• HOME
 • »
 • NEWS
 • »
 • film
 • »
 • KGF 2 | കെജിഎഫ് ബോളിവുഡിന് മേല്‍ കന്നട സിനിമ പ്രയോഗിച്ച ആറ്റം ബോംബെന്ന് രാംഗോപാല്‍ വര്‍മ്മ

KGF 2 | കെജിഎഫ് ബോളിവുഡിന് മേല്‍ കന്നട സിനിമ പ്രയോഗിച്ച ആറ്റം ബോംബെന്ന് രാംഗോപാല്‍ വര്‍മ്മ

കെജിഎഫിന്‍റെ വിജയത്തില്‍ സംവിധായകനെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച രാംഗോപാല്‍ വര്‍മ്മ ബോളിവുഡിനെ രൂക്ഷമായാണ് വിമര്‍‌ശിച്ചത്

 • Share this:
  ബോക്സ് ഓഫീസില്‍ ചരിത്രമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2)ന് അഭിനന്ദനവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ(Ram Gopal Varma). താരങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് സിനിമയുടെ നിര്‍മ്മാണത്തിന്  വേണ്ടിയാണ് നിര്‍മാതാക്കള്‍ പണമുടക്കേണ്ടതെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബോളിവുഡ് സിനിമ കെജിഎഫിനെ മാതൃകയാക്കണം, തമിഴിലും തെലുങ്കിലും അവരിത് പ്രാവര്‍ത്തികമാക്കി കാണിച്ചതാണ്. സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫിനെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

  ഹിന്ദിയിലടക്കം കെജിഎഫ് നേടിയ വമ്പന്‍ വിജയം ബോളിവുഡിന് മേല്‍ കന്നട സിനിമ പ്രയോഗിച്ച അണുബോംബ് ആണ്. ചിത്രം ബോളിവുഡിനാകെ ഒരു പേടിസ്വപ്നമായി മാറിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

  റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കം റോക്കി ഭായിയുടെ രണ്ടാം വരവിനെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. പ്രേക്ഷകരും നിരൂപകരും സിനിമയെക്കുറിച്ച് ഒരേ സ്വരത്തിൽ തന്നെ പ്രതികരിക്കുന്നു. യഷ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം ഇരു പകുതികളിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല എന്ന് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്.
  ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളിൽ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. ഒരു ഒറിജിനൽ കന്നഡ സിനിമയുടെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്തതാണ് ഇതെല്ലാം.


  അതേസമയം, കെജിഎഫ് ചാപ്റ്റർ 2വിന്റെ ഇന്ത്യൻ ബോക്സോഫീസിലെ ആദ്യദിന കളക്ഷൻ അണിയറപ്രവത്തകർ പുറത്തുവിട്ടിട്ടുണ്ട്. കന്നഡയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്.

  ഏതൊക്കെ റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തതെന്ന വിശകലനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപണിംഗ് ആണ് നേടിയത്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. 7.2 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്.

  കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്.

  2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.
  Published by:Arun krishna
  First published: