പ്രഖ്യാപന ദിവസം മുതല്‍ സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ദളപതി വിജയുടെ (Vijay) ബീസ്റ്റ് (Beast). കോലമാവ് കോകില, ഡോക്ടര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നെല്‍സണ്‍ ദിലീപ് കുമാറാണ് (Nelson Dilipkumar) ബീസ്റ്റിന്റെ സംവിധായകന് എന്നതും ചിത്രത്തിന്റെ പ്രീ റിലീസ് ഹൈപ്പ് ഉയരാന്‍ കാരണമായി . എന്നാല്‍ സാമ്പത്തിക വിജയം നേടുമ്പോഴും തിയേറ്ററുകളില്‍ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല. കെജിഎഫ് തീര്‍ത്ത തരംഗത്തില്‍ ബീസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
ബീസ്റ്റിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് (Rajinikanth) നായകനാകുന്ന ചിത്രം തലൈവര്‍ 169 (Thalaivar 169) സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. പേട്ടയ്ക്കും ദര്‍ബാറിനും ശേഷം അനിരുദ്ധ് സംഗീതം പകരുന്ന രജനി ചിത്രമായിരിക്കും ഇത്. എന്നാല്‍ ബീസ്റ്റ് കണ്ട രജനീകാന്തിന് ചിത്രം ഇഷ്ടപ്പെടാത്തതിനാല്‍ സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. സണ്‍ പിക്ചേഴ്സ് തന്നെയാണ് രജനിക്കായി ബീസ്റ്റിന്റെ സ്പെഷല്‍ സ്ക്രീനിംഗ് ഒരുക്കിയതെന്നാണ് വിവരം.
സമീപകാലത്ത് ഇറങ്ങിയ പല മികച്ച ചിത്രങ്ങളും കണ്ടിട്ടുള്ള രജനി അണിയറക്കാരെ വിളിച്ച് അഭിനന്ദിക്കുകയോ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബീസ്റ്റ് സിനിമയെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം ഈ പ്രചരണം സത്യമാവരുതേയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്കൊപ്പം നെല്സന് പകരം പുതിയ സംവിധായകന് ചിത്രം ചെയ്യണമെന്ന് കരുതുന്നവരും ഉണ്ട്. അതേസമയം നിലവിലെ പ്രചരണത്തില്‍ വാസ്തവമൊന്നുമില്ലെന്നാണ് രജനികാന്തിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനിയുമായി തിരക്കഥ ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് നെല്‍സണെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, വിജയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തങ്ങളുടെ കഴിവ് തെളിയിച്ച പുതുതലമുറയിലെ സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം ഒന്ന് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് ചന്ദ്രശേഖര്‍ പറയുന്നു. ബീസ്റ്റില്‍ തിരക്കഥയ്ക്കും സംവിധാനത്തിനും പ്രതീക്ഷിച്ച നിലവാരമില്ലായിരുന്നെനും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
'ബീസ്റ്റിലെ അറബിക് കുത്ത് ഗാനരംഗം വരെ നന്നായി ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം ചിത്രം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയ്യുടെ താരപദവിയെ ആശ്രയിച്ചായിരുന്നു ചിത്രം നിലനിന്നത്. തിരക്കഥയും സംവിധാനവും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടേതായ ശൈലിയില്‍ സിനിമയെടുത്ത് അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ബോക്സ് ഓഫീസില്‍ ബീസ്റ്റിന് വിജയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്കുന്നതായിരുന്നില്ല.' - ചന്ദ്രശേഖര്‍ പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.