തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജന്മദിനമാണ് ഇന്ന് (ഡിസംബര്‍ 12).ഈ ജന്മദിനത്തില് രജനീകാന്ത് എന്ന വ്യക്തിയെപ്പറ്റി അദ്ദേഹത്തിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന കെ സി ജെയിംസ് പങ്കുവെച്ച ഓര്‍മ്മക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയാണ് ജെയിംസ്. 1974-75 കാലത്ത് മദ്രാസിലെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സില്‍ പഠിക്കുമ്പോഴാണ് രജനീകാന്തിനെ ജെയിംസ് പരിചപ്പെടുന്നത്. അഭിനയത്തോടുള്ള രജനീകാന്തിന്റെ അഭിനിവേശം അന്നു മുതല്‍ തന്നെ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് ജെയിംസ് പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്സിപ്രസ്സിനോടാണ് ജെയിംസ് തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്.
രജനീകാന്ത് എന്ന നടനെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം തെളിയുന്നത് അദ്ദേഹത്തിന്റെ സ്റ്റൈല്‍ തന്നെയാണെന്നാണ് ജെയിംസ് പറയുന്നു. രജനീകാന്ത് നടക്കുന്നത് പോലും ഒരു പ്രത്യേക സ്റ്റൈലിലാണ് അദ്ദേഹം പറഞ്ഞു.
‘ ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്ക് പോകാൻ തിരക്ക് കൂട്ടുമ്പോഴും ഇന്‍സ്റ്റിറ്റ്യൂട്ടിൽ തന്നെ ഇരിക്കാറുള്ളത് രജനീകാന്ത് മാത്രമായിരുന്നു. നടക്കുന്ന രീതി വരെ അദ്ദേഹം അവിടെ പരിശീലിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്,’ ജെയിംസ് പറഞ്ഞു.
അതേസമയം സിനിമകളില്‍ സിഗരറ്റ് മേലേക്ക് എറിഞ്ഞ് അത് കൃത്യമായി ചുണ്ടിലേക്ക് വരുത്തുന്ന രംഗങ്ങളും മണിക്കൂറുകള്‍ നീണ്ട അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ ഒന്നിച്ച് പുറത്തുപോകുമ്പോഴെല്ലാം രജനി ഒരു സിഗരറ്റ് വാങ്ങിക്കുമായിരുന്നു. എന്നിട്ട് അത് മേലേയ്ക്ക് എറിഞ്ഞ് ചുണ്ടിൽ കൃത്യമായി പിടിക്കാൻ പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളെല്ലാം നാച്വറല്‍ ആക്ടിംഗിനെപ്പറ്റിയുള്ള കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍ രജനിയുടെ ശ്രദ്ധ സ്റ്റൈലിസ്റ്റിക് ആയുള്ള അഭിനയ രീതികളിലായിരുന്നു,’ ജെയിംസ് കൂട്ടിച്ചേര്‍ത്തു.
Also read-വിവാഹത്തിന് വധുവിന് വരൻ നൽകിയ സമ്മാനം കണ്ടാൽ ആരുമൊന്ന് നെറ്റി ചുളിക്കും!
രജനികാന്ത് എന്ന നടന് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനത്തെപ്പറ്റിയും ജെയിംസ് മനസ്സ് തുറന്നു. ഫിലിം കോഴ്സിന്റെ ഭാഗമായി തങ്ങള്‍ക്ക് നിരവധി ഇംഗ്ലീഷ് ചിത്രങ്ങളും വിദേശഭാഷ ചിത്രങ്ങളും കാണേണ്ടതുണ്ടായിരുന്നു. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, അമേരിക്കന്‍ കോണ്‍സുലേറ്റ് സ്റ്റുഡിയോ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ടിക്കറ്റ് എടുത്താണ് തങ്ങള്‍ ഈ ചിത്രങ്ങള്‍ കണ്ടിരുന്നത്. സിനിമ കണ്ട ശേഷം തൊട്ടടുത്ത ദിവസം ഇതേപ്പറ്റി ക്ലാസ്സില്‍ വിശകലനം ചെയ്യണമായിരുന്നു. അന്ന് ആ ചിത്രങ്ങളിലെ അഭിനേതാക്കളെപ്പറ്റി വിശകലനം ചെയ്തിരുന്നത് രജനീകാന്ത് മാത്രമാണ്. അദ്ദേഹം അത് ഇംഗ്ലീഷില്‍ തന്നെ അവതരിപ്പിക്കുമായിരുന്നുവെന്നും ജെയിംസ് ഓര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ ഉച്ചാരണം തങ്ങളെ അദ്ഭുതപ്പെടുത്തിയിരുന്നുവെന്നും ജെയിംസ് പറയുന്നു.
വെറും സഹപാഠികള്‍ മാത്രമായിരുന്നില്ല ജെയിംസും രജനീകാന്തും. പഠിക്കുന്ന കാലത്ത് ഒരേ ഹോട്ടല്‍ റൂമിലാണ് ഇരുവരും താമസിച്ചിരുന്നത്. പന്ത്രണ്ടോളം സിനിമകളില്‍ അഭിനയിച്ച ആളാണ് കെ.സി ജെയിംസ്.
1975ലാണ് വിന്‍സെന്റ് സംവിധാനം ചെയ്ത ‘പ്രിയമുള്ള സോഫിയ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ജെയിംസിന് അവസരം ലഭിക്കുന്നത്. അന്ന് ജെമിനി സ്റ്റുഡിയോയ്ക്ക് അടുത്തുള്ള തന്റെ മുറിയിലെത്തി തന്നെ അഭിനന്ദിച്ച ഒരേയൊരാളാണ് രജനീകാന്ത് എന്നും ജെയിംസ് പറയുന്നു.
പിറ്റേവര്‍ഷം മുതല്‍ തമിഴില്‍ രജനീകാന്തിനും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറുകയും ചെയ്തുവെന്നും ജെയിംസ് ഓര്‍ത്തെടുക്കുന്നു.
ഒരു തമിഴ് സിനിമയിലും 11 മലയാളം സിനിമയിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ജെയിംസ്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം പിന്നീട് തെളിയിക്കുകയും ചെയ്തു.
1982ല്‍ പ്രേംനസീറിനെ കേന്ദ്ര കഥാപാത്രമാക്കി ജെയിംസ് സംവിധാനം ചെയ്ത ചിത്രമാണ് തിടമ്പ്. ഈ ചിത്രത്തിലൂടെയാണ് സംവിധാനമേഖലയിലേക്കും അദ്ദേഹം കടന്നത്. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ താന്‍ തയ്യാറാണെന്നും ജെയിംസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.