12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'എലോണി'ല്‍ സഹസംവിധായകനായി മകന് ജഗനും. ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരായ ജഗന്നാഥനെ ഓര്‍മ്മപ്പെടുത്തും വിധത്തിലാണ് ജഗന് എന്ന പേര് മകനിട്ടതെന്ന് ഷാജി കൈലാസ് പറഞ്ഞു.
നേരത്തെ അഹാന കൃഷ്ണകുമാറിനെ പ്രധാനകഥാപാത്രമാക്കി 'കരി' എന്നൊരു മ്യൂസിക്കല്‍ വിഡിയോ ജഗന് സംവിധാനം ചെയ്തിരുന്നു. നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയില്‍ സംവിധാനസഹായിയായിരുന്നു. ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗന്. ഷാരോണ്‍, റോഷന് എന്നിവരാണ് ജഗന്റെ സഹോദരങ്ങള്‍.
കഴിഞ്ഞദിവസമാണ് 'എലോണ്‍' എന്ന പേര് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകന് ഷാജി കൈലാസിന്റെയും സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ ആണ് പ്രഖ്യാപിച്ചത്.
'ഷാജിയുടെ നായകന്മാര് എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന് എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും', എന്ന മുഖവുരയോടെയായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദന് രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡ!!ോണ്മാക്സ്. സംഗീതം ജേക്സ് ബിജോയ്.
ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം.
2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.