• HOME
 • »
 • NEWS
 • »
 • film
 • »
 • Film Review 'ആവാസവ്യൂഹം' നിങ്ങൾ ഇതുവരെ കാണാത്ത അവാർഡ് ചിത്രം

Film Review 'ആവാസവ്യൂഹം' നിങ്ങൾ ഇതുവരെ കാണാത്ത അവാർഡ് ചിത്രം

രണ്ട് സംസ്ഥാന അവാർഡ് കിട്ടിയ ചിത്രമാണ് എന്നത് മറന്നിട്ടു വേണം കാണാനിരിക്കാൻ

 • Share this:
  വെറുതെ ഒന്നാലോചിച്ചു നോക്കിയെ. പുറത്തിറങ്ങാത്ത ഒരു മലയാള സിനിമയ്ക്ക് മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കും ഒക്കെയുള്ള സംസ്ഥാന അവാർഡ് കിട്ടിയാൽ പിന്നെ.. 'തീർന്നെടാ തീർന്നു'. അത് പിന്നെ '916' 'അവാർഡ് പടം' തന്നെ. ഒരുമാതിരി ജീവനിൽ കൊതിയുള്ള ആളുകളൊന്നും പിന്നെ ആ സിനിമയുടെ വഴിയ്ക്ക് പോകില്ല. ഇനി ഏതെങ്കിലും കാരണത്താൽ കാണാതിരിക്കാൻ നിവൃത്തിയില്ലാതെ പോകുന്നവരാകട്ടെ അത് തന്ത്രപൂർവം ഉറക്കഗുളികയ്ക്ക് പകരമായി ഉപയോഗിക്കുകയും ചെയ്യും.

  അതുകൊണ്ടാണ് ഐഎഫ്എഫ്കെ -(IFFK)യിൽ ഏറെ ആരാധകരെ സ്വന്തമാക്കിയതാണ് എങ്കിലും മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കും 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ (Kerala State Film Awards) നേടിയ മലയാള ചിത്രമാണ് എന്ന് കേൾക്കുമ്പോ സാധാരണ പ്രേക്ഷകന് ഒരു അകൽച്ച തോന്നിയേക്കാം. പിന്നെ 'ആവാസവ്യൂഹം' (Avasavyuham)എന്ന പേരും സംശയം ജനിപ്പിച്ചേക്കാം.

  എന്നാലിതാ രണ്ട് സംസ്ഥാന അവാർഡൊക്കെ കിട്ടിയതിന്റെ  'എയർ ' ഒന്നും പിടിക്കാതെ അത്ഭുതകരമായ രണ്ട് മണിക്കൂർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.  ഡോക്യുമെന്‍ററി, ഡോക്യുഫിക്ഷന്‍, അഭിമുഖം, ത്രില്ലർ, കോമഡി, സറ്റയർ തുടങ്ങി മോക്യൂമെന്ററി എന്ന തരത്തിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യർക്കൊപ്പം മറ്റു ജീവജാലങ്ങളുമടങ്ങിയ പ്രകൃതിയെന്ന വലിയ കാന്‍വാസിലാണ് കഥ തുടങ്ങുന്നത്. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത് എന്നൊക്കെ വിശാലമായി പറയാം എന്നാലും നമ്മൾ ഇന്നുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിൻ്റെ നടപ്പു വഴി.

  കടലും കരയും ഒന്നുചേരുന്ന പുതുവൈപ്പ് എന്ന പ്രദേശമാണ് പശ്ചാത്തലം.പ്രദേശം കഥയെ സജീവമാക്കി ഇഴപാകിയെടുക്കുന്നതിൽ നല്ലപങ്ക് വഹിച്ചിട്ടുണ്ട്. ബംഗാളിയായും ശ്രീലങ്കക്കാരനായും ഒക്കെ കരുതുന്ന ജോയ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് പടം.ഓരോ അധ്യായങ്ങളായാണ് അയാളുടെ ജീവിതം പരിചയപ്പെടുത്തുന്നത്. അയാൾ സ്വാധീനം ചെലുത്തിയിട്ടുള്ള കഥാപാത്രങ്ങളുടെ വിവരണത്തിലൂടെയാണ് അയാളേക്കുറിച്ചും അയാളുടെ അമാനുഷികതയേക്കുറിച്ചും അറിയാനാകുന്നത്. ചില പ്രത്യേക തരം ശബ്‍ദങ്ങള്‍ പുറപ്പെടുവിച്ച് മത്സ്യങ്ങളേയും കടൽ ജീവികളെയും തവളകളേയുമൊക്കെ വിളിച്ചുവരുത്താനുള്ള കഴിവ് അയാൾക്കുണ്ടായിരുന്നു. ഒപ്പം അസാമാന്യമായ കരുത്തും. ഇത് രണ്ടും അയാളുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചു.  ഒരു ഡോക്യുമെന്‍ററിയിലേതുപോലെ പ്രകൃതിയേക്കുറിച്ചും അതിലെ സൂക്ഷ്മവും വൈവിധ്യവുമാർന്ന ജീവവർഗ്ഗങ്ങളേക്കുറിച്ചും അവയുടെ വാസസ്ഥലങ്ങളെക്കുറിച്ചും  പ്രത്യേകതകളേക്കുറിച്ചും അവ നേരിടുന്ന ഭീഷണികളേക്കുറിച്ചും ആവാസവ്യൂഹം ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. ഒപ്പം വിവിധ മേഖലയിലെ വിദഗ്ധര്‍ ആധികാരികതയോടെ നൽകുന്ന വിവരണവും വരുന്നു. കഥാപാത്രങ്ങള്‍ കാമറയ്ക്ക് അഭിമുഖം നല്‍കുന്ന രീതിയിലാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ടെലിവിഷൻ കാഴ്ചകളുടെ ലോകത്ത് പരിചിതമായ ഒരു രീതി.ഒപ്പം വ്യർത്ഥമായ ചർച്ചകളും ഇതിനൊപ്പം പോകുന്നു.അസാധാരണമായ അവതരണ ശൈലിയാണ് പിന്തുടർന്നതെങ്കിലും രസച്ചരട് മുറിക്കാതെയിരിക്കാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത കൃഷാന്ദ് ആർ.കെ.(Krishand RK) വിജയിച്ചിട്ടുണ്ട്.

  രാഹുൽ രാജഗോപാൽ, ശ്രീനാഥ് ബാബു,നിലീൻ സാന്ദ്ര, ഴിൻസ് ഷാൻ, ഗീതി സംഗീത എന്നിവരാണ് പ്രധാന അഭിനേതാക്കൾ . കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാഹുലിനെ 'കരിക്കി'(വെബ് സീരീസ് )ലൂടെ പലരും കണ്ടിട്ടുണ്ടാകും. മറ്റ് അഭിനേതാക്കളും മികച്ച രീതിയിലാണ് തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തത്.

  വിഷ്ണു പ്രഭാകറിന്‍റെ ഛായാഗ്രഹണവും അജ്മല്‍ ഹസ്ബുള്ളയുടെ സംഗീതവും ഉഗ്രൻ. രംഗങ്ങൾക്ക് പറ്റുന്ന തരത്തിൽ ഛായാഗ്രഹണവും സംഗീതവും ചേരുന്നു. സൗണ്ട് ഡിസൈനറായ പ്രശാന്ത് പി മേനോൻ ദൃശ്യങ്ങൾക്കൊപ്പം നടത്തിയ മികച്ച ശബ്ദ സന്നിവേശവും കിറുകൃത്യമായ എഡിറ്റിംഗ് നടത്തിയ രാകേഷ് ചെറുമഠവും ചിത്രത്തെ പൂർണമാക്കുന്നു.  അങ്ങനെ പറഞ്ഞു വരുമ്പോ മലയാള സിനിമയെ പുതിയ കാലത്തേക്ക് നയിക്കാൻ കരുത്തുള്ള ഈ 'ആവാസവ്യൂഹം' തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. കടലും കരയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും, ഇവിടത്തെ ജീവജാലങ്ങളിലെ വൈവിധ്യവും അവ നേരിടുന്ന വംശനാശ ഭീഷണിയും,    പ്രകൃതിനിയമങ്ങളെ മറികടക്കുന്ന മനുഷ്യരുടെ ഇടപെടലുകളും  അവന്റെ ആർത്തിയും  ചിത്രം പകർത്തുന്നു .ഒപ്പം കുറച്ച് നർമത്തോടെ നാം ജീവിക്കുന്ന ലോകത്തെയും. കര, കായൽ, മീൻ,ആമ, തവള, തുമ്പി, പുഴു, പാമ്പ്, പക്ഷികൾ എന്നിങ്ങനെ പ്രകൃതി നിർമിച്ച ആവാസവ്യവസ്ഥയെക്കുറിച്ച് ഇത്രയധികം ആഴത്തിൽ ഗവേഷണവും ഡീറ്റൈലിങ്ങും നടത്തിയ ചിത്രങ്ങൾ നമ്മുടെ ഭാഷയിൽ അധികമുണ്ടാവില്ല. അതീവ ഗൗരവമായ ഒരു പ്രമേയം ട്രോളുകൾ തോൽക്കുന്ന കടുത്ത പരിഹാസത്തിനൊപ്പം സന്നിവേശിപ്പിച്ചതിനാൽ ഒട്ടും മുഷിച്ചിലുണ്ടാകില്ലെന്ന് മാത്രമല്ല, രസകരമായി കണ്ടിരിക്കാൻ സാധിക്കുമെന്നും ഉറപ്പ്. അങ്ങനെ എപ്പഴും കിട്ടുന്ന ഒന്നാവില്ല അത്. പടം സോണി live ൽ.
  Published by:Chandrakanth Viswanath
  First published: