നടപ്പിലും എടുപ്പിലും ഒരു പട്ടാളക്കാരന്റെ എല്ലാ ഭാവങ്ങളും പെരുമാറ്റവുമുള്ള നടനായിരുന്നു ജോസ് പ്രകാശ്. മലയാള സിനിമയിൽ അഞ്ചു പതിറ്റാണ്ട് കാലം നായകനായും വില്ലനായുമെല്ലാം നിറഞ്ഞു നിന്ന ചങ്ങനാശേരിക്കാരൻ കുന്നേല്‍ ബേബി ജോസഫ് എന്ന ജോസ് പ്രകാശിന്റെ ഒമ്പതാം ചരമവാർഷികമാണിന്ന്.
കോട്ടും സ്യൂട്ടും ധരിച്ച് ചുണ്ടിൽ എരിയുന്ന പൈപ്പുമായി നായകനെ വിറപ്പിച്ച വില്ലനും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും മലയാളികൾക്കിടയിൽ സൂപ്പർഹിറ്റാണ്. വില്ലനായും സഹനടനായും നായകനായും ജോസ് പ്രകാശ് തിളങ്ങി നിന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്തവർക്കു വരെ അദ്ദേഹത്തിന്റെ ഡയലോഗുകൾ കാണാപാഠമാണ്. 'ജോസ് പ്രകാശിന്റെ കൊള്ള സങ്കേതം', മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുമ്പോഴുള്ള സംഭാഷണം, എന്നിവയെല്ലാം ട്രോളന്മാരുടേയും യുവാക്കളുടേയും കുട്ടികളുടേയുമെല്ലാം ഇഷ്ട വിഷയമാണ്. 1979ല്‍ പുറത്തിറങ്ങിയ 'വിജയനും വീരനും' എന്ന ചിത്രത്തിലെ ജോസ് പ്രകാശ് പറയുന്ന 'ഹലോ മിസ്റ്റര്‍ പെരേര.. എന്ന ഡയലോഗ് മലയാളികൾ ഒരിക്കലും മറക്കില്ല.
നാടകത്തിലും സിനിമയിലും സജീവമാകുന്നതിനു മുമ്പ് പട്ടാളത്തിലായിരുന്നു ജോസ്പ്രകാശ്. 1942-ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് റോയൽ ആർമിയിൽ ലാൻസ് നായിക് ആയി ചേർന്നു. പട്ടാളക്കാരനായി ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. സിങ്കപ്പൂർ, ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു.
പാട്ടുകാരനാകാൻ മോഹിച്ച് സിനിമയിലെത്തിയ ജോസ് പ്രകാശിന് മലയാള സിനിമ കാത്തുവെച്ചത് നിത്യഹരിത വില്ലൻ എന്ന പട്ടമായിരുന്നു. അമ്പതിലേറെ വര്‍ഷക്കാലത്തെ സിനിമാ ജീവിതത്തിൽ മുന്നൂറ്റിയമ്പതിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1953 തുടങ്ങിയ സിനിമാ ജീവിതം അവസാനിക്കുന്നത് 2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ്.
Also Read-
Barroz Mohanlal | ബറോസ് ചിത്രീകരണം നാളെ മുതൽ, ഒപ്പമുണ്ടാവണമെന്ന് മോഹൻലാൽ"നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം." ട്രാഫിക്കിലെ ഈ ഡയലോഗ് പോലും പിന്നീട് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറി.
1925 ജോസ് പ്രകാശിന്റെ ജനനം. കുന്നേല്‍ ബേബി ജോസഫ് എന്നായിരുന്നു യഥാർത്ഥ പേര്. 2012ല്‍ 86ാം വയസ്സിലാണ് മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ അരങ്ങൊഴിയുന്നത്. 1953ൽ പുറത്തിറങ്ങിയ തിക്കുറിശ്ശിയുടെ ആദ്യ സംവിധാന സംരഭമായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ ചെറിയവേഷത്തിലും ജോസ് പ്രകാശ് അഭിനയിച്ചു. ശശികുമാർ സംവിധാനം ചെയ്ത '1968 ൽ പുറത്തിറങ്ങിയ ലവ് ഇൻ കേരളയിലെ വില്ലൻ വേഷമാണ് അഭിനയ ജീവിതത്തിൽ വഴിത്തിരവായത്.
നാടകത്തിനും സിനിമയ്ക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2011-ലെ ജെ.സി. ദാനിയേൽ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പട്ടിണിപ്പാവങ്ങൾ, പോലീസ് സ്റ്റേഷൻ, സാത്താൻ ഉറങ്ങുന്നില്ല, രണ്ടു തെണ്ടികൾ എന്നീ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.