കടുത്ത മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞാണ് മഞ്ജു വാര്യർ നായികയായ മോഹൻലാൽ എന്ന സിനിമ എത്തിയത്. മീനുക്കുട്ടി എന്ന കട്ട മോഹൻലാൽ ആരാധികയുടെ കഥ ആയിരുന്നു 'മോഹൻലാൽ' എന്ന സിനിമ. 'ഞാൻ ജനിച്ചന്ന കേട്ടൊരു പേര്, പിന്ന ആഘോഷമായൊരു പേര്' എന്നാണ് അതിലെ ഒരു ഗാനത്തിലെ വരികൾ. ഇന്ന് മോഹൻലാലിന്റെ പിറന്നാളാണ്.
ആരാധകരും സഹപ്രവർത്തകരും താരങ്ങളുമെല്ലാം മോഹൻലാലിനെ ആശംസകൾ കൊണ്ട് മൂടുകയാണ്. അപ്പോഴാണ് 'മോഹൻലാൽ ഉടുപ്പ്' അണിഞ്ഞ് ഒരു കുഞ്ഞു ആരാധിക ലാലേട്ടന് ആശംസ അറിയിക്കുന്നത്.
അതിഥി എന്ന കുഞ്ഞുതാരമാണ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ ഒരു ആശംസ ഒരുക്കിയിരിക്കുന്നത്. കാൽപാദം വരെ ഇറക്കമുള്ള ഒരു ഉടുപ്പ്. ആ ഉടുപ്പ് നിറയെ മോഹൻലാൽ. ഓരോ പടവും വ്യത്യസ്തമാണ്. ഉടുപ്പിലെ ഓരോ മോഹൻലാൽ ചിത്രവും മോഹൻലാലിന്റെ ഏതെങ്കിലും സിനിമയിലെ കഥാപാത്രമാണ്.
ഈ ഉടുപ്പ് പിറന്നതിനു പിന്നിൽ അതിഥി കുട്ടിയുടെ വാശിയുമുണ്ട്. അതിഥിയുടെ വാശിയെ തുടർന്ന് അമ്മയാണ് ഡിസൈൻ തയ്യാറാക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ മരയ്ക്കാർ വരെയുള്ള പ്രധാന കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വെച്ച് കൊളാഷ് തയ്യാറാക്കിയാണ് ഡിസൈൻ ചെയ്തത്. അതിനു ശേഷം തുണിയിൽ പ്രിന്റ് ചെയ്ത് എടുക്കുകയായിരുന്നു.
പിറന്നാൾ ദിനത്തിൽ രാവിലെ തന്നെ ലാലേട്ടന് അതിഥികുട്ടി വീഡിയോ അയച്ചു കൊടുത്തു. ലാലേട്ടന് നന്ദിയും അറിയിച്ചു. ഷാർജയിലെ ഡൽഹി - ഷാർജ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അതിഥി ജനിച്ചതും വളർന്നതുമെല്ലാം ഷാർജയിൽ തന്നെയാണ്.
അതിഥി നല്ലൊരു നർത്തകി കൂടിയാണ്. ടിക് ടോകിലും ആള് സജീവമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന സിനിമയിൽ നവ്യ നായരുടെ മകളായി അഭിനയിച്ചിട്ടുണ്ട്.
ഷാർജയിലെ സൗഹൃദ കൂട്ടായ്മയിൽ ഉള്ളവരാണ് അതിഥിക്ക് ഈ ഉടുപ്പ് തയ്യാറാക്കി നൽകിയത്. റോഷ്ണി - ഷെബിൻ ദമ്പതികളുടെ ഏകമകളാണ് അതിഥി. നാട്ടിൽ തൃശൂരാണ് സ്വദേശം. ദുബായിലുള്ള ഡിസൈർ ബ്ലൂ കുഞ്ഞു മോഹൻലാൽ ആരാധികയ്ക്ക് ആയി ഈ ഉടുപ്പ് തയ്യാറാക്കിയത്. ഷാർജയിലെ അൽ സഫ ഗാർമെന്റസ് ആണ് കോസ്റ്റ്യൂം. ബിപിൻ ആണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.