതെല്ലാം കൊണ്ട് വന്നപ്പോൾ 'എന്നാൽ ലെറ്റ് അസ് ട്രൈ' എന്നായി ഞാൻ.
ഇതൊക്കെ ഇത്രയും കോംപ്ലിക്കേറ്റഡ് വേഷങ്ങളാവും എന്നറിയില്ലായിരുന്നു. ഞാൻ അത് ആസ്വദിച്ചു തന്നെ ചെയ്തു. ഭർത്താവും പിന്തുണച്ചു. ഒറ്റ ദിവസം കൊണ്ട് ഷൂട്ട് തീർത്തു. അവിടെ ഒരു പ്രശ്നവുമുണ്ടായില്ല
നമ്മൾ ആരെപ്പേടിച്ച്, ആരെ ബോധിപ്പിക്കാനാ ജീവിക്കുന്നത്? നിങ്ങൾ ഒരു കാര്യം എൻജോയ് ചെയ്യുമെങ്കിൽ, അത് ചെയ്യുക.
കമന്റുകൾ കണ്ടു ഞാൻ ശീലിച്ചു. ബിഗ് ബോസിൽ നിന്നുമിറങ്ങിയ ശേഷം ഇതിലും വലിയ കമന്റുകൾ വന്നിരുന്നു. അന്നത് കണ്ട് വിഷമിച്ചിരുന്നു. ഞാൻ ആത്മഹത്യ ചെയ്യും എന്ന് വരെ പറഞ്ഞു. ഞാനൊരു സിനിമയിൽ അഭിനയിച്ചു എന്നതൊഴിച്ചാൽ, ഞങ്ങൾ ഞങ്ങളുടെ ചട്ടക്കൂടിൽ ജീവിക്കുന്നവരായിരുന്നു. പൊതുജനത്തിന്റെ തെറി വിളി ഉൾക്കൊള്ളാൻ പോലും കഴിയാത്തവരാണ്. ഞങ്ങൾ ആരുടേയും കാര്യങ്ങളിൽ ഇടപെടാറുമില്ല. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്.
വലിയ ഒരു സംഭവത്തിലൂടെ കടന്നു പോയത് കാരണം, എന്തുവന്നാലും നേരിടാൻ തയാറെടുത്തിരുന്നു.
Also read: മോഡേൺ ആവാൻ പ്രായം നിശ്ചയിച്ചതാരാണ്? രാജിനി ചാണ്ടിക്ക് നേരെ സൈബർ ആക്രമണംകമന്റ് ഇടുന്നവരിൽ ധൈര്യമുള്ള ആരുമില്ല. എല്ലാം ഫെയ്ക് ഐ.ഡി.ക്കാരാണ്. എന്നെ അങ്ങനെ പറയാൻ ധൈര്യമുണ്ടെങ്കിൽ നേരിട്ട് വന്നു പറയൂ, ഞാൻ മറുപടി കൊടുക്കാം. പേടി ആയതുകൊണ്ടാല്ലേ ഫെയിക് ഐ.ഡി.യിൽ വന്ന് തെറിവിളിക്കുന്നത്? ധൈര്യമുണ്ടെങ്കിൽ 'ആന്റി ഞാനാണ്' അല്ലെങ്കിൽ 'തള്ളേ ഞാനാണ്' എന്ന് പറഞ്ഞ് എന്റെ എടുത്തു വരട്ടെ. ധൈര്യമുണ്ടോ?
ഇതിൽ ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. ബിഗ് ബോസിൽ നിന്നുമിറങ്ങിയപ്പോൾ 18 വയസ്സുള്ള ഒരു പെൺകുട്ടി ടിക്ടോക്കിൽ പറഞ്ഞുകൂട്ടിയ തെറിക്ക് കയ്യുംകണക്കുമില്ല. ആളെ അറിയാമായിരുന്നെങ്കിൽ വീട്ടിൽ പോയിട്ട്, 'ഒരാളെ തെറി പറയും മുൻപ് ആ ആളെ ഒന്ന് മനസ്സിലാക്കൂ' എന്ന് പറഞ്ഞേനെ. അത് കഴിഞ്ഞിട്ട് തെറി പറയൂ. ഇതിപ്പോ റിയാലിറ്റി ഷോയുടെ ഒരു മണിക്കൂർ പരിപാടി കണ്ട് ഞാൻ തെറ്റാണെന്ന് പ്രഖ്യാപിക്കുന്നു.
ഫോട്ടോഷൂട്ടിൽ സ്വിം സ്യൂട്ട് ഇടാൻ ആ മോള് പറഞ്ഞു, പക്ഷെ ആവശ്യമില്ലാതെ ആൾക്കാരെക്കൊണ്ട് ഓരോന്നും പറയിക്കേണ്ട എന്ന് കരുതി വേണ്ടെന്നു വച്ചു. എന്റെ നിർബന്ധം കൊണ്ടാണ് ചെയ്യാത്തത്. സ്വിമ്മിങ് പൂളിൽ പോകുമ്പോൾ സ്വിം സ്യൂട്ട് ഇട്ടാണ് കുളിക്കുക. അത് അവിടെ മതിയല്ലോ.
എനിക്ക് 70 വയസ്സായി. ഞാൻ എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പോകുന്നു. എത്രയോ അപ്പനമ്മമാർ കഷ്ടപ്പെട്ടു മക്കളെയെല്ലാം പഠിപ്പിച്ച് വലിയ നിലയിലാക്കിക്കാണും. അന്ന് ചെയ്യാൻ കഴിയാതെ പോയതെല്ലാം ഇന്ന് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാവും. ഇവരെ പേടിച്ചിട്ടു വായ തുറന്നു പറയുമോ? നല്ല സമ്പാദ്യമുണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിയാതിരിക്കുന്നവർ ഇപ്പോഴും ഉണ്ടാവും. അവർ ചെയ്യണമെങ്കിൽ ചെയ്തോട്ടെ എന്നൊരു പോസിറ്റീവ് എനർജി കൊടുക്കാൻ കൂടി വേണ്ടിയാണിത്.
നമ്മൾ ആരെയും ദ്രോഹിക്കാൻ പോയിട്ടില്ല, കക്കാനോ പിടിച്ചുപറിക്കാനോ പോയിട്ടില്ല. എല്ലാരേയും സ്നേഹിക്കാറേയുള്ളൂ. ഇഷ്ടപ്പെട്ടവരും അഭിനന്ദിച്ചവരും ഒട്ടേറെയുണ്ട്. നമ്മുടെ ജീവിതത്തിൽ നാളെയുണ്ടോ എന്നറിയില്ല. അറിയാത്ത ഒരാളോട് വെറുപ്പും വിദ്വേഷവും കൊണ്ട് എന്ത് നേടി? ഇവരെല്ലാം നേരെയാണോ? നല്ലതു കണ്ടാൽ അഭിനന്ദിക്കുക, ഇല്ലെങ്കിൽ അവഗണിക്കുക.
അല്ല പിന്നെ."
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.