മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എഴുപതിന്റെ നിറവിലേക്ക് കടക്കുകയാണ് നാളെ. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാവരും മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍. ചൊവ്വാഴ്ച പിറന്നാളാശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടാല്‍ ആരെങ്കിലും ആ പോസ്റ്റ് കാണുമോ എന്നാണ് താരത്തിന്റെ ചോദ്യം. സ്വീറ്റ് 70 എന്ന ഹാഷ്ടാഗോടെയാണ് ഷമ്മി തിലകന്റൈ ആശംസ.
തരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് ഇന്ന് പിറന്നാള്‍ ആശംസ നേര്‍ന്നതിനെ ചോദ്യം ചെയ്ത് എത്തിയിരിക്കുന്നത്. പിറന്നാള്‍ നാളെയാണെന്ന ഒരാളുടെ കമന്റിന് 'ഞാന്‍ അത് ഇന്നാക്കി..! നാളെ ആയാല്‍ എന്റെ ഈ സന്ദേശം ആര് കാണാന്‍' എന്നായിരുന്നു താരത്തിന്റെ മറുപടി.
1951 സെപ്റ്റംബര്‍ ഏഴിന് വൈക്കം ചെമ്പില്‍ ജനിച്ച അദ്ദേഹം 1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയത്.
പാണപ്പറമ്പില്‍ മുഹമ്മദ് കുട്ടി ഇസ്മയീല്‍ എന്ന പേര് പിന്നീട് മമ്മൂട്ടി എന്നാക്കുകയായിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്.
പിന്നീട് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രധാനവേഷം ലഭിച്ചു. 1980ല്‍ നായകനായ ആദ്യ ചിത്രം ഇറങ്ങി. കെ.ജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ മേള എന്ന സിനിമയായിരുന്നു അത്. അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്. 2 വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ അഭിനയത്തിലേക്ക് കടന്നത്.
മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയര്‍ അവാര്‍ഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. 1998 ല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്‍ഡ്യന്‍ ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 2010 ല്‍ കോഴിക്കോട് സര്‍വകലാശാലയും കേരള സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി.