• HOME
 • »
 • NEWS
 • »
 • film
 • »
 • PADA MOVIE | 'പട' തിരയിലെ പടമാകുമ്പോള്‍ കാല്‍ നൂറ്റാണ്ടിന് മുന്‍പ് പാലക്കാട് നടന്ന 'പട' എന്തായിരുന്നു?

PADA MOVIE | 'പട' തിരയിലെ പടമാകുമ്പോള്‍ കാല്‍ നൂറ്റാണ്ടിന് മുന്‍പ് പാലക്കാട് നടന്ന 'പട' എന്തായിരുന്നു?

 • Share this:
  കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കെ.എം. കമൽ പട എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.  പ്രഖ്യാപനം മുതല്‍ തന്നെ ഈ സംഭവത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും കൊണ്ടാണ് സിനിമ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത്. ചരിത്രത്തിന്‍റെ ഭാഗമായി മാറിയ അയ്യങ്കാളിപ്പടയുടെ കഥ പറയുന്ന പട എന്ന സിനിമയുടെ പിറവിക്ക് കാരണമായ ആ സംഭവം എന്താണ്.

  1996 ഒക്ടോബര്‍ നാല്. പാലക്കാട് കളക്ടറേറ്റിലേക്ക് എത്തിയ പൊലീസ് കളക്ടര്‍ ഡബ്ല്യു.ആര്‍.റെഡ്ഡിയുടെ ഓഫീസ് വളഞ്ഞതോടെ ആകെ സംശയമായി. പിന്നെയാണ് പൊതുജനം ആ വിവരമറിയുന്നത്. രാവിലെ പത്തരയോടെ നാൽവർ സംഘം കളക്ടറെ ബന്ദിയാക്കിയിരുന്നു. അയ്യങ്കാളിപ്പടയാണ് തങ്ങൾ എന്ന് സംഘം അറിയിച്ചു. അവരുടെ കൈയില്‍ തോക്കും ബോംബുമുണ്ടെന്ന വാര്‍ത്ത പരന്നു.

  READ ALSO- PADA MOVIE | 'പട'യൊരുക്കം കഴിഞ്ഞു, ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

  സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാ കളക്ടര്‍ ജില്ലാ ഭരണകേന്ദ്രത്തില്‍ തന്നെ ബന്ദിയാക്കപ്പെട്ടു. കല്ലറ ബാബു, വിളയോടി ശിവന്‍കുട്ടി, കാഞ്ഞങ്ങാട് രമേശന്‍, അജയന്‍ മണ്ണൂര്‍ എന്നീ ചെറുപ്പക്കാരിയിരുന്നു സംസ്ഥാന ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഘത്തിലുണ്ടായിരുന്നത്.

  ഏഷ്യാനെറ്റ് വാര്‍ത്താസംഘം വന്നതിന് ശേഷമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന് സംഘം ഡിമാന്‍ഡ് വെച്ചു. ചർച്ച നടക്കുന്ന കാര്യം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്നതായിരുന്നു മറ്റൊരു ആവശ്യം.അന്ന് കേരളത്തിലെ ടെലിവിഷൻ ചാനലായി ഏഷ്യാനെറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

  നായനാര്‍ മന്ത്രിസഭ (1996-2001) പാസാക്കിയ ഒരു നിയമഭേദഗതിയായിരുന്നു ഈ ബന്ദിയാക്കൽ സമരത്തിന് കാരണം. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥ മാറ്റി അവർക്ക് മറ്റൊരിടത്ത് ഭൂമി കൊടുത്താല്‍ മതിയെന്നായിരുന്നു നിയമഭേദഗതി. യുഡിഎഫ്-എല്‍ഡിഎഫ് എം.എല്‍.എ.മാര്‍ ഐകകണ്ഠ്യേന നിയമം പാസാക്കി.എന്നാൽ‍ ജെ.എസ്എ.സ് അംഗം കെ. ആര്‍.ഗൗരിയമ്മ മാത്രം ഭേദഗതിയെ എതിര്‍ത്തു.

  READ ALSO- Pada Trailer | ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്;പട ട്രെയ്‌ലര്‍

  ഈ നിയമം പിന്‍വലിക്കണമെന്നായിരുന്നു അയ്യങ്കാളിപ്പടയുടെ ആവശ്യം. കോഴിക്കോട് നിന്നും ഏഷ്യാനെറ്റ് വാര്‍ത്താ സംഘം ഉച്ചതിരിഞ്ഞ് രണ്ടരയോടെ പാലക്കാടെത്തി.

  വാര്‍ത്താ സംഘം വന്ന ശേഷം മധ്യസ്ഥ ചര്‍ച്ചകള്‍ പലവട്ടം നടന്നു. ഒടുവില്‍ ഒമ്പത് മണിക്കൂറിന് ശേഷം കളക്ടറെ മോചിപ്പിച്ചു. ഏതാണ്ട് ആറുമണിയോടെ. വിഷയം ഗൗരവമായെടുക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പ് മാത്രം സ്വീകരിച്ചുകൊണ്ടായിരുന്നു അത്. ഈ പ്രശ്‌നം ജനശ്രദ്ധയില്‍ എത്തിക്കുകയായിരുന്നു അയ്യങ്കാളിപ്പടയുടെ ലക്ഷ്യം.

  കളക്ടറെ വിട്ടയച്ചതിന് ശേഷം എഴുതി തയ്യാറാക്കിയിരുന്ന പ്രസ്താവന കല്ലറ ബാബു വായിച്ചു.

  “ഞങ്ങളുടെ ആവശ്യങ്ങള്‍ വളരെ ചെറുതാണ്. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തണം. മനുഷ്യാവകാശ ധാരണങ്ങള്‍ക്കെതിരായ ആദിവാസി ഭൂമിസംരക്ഷണ ഭേദഗതി റദ്ദാക്കണം. മര്‍ദിതരുടെ ഐക്യം തകര്‍ത്ത് നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ചെറുക്കും.”

  മുന്‍ധാരണ പ്രകാരം നാലുപേരേയും പോകാന്‍ അനുവദിച്ചു. പക്ഷെ, പിന്നീട് എല്ലാവരേയും പൊലീസ് അറസ്റ്റ് ചെയ്തു.കളിത്തോക്കും നൂലുണ്ടയും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചാണ് ജില്ലാ കളക്ടറെ ബന്ദിയാക്കിയതെന്ന് അയ്യങ്കാളിപ്പട വെളിപ്പെടുത്തി.

  ഒരു വര്‍ഷത്തെ തടവ് ശിക്ഷയേക്കുറിച്ചുള്ള കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ തുടരുകയാണ്. സംസ്ഥാനത്തെ ആദിവാസികളുടെ സമരചരിത്രത്തിലെ നിർണായക സംഭവങ്ങളിലൊന്നായി ഇത് രേഖപ്പെടുത്തപ്പെട്ടു.

  കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനായകന്‍, പ്രകാശ് രാജ് എന്നിവരാണ് പടയിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

  സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. തമാശക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് 'പട'. ഷാന്‍ മുഹമ്മദാണ് പടയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.

  വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട. മാര്‍ച്ച് 10 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
  Published by:Arun krishna
  First published: