രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിലെ തന്റെ രാവണ വേഷത്തെ കുറിച്ച് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ നടത്തിയ പരാമർശം വിവാദമായിരുന്നു. രാവണനെ മാനുഷിക വത്കരിക്കുന്നതിനെക്കുറിച്ചും സീതയെ തട്ടിക്കൊണ്ടുപോയതിനെ ന്യായീകരിക്കുന്നതിനെക്കുറിച്ചുമുള്ളതാണ് ചിത്രമെന്ന സെയ്ഫിൻറെ പരാമർശമാണ് വിവാദമായത്. ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സെയ്ഫ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് വിവാദമായതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
'ഒരു രാക്ഷസ രാജാവിനെ അവതരിപ്പിക്കുന്നത് രസകരമാണ്, കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതയെ തട്ടിക്കൊണ്ട് പോയതിനെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ ന്യായീകരിക്കുന്നു. രാവണൻറെ സഹോദരി ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്മണൻ ഛേദിച്ചതല്ലേ- അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞു.
എന്നാൽ പരാമർശത്തിനെതിരെ
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി.
സെയ്ഫ് അലിഖാനെ ബഹിഷ്കരിക്കണമെന്നും ചിത്രത്തിൽ നിന്ന് സെയ്ഫിനെ നീക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയത്. #RemoveSaifSaveAdipurush #WakeUpOmraut , എന്ന ഹാഷ്ടാഗുകളോടെയാണ് സെയ്ഫിനെതിരേയുള്ള
പ്രതിഷേധം ശക്തമായത്.
പരാമർശം വിവാദമായതോടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു പ്രസ്താവനയിലാണ് അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്. 'ഒരു അഭിമുഖത്തിനിടെ എന്റെ ഒരു പ്രസ്താവന വിവാദത്തിന് കാരണമായെന്നും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഞാനറിഞ്ഞു. ഇത് ഒരിക്കലും മനഃപൂർവം ചെയ്തതല്ല. എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രസ്താവന പിൻവലിക്കാനും ഞാൻ ആഗ്രഹിക്കുന്നു. രാമൻ എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥയ്ക്ക് യാതൊരു വികലവുംവരുത്താതെ അവതരിപ്പിക്കാൻ മുഴുവൻ ടീമും ഒരുമിച്ച് പ്രവർത്തിക്കുന്നു-അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രഭാസ് നായകനായ ആദിപുരുഷ് ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ ഭാഷകൾക്കു പുറമേ വിദേശ ഭാഷകളിലും ഡബ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.