മയക്കുമരുന്ന് ഇടപാടിൽ റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗബിക് ചക്രബർത്തിയേയും സുശാന്ത് സിങ്ങിന്റെ മാനേജർ സാമുവൽ മിരാൻഡയേയും നാർകോട്ടിക്സ് ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 9 വരെയാണ് കസ്റ്റഡി കാലാവധി.
നാളെ ഷൗബിക്കിനൊപ്പം റിയ ചക്രബർത്തിയേയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മിരാൻഡയേയും റിയയയുടെ സഹോദരനേയും നാർകോടിക്സ് ബ്യൂറോ
അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് മുമ്പായി ഇരുവരുടേയും വീടുകളിൽ ഉദ്യോഗസ്ഥർ
പരിശോധന നടത്തിയിരുന്നു. ലഹരി ഇടപാടുകാരനായ അബ്ദുല്‍ ബാസിത് പരിഹാർ എന്നയാളിൽ നിന്ന് ഷൗബിക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വാങ്ങിയിരുന്നുവെന്നും ഗൂഗിൽ പേ വഴി പണം കൈമാറിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
സുശാന്തിന് വേണ്ടി കഞ്ചാവ് എത്തിച്ചു നൽകിയതായി സാമുവൽ മിരാൻഡ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. 2019 സെപ്റ്റംബർ മുതൽ 2010 മാർച്ച് വരെ ഇത് തുടർന്നിരുന്നു.
സുശാന്തിന്റെ മരണത്തിന് പിന്നാലെ നിരവധി വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്താലാണ് നാർക്കോട്ടിക്സ് ബ്യൂറോയും അന്വേഷണത്തിനെത്തിയത്. കൂടാതെ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷിക്കുന്നുണ്ട്. റിയയ്ക്കെതിരെ സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിലാണ് അന്വേഷണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.