• HOME
 • »
 • NEWS
 • »
 • film
 • »
 • പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു; ഓർമയാകുന്നത് ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി

പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു; ഓർമയാകുന്നത് ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി

അഞ്ച് തവണ ദേശീയ അവാർഡ് നേടിയ ഇതിഹാസ ചലച്ചിത്രകാരൻ

കെ. വിശ്വനാഥ്

കെ. വിശ്വനാഥ്

 • Share this:

  ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട  സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരൻ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാർഡ് നേടിയ വിശ്വനാഥ് വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു.

  ചെന്നെയിലെ വാഹിനി സ്റ്റുഡിയോയിൽ ഓഡിയോഗ്രാഫറായാണ് വിശ്വനാഥ് തന്റെ കരിയർ ആരംഭിച്ചത്. സൗണ്ട് എഞ്ചിനീയർ എന്ന നിലയിൽ ഒരു ചെറിയ സമയത്തിനുശേഷം, ചലച്ചിത്ര നിർമാതാവായ അദുർതി സുബ്ബ റാവുവിന്റെ കീഴിൽ അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1951 ൽ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയിൽ സഹസംവിധായകനായി. 1965ൽ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സംസ്ഥാന നാന്ദി അവാർഡ് ആദ്യ സിനിമയിലൂടെ തന്നെ കരസ്ഥമാക്കി.

  1980ൽ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി. അവിശ്വസനീയമായ വിജയമായിരുന്നു ചിത്രം നേടിയത്. കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് രണ്ട് വ്യത്യസ്ത തലമുറകളിൽ നിന്നുള്ള ആളുകളുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

  Also Read- 14 വർഷത്തിനു ശേഷം വിജയും തൃഷയും വീണ്ടും; ലോകേഷ് കനകരാജ് ചിത്രത്തിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

  നാല് ദേശീയ പുരസ്കാരങ്ങളാണ് ശങ്കരാഭരണം നേടിയത്. സുർ സംഗം എന്ന പേരിൽ സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോഴും സംവിധായകന് മാറ്റമുണ്ടായില്ല.

  ശങ്കരാഭരണത്തിന്റെ വൻവിജയത്തിന് പിന്നാലെ സംഗീതം പശ്ചാത്തലമാക്കിയ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സാഗര സംഗമം, സ്വാതി കിരണം, സ്വർണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അതിൽ ചിലതുമാത്രം.

  1985-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രം സ്വാതി മുത്യം, ഒരു യുവവിധവയെ രക്ഷിക്കാൻ വരുന്ന ബുദ്ധി വളർച്ചയില്ലാത്ത വ്യക്തിയായി കമൽഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു, അക്കാദമി അവാർഡുകൾക്കുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായി ചിത്രം നാമനിർദേശം ചെയ്യപ്പെട്ടു.

  Also Read- 700 കോടിയിലേക്ക് കുതിച്ച് പഠാൻ; ഒടിടി അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം

  1979ൽ സർഗം എന്ന സിനിമയിലൂടെ വിശ്വനാഥ് ബോളിവുഡിലുമെത്തി. സിരി സിപി മുവ്വ എന്ന തന്റെ തെലുങ്ക് സിനിമയുടെ റീമേക്കായിരുന്നു ഇത്. കാംചോർ, ശുഭ് കാമന, ജാഗ് ഉതാ ഇൻസാൻ, സൻജോഗ്, ഈശ്വർ, ധൻവാൻ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഹിന്ദി ചിത്രങ്ങളാണ്.

  ബോളിവുഡിൽ രാകേഷ് റോഷനുമായി സഹകരിച്ച് പ്രവർത്തിച്ചു. ഐ‌എ‌എൻ‌എസിന് നൽകിയ അഭിമുഖത്തിൽ സിനിമാ സംവിധാനത്തെ കുറിച്ച് എല്ലാ കാര്യങ്ങളും വിശ്വനാഥിൽ നിന്നാണ് പഠിച്ചതെന്ന് രാകേഷ് റോഷൻ പറഞ്ഞിരുന്നു.

  2010ൽ പുറത്തിറങ്ങിയ ശുഭപ്രദം ആയിരുന്നു സംവിധാനം ചെയ്ത അവസാന സിനിമ. തെലുങ്ക്, തമിഴ് സിനിമകളിലായി 25ഓളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

  1992ൽ പത്മശ്രീ പുരസ്കാരവും 2017ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. നാൽപതുവർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടെ എട്ടുതവണ ഫിലിംഫെയർ പുരസ്കാരവും കെ വിശ്വനാഥിന് ലഭിച്ചു.

  Published by:Rajesh V
  First published: