• HOME
  • »
  • NEWS
  • »
  • film
  • »
  • Kantara | കാന്താര 400 കോടി ക്ലബ്ബിൽ; കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം

Kantara | കാന്താര 400 കോടി ക്ലബ്ബിൽ; കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം

റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം ഇപ്പോഴും ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്

  • Last Updated :
  • Share this:
    ഋഷഭ് ഷെട്ടിയുടെ കാന്താര ബോക്‌സ് ഓഫീസില്‍ 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ കര്‍ണാടകയിലെ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഏവരെയും ഞെട്ടിക്കുന്നത്. റിലീസ് ചെയ്ത് 50-ാം ദിവസം ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ന്റെ കളക്ഷനെയാണ് മറികടന്നത്. ശ്രീനിധി ഷെട്ടിയും യാഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് 2 കര്‍ണാടകയില്‍ 155 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഇതിനെ മറികടന്ന് 168.50 കോടി രൂപയാണ് കാന്താര സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടം കൂടി കാന്താര നേടിയിരിക്കുകയാണ്.

    ഇതുവരെയുള്ള കണക്ക് പ്രകാരം മൊത്തം 393.31 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതില്‍ 359.31 കോടി രൂപ ഇന്ത്യയില്‍ നിന്നുള്ളതാണ്. 34 കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പൂര്‍ത്തിയായെങ്കിലും, ഓസ്ട്രേലിയ, യുകെ, കാനഡ, യുഎഇ, യുഎസ്എ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 1,000ത്തിലധികം സ്‌ക്രീനുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ ഇപ്പോഴും 900-ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആഗോളതലത്തില്‍ 400 കോടി രൂപയാണ് കാന്താരയുടെ കളക്ഷന്‍.

    ഋഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര സെപ്തംബര്‍ 30 നാണ് തിയറ്ററുകളിലെത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകള്‍ കാണാനും പ്രേക്ഷകർ നിരവധിയാണ്. റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം ഇപ്പോഴും ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്.

    ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കാന്താരയുടെ പ്രധാന ആകര്‍ഷണം ഭൂത കോല എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത നൃത്തമാണ്. റിഷബ്, കിഷോര്‍, അച്യുത് കുമാര്‍, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെത്തിച്ചത്.

    Also Read- 'കാന്താരാ ഇന്ത്യയുടെ അടുത്ത ഓസ്കാര്‍ എന്‍ട്രിയാകും'; സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് പുറത്തുകടക്കാനാവുന്നില്ലെന്ന് കങ്കണ

    നേരത്തെ, കാന്താരയെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണാവത് രംഗത്തെത്തിയിരുന്നു. മികച്ച അനുഭവമാണ് സിനിമ സമ്മാനിച്ചതെന്നും തനിക്ക് അതില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കങ്കണ പറഞ്ഞിരുന്നു. ഇന്ത്യയുടെ അടുത്ത ഓസ്‌കര്‍ എന്‍ട്രി ആയിരിക്കും കാന്താരയെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കങ്കണ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
    Published by:Anuraj GR
    First published: