ഇരട്ടക്കുട്ടികളുടെ അമ്മയായി ഗായിക ചിന്മയി ശ്രീപദ(Chinmayi Sripada). സോഷ്യൽമീഡിയയിലൂടെ ചിന്മയിയുടെ ഭർത്താവ് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് മാതാപിതാക്കളായ വിവരം അറിയിച്ചത്. ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്.
കുഞ്ഞുകൈകളുടെ ചിത്രങ്ങളാണ് ദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. കുഞ്ഞുങ്ങളുടെ പേരും ഗായിക വെളിപ്പെടുത്തിയിട്ടുണ്ട്. ദ്രിപതാഹ്, ഷർവാസ് എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്.
അതേസമയം, വാടകഗർഭപാത്രത്തിലൂടെയാണ് മാതാപിതാക്കളായത് എന്ന ചോദ്യങ്ങൾക്കും ചിന്മയി മറുപടി നൽകിയിട്ടുണ്ട്. ഗർഭിണിയാണെന്ന വാർത്തയോ ചിത്രങ്ങളോ ചിന്മയി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇതേ തുടർന്നാണ് അമ്മയായത് വാടക ഗർഭപാത്രത്തിലൂടെയാണോ എന്ന ചോദ്യങ്ങൾ ഉയർന്നതെന്ന് ചിന്മയി പറയുന്നു.
സ്വകാര്യതയ്ക്ക് വളരെ പ്രധാന്യം നൽകുന്ന വ്യക്തിയാണ് ചിന്മയി. അതിനാൽ തന്നെ അടുപ്പമുള്ളവർക്ക് മാത്രമാണ് ഗർഭിണിയാണെന്ന വിവരം അറിയാമായിരുന്നുള്ളൂ. വ്യക്തിജീവിതം, കുടുംബം, സുഹൃദ് വലയം എന്നിവയെക്കുറിച്ച് താൻ എപ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും ചിന്മയി വ്യക്തമാക്കി.
മാത്രമല്ല, കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ തങ്ങൾ സോഷ്യൽമീഡിയയിൽ ഉടനൊന്നും പങ്കുവെക്കില്ലെന്നും ചിന്മയി അറിയിച്ചു.
2014 ലാണ് ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. 2002-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയപുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട് സർക്കാരിന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഈ ഗാനത്തിലൂടെ ചിന്മയിക്ക് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.