ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിത കഥ പറയുന്ന 'സൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ പലരും മൂക്കത്തു വിരൽ വച്ചു പോയി. തങ്ങൾ ഈ കാണുന്നതു ശ്രദ്ധയോ അതോ സൈനയോ? ഈ ഒറ്റ ചിത്രം പറയുന്നുണ്ട് മാസങ്ങളുടെ അധ്വാനം എത്രത്തോളമുണ്ടെന്ന്. രൂപത്തിലും മുഖ ഭാവത്തിലും അത്ര കണ്ടു സാമ്യമുണ്ട് രണ്ടു പേർക്കും. ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ കപൂർ തൻറെ ചിത്രം പങ്കു വച്ച നിമിഷം മുതൽ അടങ്ങിയിരുന്നില്ല ആരാധകർ. കഥയിൽ രണ്ടു താരങ്ങൾ എന്നിരിക്കെ, സൈനയുടെയും ശ്രദ്ധയുടെയും ആരാധക വൃന്ദം ഇത് ഒരുപോലെ ആഘോഷിക്കുകയാണ്.
ഈ കഥാപാത്രത്തെ കുറിച്ചു നൽകിയ അഭിമുഖ സംഭാഷണത്തിൽ അവർ ഇങ്ങനെ പറഞ്ഞിരുന്നു: "കഥാപാത്രത്തിനായി ഞാൻ 40 ബാഡ്മിന്റൺ ക്ലാസ്സുകളിൽ പങ്കെടുത്തു. ഇത് വളരെ കഠിനമായ കളിയാണ്. പക്ഷെ ഞാൻ അതാസ്വദിക്കുന്നു. ഒരു കായികതാരത്തിന്റെ ജീവിതത്തെ കുറിച്ചു പഠിക്കാനാവുക എന്നതു നല്ലൊരു കാര്യമാണ്. മിസ്സുകളിലും, പരിക്കുകളിലും, വിജയങ്ങളിലൂടെയും കടന്നു പോവുന്ന സൈനയുടെ യാത്ര വളരെ അധികം താൽപ്പര്യം ഉണ്ടാക്കുന്നു."
തൻറെ ജീവിതത്തിലും സമാന അനുഭവങ്ങൾ ഉണ്ടായതിയനാൽ സൈനയായി പരിണമിക്കാൻ അത്ര പ്രയാസമുണ്ടായില്ല ശ്രദ്ധക്ക്. "മറ്റൊരു മേഖലയിൽ അത്തരം അനുഭവങ്ങളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. എന്തെല്ലാം സംഭവിച്ചിട്ടും, അവർ തൻറെ ലക്ഷ്യം മറന്നില്ല. അതാണ് ഏറ്റവും ആവേശം പകരുന്നതും," ശ്രദ്ധ പറയുന്നു.
23 ൽ പരം അന്താരാഷ്ട്ര ബാഡ്മിന്റൺ കളികൾ വിജയിച്ചു ഇന്ത്യയുടെ അഭിമാനം ഉയർത്തിയ കളിക്കാരിയാണ് സൈന. സ്റ്റാൻലി ക ഡബ്ബ സംവിധാനം ചെയ്ത അമോൽ ഗുപ്തയുടേതാണ് കഴിഞ്ഞ ആഴ്ച ഷൂട്ടിംഗ് ആരംഭിച്ച ചിത്രം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.